ഇസ്ലാമബാദ്: പാക്ക് അധിനിവേശ കാശ്മീരിലെ ലെജിസ്ലേറ്റീവ് കൗണ്‍സിസിലിലേക്ക് നടന്ന 11-ാമത് പൊതുതെരഞ്ഞെടുപ്പില്‍ നിരവധി പോളിംഗ് സ്റ്റേഷനുകളില്‍ സംഘര്‍ഷം. വടികളും മറ്റ് ആയുധങ്ങളുമായി ജനങ്ങള്‍ തമ്മില്‍ തല്ലിയപ്പോള്‍ പാക്കിസ്ഥാന്റെ സൈന്യം പലയിടത്തും കാഴ്ചക്കാരായി മാറി. അക്രമങ്ങളില്‍ രണ്ടുപേര്‍ക്ക് ജീവന് നഷ്ടമായി. കോട്ലി ചാര്ഹോയിയിലെ നാര് പൊലീസ് സ്റ്റേഷന് കീഴിലുള്ള പോളിംഗ് ബൂത്തില്‍ രണ്ടു പിടിഐ പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചുവെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
സഹീര്‍ അഹമ്മദ്(40), റംസാന്(50) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തെരഞ്ഞെടുപ്പിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭരണകക്ഷി നടത്തിയ അക്രമത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ‘പാക്കിസ്ഥാനെക്കാള്‍ വളരെ മികച്ചതാണ് ഇന്ത്യയെന്ന് പിഎംഎല്‍-എന്‍ നേതാവ് ഇസ്മെയില്‍ ഗുജ്ജര്‍ പറഞ്ഞു.
‘ഭരിക്കുന്ന സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും നില്‍ക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന സൂചനയാണ് ഈ സംഭവങ്ങള്‍. ഇത് തുടരുകയാണെങ്കില്‍ ഇന്ത്യയുടെ സഹായം തേടും. ചുരുങ്ങിയത് നിങ്ങളെക്കാള്‍ മികച്ചവരാണ് അവര്‍’- ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം സംഭവങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്മെയില്‍ ഗുജ്ജര്‍ കൂട്ടിച്ചേര്‍ത്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരെ തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: