ഡോ. എസ്. ശശരിധരന്നായര്
ആയുര്‍വേദമെന്ന സമഗ്രവൈദ്യശാസ്ത്രം ഓരോ ഋതുക്കളിലും ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് രോഗം വരാതിരിക്കാനും ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വേണ്ടമാര്ഗങ്ങള് വിസ്തരിച്ചു പ്രതിപാദിക്കുന്നുണ്ട്. അതിനെ ഋതുചര്യ എന്നാണു പറയുന്നത്. ആറു ഋതുചര്യകളായാണ് ഒരു വര്‍ഷത്തെ വിഭജിച്ചിരിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ വേനലും വര്‍ഷകാലവും മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഉത്തരഭാരതത്തിലെ തണുപ്പുകാലം കേരളത്തിലും ദക്ഷിണഭാരതത്തിലും കാര്യമായി അനുഭവപ്പെടുന്നില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ അത്യധികമായ ചൂട് അനുഭവപ്പെടുന്ന വേനല്‍ക്കാലമാണ്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വര്‍ഷകാലവും. ഈ കാലയളവില്‍ രണ്ട് മണ്‍സൂണ്‍ കേരളത്തില്‍ ഉണ്ടാകുന്നു. ഇടവപ്പാതി എന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണും തുലാവര്‍ഷം എന്ന വടക്കുകിഴക്കന്‍ മണ്‍സൂണും.
വേനല്‍ കഴിഞ്ഞുവരുന്ന വര്‍ഷകാലത്ത് ശരീരം ദുര്‍ബലമായി തീരുന്നു. പ്രതിരോധശേഷിയും കുറയും. വേനല്‍ക്കാലത്ത് കഫം ക്ഷയിക്കുകയും വാതം വര്‍ധിക്കുകയും ചെയ്യുന്നതാണ് ഇതിനു കാരണം. കഫം ക്ഷയിക്കുമെന്നു പറയുമ്പോള്‍ ശരീരത്തിലെ രക്തവും അസ്ഥിയുമൊഴികെയുള്ള ധാതുക്കളായ മാംസം, മേദസ്സ്, മജ്ജ തുടങ്ങിയവ ക്ഷയിക്കുമെന്നാണ്. മാംസധാതുവിന്റെ ക്ഷയമെന്നാല് ശരീരത്തിലെ പേശികള്‍ക്കും കന്ധരകള്ക്കും സ്നായുക്കള്ക്കുമെല്ലാം ബലക്ഷയമുണ്ടാകുന്നു എന്നാണ്.
ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് വാതമാണ്. ശാസോച്ഛാസം, നടത്തം, കൈകൊണ്ടുള്ള പ്രവൃത്തികള്‍, മലമൂത്രവിസര്‍ജനം എല്ലാം നിയന്ത്രിക്കുന്നത് വാതദോഷങ്ങളാണ്. വേദനയും വാത വര്‍ധനയെ തുടര്‍ന്നാണ് ഉണ്ടാകുന്നത്. ചുരുക്കത്തില്‍ വര്‍ഷകാലത്ത് പേശിസംബന്ധമായും അസ്ഥിസംബന്ധവുമായ അനേകം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
എല്ലാ രോഗങ്ങളും അഗ്നിമാന്ദ്യം നിമിത്തമാണ് ഉണ്ടാകുന്നതെന്നാണ് ആയുര്‍വേദം പറയുന്നത്. അതിനാല്‍ അഗ്നിമാന്ദ്യം കുറയ്ക്കുവാനുള്ള ആഹാരവും ചര്യകളും ഈ കാലത്ത് ശീലിക്കണം. പഴക്കം ചെന്ന അരിയും ഗോതമ്പുമാണ് ഭക്ഷണത്തിന് ഉപയോഗിക്കേണ്ടത്. പഴക്കം കുറഞ്ഞ ധാന്യങ്ങള്‍ ഗുരുത്വം കുറഞ്ഞതാണ്. ആഹാരം മിതമായിട്ടായിരിക്കണം. രാത്രി ലഘുവായ കഞ്ഞിയാണ് നല്ലത്. അതും രാത്രി എട്ടുമണിക്ക് മുമ്പ് കഴിക്കാന്‍ ശ്രദ്ധിക്കണം. ആഹാരം കുറച്ചു ദഹിച്ചതിനു ശേഷമേ ഉറങ്ങാവൂ. ചെറുപയര്‍ സൂപ്പ് ഈ കാലത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. കുടിക്കുവാന്‍ ചുക്ക്, കുരുമുളക്, മല്ലി, തുളസിയില, ഇവയിലേതെങ്കിലും ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പച്ചവെള്ളം ഒരിക്കലും കുടിക്കാന്‍ ഉപയോഗിക്കരുത്. നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കഠിനമായ ശാരീരിക അധ്വാനം കുറയ്ക്കുക. ശരീരശുദ്ധിക്കും ദോഷങ്ങളെ പുറംതള്ളാനും വമനം, വിരേചനം, വസ്തി, നസ്യം എന്നിവ വൈദ്യനിര്‍ദേശമനുസരിച്ച് ശീലിക്കണം.
ആയുര്‍വേദവിധിപ്രകാരമുള്ള തൈലങ്ങള്‍ കൊണ്ടു നടത്തുന്ന അഭ്യംഗം ശരീരത്തിലെ വേദനകളും തരിപ്പും ക്ഷീണവുമെല്ലാം മാറ്റാന്‍ സഹായിക്കുന്നു. അതിനു ശേഷം വിയര്പ്പിക്കലിന്റെ ഭാഗമായുള്ള പിണ്ഡസ്വേദത്തില് പെടുന്ന കിഴി (ഇലക്കിഴിയും ഞവരക്കിഴിയും) യും ചെയ്തു വരുന്നുണ്ട്. സ്നേഹസ്വേദങ്ങള്ക്കു ശേഷം ഉചിതമായ ശോധനാ ചികിത്സകള്‍ ചെയ്യുന്നു. ഇതിനോടൊപ്പം പിഴിച്ചില്‍, ശിരോ ശോധനാ ചികിത്സകള്‍ക്കു ശേഷം വൈദ്യനിര്ദേശപ്രകാമുള്ള ച്യവനപ്രാശം മുതലുള്ള രസായനങ്ങള്‍ കഴിക്കാം. അതുപോലെ അശ്വഗന്ധാദി ചൂര്‍ണം പാലില്‍ കലക്കി കുടിക്കുന്നതും നല്ലതാണ്.
വര്‍ഷകാലത്ത് ബാഹ്യകാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന അനേകം ആഗന്തു രോഗങ്ങള്‍ കാണാറുണ്ട്. മേല്പറഞ്ഞ ചികിത്സകള്‍ കൊണ്ടും ശരീരബലവും പ്രതിരോധശേഷിയും കൂടുന്നതു കൊണ്ടും ആഗന്തുരോഗങ്ങള് ഒഴിവാക്കാനാവും. ഇതു കൂടാതെ അപരാജിത ചൂര്‍ണം ഉപയോഗിച്ച് വീടും പരിസരവും പുകയ്ക്കുന്നത് നല്ലതാണ്. തുറന്നു വച്ചിരിക്കുന്നതും പഴകിയതുമായ ഭക്ഷണങ്ങള്‍ വര്‍ജിക്കണം. അധികപുളിപ്പുള്ള ഭക്ഷണം ഒഴിവാക്കുക.
രോഗങ്ങള്‍ വരാതിരിക്കാനും ശരീരബലം കൂട്ടുന്നതിനും മാനസികമായി സ്വീകരിക്കേണ്ട കാര്യങ്ങളുണ്ട്. ഇവ, ‘നിത്യരസായനം’ എന്നറിയപ്പെടുന്നു. സത്യം മാത്രം പറയുന്ന, കോപമകറ്റി ആധ്യാത്മിക ചിന്തപുലര്‍ത്തുന്ന, ശാന്തചിത്തരും സദാചാര തല്പരരുമായ വ്യക്തികള്‍ നിത്യരസായനം ശീലിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: