കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ രാജ്യത്തിന് പുറത്തുള്ള ഏജന്‍സികള്‍ക്കും പങ്കുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ട് കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമാനമായ സംഭവം രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവിലും യുപിയിലും മഹാരാഷ്ട്രയിലും സമാനമായ കേസുകള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടതാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ബെംഗളൂരുവില്‍ അറസ്റ്റിലായി കോഴിക്കോട് എത്തിച്ച പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് ഉപയോഗിച്ച ചൈനീസ് ഉപകരണങ്ങള്‍ ഐഎസ്ഐ വഴി സൗജന്യമായി കൊണ്ടുവന്നതാണെന്നാണ് പുറത്തുവരുന്ന വിവരം. പാക് ചാരസംഘടനയായ ഐഎസ്ഐ നടത്തുന്ന സമാന്തര എക്സ്ചേഞ്ചാണ് ഇവിടെ പ്രവര്‍ത്തിച്ചത്. വിവരശേഖരണത്തിന് വേണ്ടി ഐഎസ്ഐ നടപ്പിലാക്കിയ സമാന്തര ശൃംഖലയാണ് ഇത്തരം ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍നിന്ന് മനസിലാകുന്നത്.
സ്ഥാനമൊഴിഞ്ഞ ഡിജിപി ലോക്നാഥ് ബെഹ്റ കേരളത്തില്‍ ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. കേരളത്തില്‍ വ്യാപകമായി ഐഎസിന്റെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്ന ഐഎസിന്റെ റിക്രൂട്ട്മെന്റിന് ഇവിടത്തെ ഘടകങ്ങളാണ് സഹായം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു വേണ്ടി വിദേശ സര്‍വകലാശാലകളില്‍ നിന്ന് 1400 ഓളം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും മുന്‍ ഡിജിപി വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഡിജിപി
യായിരുന്ന ഫോര്‍മിസ് തരകന്റെ റിപ്പോര്‍ട്ടിലും കേരളത്തില്‍ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആ പഴയ സെല്ലുകളാണ് പുതിയ സാഹചര്യത്തില്‍ ഐഎസിന്റെ സ്ലീപിങ് സെല്ലുകളായി മാറിയത്. ഇതുമായി കൂട്ടിയോജിപ്പിച്ചുവേണം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളെ വിലയിരുത്താനെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിഷയത്തില്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പ്രധാനപാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രി ഇതിനെതിരെ ഒന്നും മിണ്ടാത്തെതന്താണെന്നും രമേശ് ചോദിച്ചു.
രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ നിലവിലുള്ള സമാനമായ കേസുകള്‍ അന്വേഷിക്കുന്നത് മിലിട്ടറി ഇന്റലിജന്‍സാണ്. പോലീസിന്റെ അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനാലാണ് കേരളത്തില്‍ നടന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനത്തെ കുറിച്ചുള്ള കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: