കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്. അംബേദ്കറിന്റെ പേരിലുള്ള ചെയറിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാവുന്നു. ഇടതു നിയന്ത്രണത്തിലുള്ള സിന്‍ഡിക്കേറ്റിന്റെ ദളിത് വിരുദ്ധതയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഒരു വിഭാഗം ചെയറുകള്‍ക്ക് സര്‍വ്വ സൗകര്യങ്ങളും നല്‍കുമ്പോഴാണ് അംബേദ്കര്‍ ചെയറിനോടടക്കം കടുത്ത വിവേചനം കാണിക്കുന്നത്. മഹാത്മാ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ അംബേദ്കര്‍ ചെയറിനായുള്ള അപേക്ഷ നിരസിച്ചത് 25 ലക്ഷം അടയ്ക്കണമെന്ന കാരണം കാണിച്ചാണ്.
സനാതന ധര്മ്മപീഠത്തിന് ചെയര്‍ സ്ഥാപിക്കാനുള്ള അപേക്ഷ നല്കിയപ്പോഴും ഇതേ കാരണം കാണിച്ച് നിഷേധിച്ചിരുന്നു. ഇടത്-മുസ്ലിം ആധിപത്യമുള്ള ചെയറുകള്‍ അനുവദിച്ചതിന് ശേഷം കോര്‍പ്പസ് ഫണ്ട് മൂന്ന് ലക്ഷത്തില്‍ നിന്ന് 25 ലക്ഷം രൂപയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. സനാതന ധര്മ്മപീഠത്തിന് ചെയര്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കാതിരിക്കുന്നതിനാണ് കോര്‍പ്പസ് ഫണ്ട് തുക കുത്തനെ ഉയര്‍ത്തിയത്. സനാതന ധര്‍മ്മപീഠം ചെയറിനുള്ള അപേക്ഷ നല്‍കിയതിന് ശേഷമാണ് തുക വര്‍ധിപ്പിച്ചത്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം അദ്ദേഹം ഇടപെട്ടാണ് സിന്‍ഡിക്കേറ്റിന്റെ വിവേചന തീരുമാനം റദ്ദാക്കിയത്. ബഷീര്‍ ചെയറിനും മൗലാനാ അബ്ദുള്‍ കലാം ആസാദ് ചെയറിനും സര്‍ക്കാരും സര്‍വകലാശാലയുമാണ് കോര്‍പ്പസ് ഫണ്ട് നല്‍കിയത്. എന്നാല്‍ ഈ ആനുകൂല്യം അംബേദ്കര്‍ ചെയറിന് നിഷേധിച്ചാണ് സര്‍വകലാശാല അയിത്തം കാണിക്കുന്നത്. മഹാത്മാ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന് 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യം മുതലെടുത്താണ് അംബേദ്കറിന് അയിത്തം കല്‍പ്പിക്കുന്നത്.
അംബേദ്കര്‍ ചെയറിനെ വിലക്കിയത് അംഗീകരിക്കാനാവില്ല: കെ. സുരേന്ദ്രന്
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പണമില്ലെന്ന് പറഞ്ഞ് അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കാതിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കമ്മ്യൂണിസ്റ്റുകാരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന അംബേദ്കര്‍ വിരോധമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. മൗലാനാ അബ്ദുള്‍ കലാം ചെയര്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ പേരിലുള്ള ചെയറുകള്‍ സ്ഥാപിച്ച സര്‍വകലാശാലയുടേയും സര്‍ക്കാരിന്റെയും ദളിത് വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണ് അംബേദ്കറിനോടുള്ള ഈ അനീതി.
കോണ്‍ഗ്രസ്-സിപിഎം നേതൃത്വം ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ദിവസവും ദളിത്-മുസ്ലിം ഐക്യത്തെക്കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ഭരണഘടനാ ശില്പ്പിയുടെ പേരിലുള്ള ചെയര്‍ സ്ഥാപിക്കാത്ത സര്‍വകലാശാലയുടെ നടപടിയില്‍ ദേശസ്നേഹികള്‍ പ്രതിഷേധിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹാരം കാണണം: ഡോ. ആര്‍സു
കോഴിക്കോട്: ജാതീയമായും വിദ്യാഭ്യാസപരമായും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ച അംബേദ്കറിന്റെ പേരില്‍ ചെയര്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡോ. ആര്‍സു. അധഃസ്ഥിതര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ദേശീയ നേതാവായിരുന്നു അംബേദ്കര്‍. നാവില്ലാത്തവരുടെ നാവായ അദ്ദേഹത്തിന്റെ ആശയപ്രചാരണത്തിനുള്ള ചെയറിന് പണത്തിന്റെ പേരില്‍ അനുമതി നിഷേധിക്കപ്പെടരുത്. അംബേദ്കറിനോട് നീതി പുലര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Click to Read: അംബേദ്ക്കര്‍ ചെയറിനും വിലക്ക്; അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവച്ച് കാലിക്കറ്റ് സര്‍വകലാശാല
പ്രതികരിക്കാൻ ഇവിടെ എഴുതുക: