മൂലമറ്റം: മീൻ പിടിക്കാൻ കെട്ടിയിരുന്ന വലയഴിക്കാൻ പോകുന്നതിനിടെ കുളമാവ് ഡാമിൽ വള്ളം മറിഞ്ഞ് മരിച്ച സഹോദരങ്ങളായ ചക്കിമാലി കോയിപ്പുറത്ത് ബിജുവും ബിനുവും ഒരു കുടുബത്തിന്റെ പ്രതീക്ഷയായിരുന്നു. 86 കഴിഞ്ഞ അമ്മ തങ്കമ്മയ്‌ക്കും ബിനുവിന്റെ ഭാര്യ സുജയ്‌ക്കും രണ്ട് മക്കൾക്കും ഏക ആശ്രയമായിരുന്നു ബിനുവും, ബിജുവും.
കഴിഞ്ഞ 21 ന് ആയിരുന്നു ഇവരെ ഇടുക്കി ഡാമിന്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ കാണാതായത്.അപകടത്തിന്റെ ഗൗരവം മനസിലായതോടെ നാട്ടുകാർ ഊണും ഉറക്കവും ഉപേക്ഷിച്ച് തങ്ങളാൽ കഴിയുന്ന വിധം ഇവർക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ബിജു അവിവാഹിതനാണ്. ബിനു വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. സഹോദരങ്ങൾ എന്നതിന് ഉപരി ഇവർ സുഹൃത്തുക്കളെ പോലെയാണ് ജീവിച്ചിരുന്നത്. എന്നും പുലർച്ചെ മീൻ പിടിക്കാൻ പോകുന്ന ഇവർ ഉച്ചയോടെ തിരികെ എത്തുമ്പോൾ ഇവരെ പ്രതീക്ഷിച്ച് എട്ടും ആറും വയസുള്ള ബിനുവിന്റെ കുട്ടികൾ കാത്തിരിക്കാറുണ്ടായിരുന്നു. ഇനി ഇവരുടെ കാത്തിരിപ്പിന് സാന്നിധ്യമായി മാറുവാൻ ബിജുവും. ബിനുവും ഇല്ല.
കൃഷിയിൽ നിന്നും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയാതിരുന്നപ്പോഴാണ് ഇവർ മീൻപിടുത്തത്തിലേക്ക് തിരിഞ്ഞത് .ഇതിൽ തരക്കേടില്ലാത്തവരുമാനം കണ്ടെത്തി വരുന്നതിനിടെയാണ് രംഗബോധമില്ലാതെ വന്ന വിധി കൂടെപ്പിറപ്പുകളെ മരണത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയത്. ഈ സഹോദരങ്ങളെക്കുറിച്ച് പറയുവാൻ നാട്ടുകാർക്കും നൂറു നാവ്. പ്രകൃതിയോട് മല്ലടിച്ച് ജീവിക്കുന്ന ചക്കിമാലി നിവാസികളുടെ ഏതാവശ്യത്തിനും മുന്നിൽ തന്നെ ഉണ്ടായിരുന്നു മരണം കവർന്ന സഹോദരങ്ങൾ .
എപ്പോഴും അടുത്തിടപെട്ടിരുന്ന കുളമാവ് ഡാമിന്റെ ആഴങ്ങളിൽ ഇവരുടെ ജീവൻ പൊലിഞ്ഞുവെന്നത് നാട്ടുകാർ ഏറെ അമ്പരപ്പോടെയാണ് കേട്ടത്.തിങ്കളാഴ്ച രാവിലെ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ ബിനുവും തണുത്ത് മരവിച്ച് ആഴങ്ങളിൽ ഉണ്ടാകുമെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നു. ഇന്നലെ രാവിലെ 9.30ന് ബിനുവിന്റെ മൃതദേഹവും കണ്ടെത്തിയതോടെ ഇവരുടെ വേർപാടിൽ ഒരു ഗ്രാമം മുഴുവൻ കണ്ണീർ പൊഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: