തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭരണസമിതി മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന്, പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍കുമാര്‍ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിപിഎം പുറത്താക്കി. അതേസമയം ആരോപണം നേരിടുന്ന സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല.
നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ പരസ്യമായ വാക്പോരും എടാ, പോടാ വിളികളും അരങ്ങേറി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണും സംസ്ഥാന കമ്മിറ്റിയംഗം മുന്‍ മന്ത്രി എ.സി. മൊയ്തീനുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. തട്ടിപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയിട്ടും താന്‍ എന്ത് കൊണ്ട് നടപടിയെടുത്തില്ല എന്ന് മൊയ്തീനോട് ബേബി ജോണ്‍ ചോദിച്ചു. താങ്കള്‍ക്ക് ചെയ്യാമായിരുന്നില്ലേയെന്ന് മൊയ്തീന് തിരിച്ചും ചോദിച്ചതോടെയാണ് ഇരുവരും പരസ്പരം കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയത്. ഇരുവര്‍ക്കുമെതിരെ ജില്ലാ കമ്മിറ്റിയംഗങ്ങളും കടുത്ത വിമര്‍ശനം ഉന്നയിച്ചു.
ജില്ലാ കമ്മിറ്റിയംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആര്. വിജയ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പാര്‍ട്ടിയില്‍ ബാങ്കിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നയാളുമായ സി.കെ. ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി കെ.സി. പ്രേമരാജനെയും കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി.എസ്. വിശ്വംഭരനെയും സ്ഥാനത്ത് നിന്നു നീക്കി. ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ്. ബൈജു, അമ്പിളി, മഹേഷ്, എന്‍. നാരായണന് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
അന്വേഷണം തിരക്കഥയ്ക്കനുസരിച്ച്; ജീവനക്കാരെ മാത്രം പ്രതികളാക്കി അവസാനിപ്പിക്കാന്‍ നീക്കം
തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പു കേസ് ജീവനക്കാരെ മാത്രം പ്രതികളാക്കി അവസാനിപ്പിക്കാന്‍ നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചെന്ന് ആക്ഷേപം. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും താല്പര്യ പ്രകാരമാണിതെന്നാണ് സൂചന.
തട്ടിപ്പ് നടത്തിയത് ഭരണസമിതിയും പാര്‍ട്ടി നേതൃത്വവുമാണെന്ന് ഒന്നാം പ്രതിയും ബാങ്ക് മുന്‍ സെക്രട്ടറിയുമായ ടി.ആര്. സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടും ഈ ദിശയില്‍ അന്വേഷണം മുന്നോട്ട് പോയിട്ടില്ല. ഭരണസമിതിയംഗങ്ങളെ പ്രതി ചേര്‍ക്കാനോ ഇവര്‍ക്കെതിരെ അന്വേഷണം നടത്താനോ ക്രൈംബ്രാഞ്ച് തയാറാവുന്നില്ല.
തട്ടിപ്പ് നടന്ന എല്ലാ വായ്പകളും അനുവദിച്ചത് ഭരണസമിതിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്ന് പിടിയിലായ മുന്‍ സെക്രട്ടറിയും മാനേജരും മൊഴി നല്കി. എല്ലാ ഫയലുകളിലും പ്രസിഡന്റ് ഒപ്പുവച്ചിട്ടുണ്ട്. ഒരംഗം പോലും വിയോജനക്കുറിപ്പ് എഴുതിയിട്ടില്ല. മിനിട്സ് ബുക്ക് പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നാണ് പ്രതികളുടെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും ലഭിച്ചിട്ടില്ല. തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ ഫയലുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: