തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമസംവിധായകനും സിപിഎം സഹയാത്രികനുമായ കമലിനെതിരേ യുവനടി ഉയര്‍ത്തിയ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2019 ഏപ്രില്‍ മുപ്പതിനാണ് കത്ത് എഴുതിയിരിക്കുന്നത്. യുവനടി പീഡനപരാതി ഉന്നയിച്ച ശേഷം ദിവസങ്ങള്‍ക്കകമാണ് കമല്‍ സ്വന്തം കൈപ്പടയില്‍ ഇത്തരമൊരു കത്ത് നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ അഭിഭാഷകന്‍ മുഖനേ തിരുവനന്തപുരം ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന കമലിന്റെ പേരില്‍ 2019 ഏപ്രില്‍ 26ന് വക്കീല്‍ നോട്ടീസ് എത്തുന്നത്. അതു ലഭിച്ച് നാലു ദിവസത്തിനകമാണ് യുവനടിക്ക് കത്ത് നല്‍കിയിരിക്കുന്നത്. കത്ത് നടി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഭീഷണി വേണ്ടെന്നും പോസ്റ്റ് പിന്‍വലിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. കത്തിന്റെ ഉള്ളടക്കം ഇത്തരത്തിലാണ്- താന്‍ ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷത്തിലഭിനയിക്കുന്ന പേരിടാത്ത ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു റോള്‍(ടൊവിനോയുടെ കൂടെ) ഉറപ്പായും തന്നുകൊള്ളാമെന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു’ എന്ന് പേര് ഒപ്പ് ഉള്‍പ്പടെയാണ് കത്ത് എഴുതിയിരിക്കുന്നത്. പീഡനപരാതി ഒതുക്കാന്‍ യുവനടിയെ പ്രലോഭിപ്പിക്കാന്‍ വേണ്ടി കമല്‍ എഴുതിയതാണ് കത്തെന്ന് വ്യക്തമാവുകയാണ്.
കമലിനെതിരേ പെണ്‍കുട്ടി ഉന്നയിച്ച പീഡനപരാതി സംബന്ധിച്ച വക്കീല്‍ നോട്ടീസിലെ വിശദാംശങ്ങളുടെ പ്രസ്തഭാഗങ്ങള്‍ ഇവയാണ്- 2018 ഡിസംബര്‍ 26ന് ജയന്‍ എന്ന സുഹൃത്തും നിര്‍മാതാവും വഴിയാണ് കൊച്ചിയിലുള്ള യുവനടി കമലിനെ പരിചയപ്പെടുന്നത്. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞാണ് നിര്‍മാതാവ് സംവിധായകനായ കമലിനെ പരിചയപ്പെടുത്തുന്നത്. 2018 ഡിസംബര്‍ 25ന് തന്നെ ഈ നിര്‍മാതാവ് യുവനടിയുടെ ചിത്രങ്ങള്‍ വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കമലുമായുള്ള കൂടിക്കാഴ്ച.
2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിക്കുന്ന വിനായകന്‍ നായകനായ തന്റെ ചിത്രത്തിലേക്ക് നായികപ്രധാന്യമുള്ള കഥാപാത്രം യുവനടിക്കു നല്‍കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അറിയിക്കുന്നു. ശേഷം വാട്ട്സ്ആപ്പ് വഴി കൂടുതല്‍ ചിത്രങ്ങള്‍ കമല്‍ ആവശ്യപ്പെട്ടെങ്കിലും യുവനടി തയാറായില്ല. പിന്നീട് നിരന്തരം അടുപ്പമേറിയ സന്ദേശം അയയ്‌ക്കുകയും ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.
2018 ഡിസംബര്‍ 31ന് യുവനടിയെ വിളിക്കുകയും സിനിമ സംബന്ധിയായ ചര്‍ച്ചയ്‌ക്ക് തൊട്ടടുത്ത ദിവസം തിരുവനന്തപുരം മരുതന്‍കുഴിയിലെ പിടിപി നഗര്‍ എസ്എഫ്എസ് സിറ്റി സ്പേസിലെ ഫ്ളാറ്റില്‍ എത്താന്‍ അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ യുവനടിയെ കമല്‍ കടന്നുപിടിക്കുകയും സിനിമയിലെ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതു യുവനടിയെ മാനസികമായും ശാരീരികമായും തളര്‍ത്തി എന്നും കമല്‍ എന്ന സംവിധായകന്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് തെളിയുകയുമായിരുന്നെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇതിനു ശേഷവും ലൈംഗികവേഴ്ച ആവശ്യപ്പെട്ട് കമല്‍ നിരന്തരം സന്ദേശം അയയ്‌ക്കുകയും വിളിക്കുകയും ചെയ്തെങ്കിലും യുവനടി ഇത് അവഗണിക്കുകയായിരുന്നു.ഇതിനു ശേഷമാണ് 2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ യുവനടിക്കു പകരം മറ്റൊരാളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് തുടങ്ങിയത്. നായിക വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി കമല്‍ ഉയോഗിക്കുകയായിരുന്നെന്ന് ഇതോടെ മനസിലായി.തന്നോട് ചെയ്ത ക്രൂരതയുടെ മുറിവുകള്‍ ഉണങ്ങും മുന്‍പാണ് യുവനടിയെ ഒഴിവാക്കി സിനിമ ആരംഭിച്ചത്. ഇതോടെ യുവനടി മാനസികമായി തളര്‍ന്നെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആമി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രണ്ടു യുവനടിമാരോട് കമല്‍ സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടത്തിയതായി അറിഞ്ഞത്. എന്നാല്‍, ദുര്‍ബലരായ അവര്‍ക്ക് അധികാരവും സ്വാധീനവുമുള്ള കമലിനെതിരേ പരാതി പറയാനുള്ള ധൈര്യം ഉണ്ടായില്ല. കമല്‍ തന്റെ സ്വാധീനം സിനിമ മേഖലയില്‍ പുതിയതായി എത്തുന്ന യുവനടിമാരെ ചൂഷണം ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍, യുവനടിയോട് ചെയ്ത അപരാധത്തില്‍ മാപ്പുപറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കില്‍ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകള്‍ക്കു മുന്നില്‍ പരാതി നല്‍കുമെന്നടക്കം വക്കീല്‍ നോട്ടീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: