പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോഗികള്‍ക്ക് ഇനി ഓക്സിജന്‍ ക്ഷാമം നേരിടില്ല.ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം പിഎം കെയര്‍ ഫണ്ടുപയോഗിച്ചാണ് ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 551 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്ലാന്റ് സ്ഥാപിക്കുന്നത്.
അത്യാധുനിക പ്രഷര്‍ സ്വിങ് അബ്സോര്‍പ്ഷന്‍ (പിഎസ്എ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. ഇതിനുള്ള ഉപകരണങ്ങള്‍ ഇന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഫാര്‍മസിക്ക് സമീപം സ്റ്റോറിന് പിറകിലായാണ് സ്ഥാപിക്കുക. ഇതിനായുള്ള പ്രവൃത്തികള്‍ നടന്നുവരികായണ്. ദേശീയപാതാ അഥോറിറ്റിക്കാണ് ചുമതല. അന്തരീക്ഷത്തില്‍ നിന്ന് പ്ലാന്റിലൂടെ ഓക്സിജന്‍ ഉല്പാദിപ്പിക്കും.
ഡിആര്‍ഡിഒ സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. മിനുട്ടില്‍ 1000 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. 190 പേര്‍ക്ക് മിനിറ്റില്‍ അഞ്ച് ലിറ്റര്‍ എന്ന തോതില്‍ ഓക്സിജന്‍ നല്കാന് കഴിയും. ദിവസേന 195 സിലിണ്ടറുകള്‍ നിറയ്ക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സ്വന്തം കോമ്പൗണ്ടില്‍വെച്ച് തന്നെ മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നത് ഏറെ ഗുണം ചെയ്യും. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ നിറച്ചുപയോഗിക്കുന്ന സംവിധാനമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: