ആലപ്പുഴ: സിപിഎം അന്വേഷണ കമ്മിഷന് മുൻപിൽ ജി സുധാകരനെതിരെ പരാതി പ്രവാഹം. മന്ത്രി സജി ചെറിയാന്, എ എം ആരിഫ് ഉള്‍പ്പെടെ പരാതികളുന്നയിച്ചു. എംഎല്‍എ എച്ച് സലാം ഉന്നയിച്ച ആരോപണങ്ങളെ ഇവര്‍ പിന്തുണച്ചു. കമ്മിഷന് മുൻപിൽ തെളിവു നല്കിയ 62 പേരില്‍ 15-ൽ താഴെ ആളുകള്‍ മാത്രമേ ജി സുധാകരനെ പിന്തുണച്ചുള്ളൂ. എളമരം കരീം, കെ ജെ തോമസ് എന്നിവരെ അംഗങ്ങളാക്കി സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് ഞായറാഴ്ച അവസാനിച്ചു.
അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി സുധാകരന് അടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഇതിലുണ്ടായ വീഴ്ചകളുമാണ് കമ്മിഷന് പ്രധാനമായും പരിശോധിച്ചത്. അന്വേഷണ കമ്മിഷന് പുറത്തുള്ളവരും പരാതിയുമായി എത്തി. ജി സുധാകരൻ തന്നെയും കുടംബത്തെയും ദ്രോഹിച്ചുവെന്ന ആരോപണമുന്നയിച്ച മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പരാതിയുമായി കമ്മിഷന് മുന്‍പിലെത്തി. എച്ച് സലാം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും ഉന്നയിച്ച ആരോപണങ്ങളെയാണ് മന്ത്രി സജി ചെറിയാനും എ എം ആരിഫും പിന്തുണച്ചത്.
സലാം ഉന്നയിച്ച കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് ഇരുവരും കമ്മിഷനോട് വ്യക്തമാക്കി. അമ്പലപ്പുഴ, ആലപ്പുഴ ഏരിയ കമ്മിറ്റികളില്‍നിന്ന് ഇന്ന് തെളിവെടുപ്പിന് 62-ഓളം ആളുകള്‍ ഹാജരായി. ഇവരില്‍ പതിനഞ്ചോളം പേര് മാത്രമേ സുധാകരന് അനുകൂലമായ നിലപാട് സ്വീകരിച്ചുള്ളൂ. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് സമിതിയിലെ സിപിഎം അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരാണ് ഞായറാഴ്ച പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: