തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ 25 കോടി ചെലവില്‍ ഡിആര്‍ഡിഒയുടെ ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കുന്നു. ജമ്മു കശ്മീരിലെ വ്യോമസേനാത്താവളം പാക് ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ച പശ്ചാത്തലത്തിലാണിത്. ഇത്തരം സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ക്ഷേത്രമാകും ഇത്.
ഡ്രോണുകള്‍ കണ്ടെത്തുക, അവയിലേക്ക് അയയ്ക്കുന്നതും അവയില്‍ നിന്ന് വരുന്നതുമായ സന്ദേശങ്ങള്‍ തടയുക (ജാമിങ്ങ്) ഡ്രോണിനെ പ്രതിരോധിക്കുക എന്നിവയടങ്ങിയതാണ് സംവിധാനം. ഒരു സംവിധാനത്തിന് 25 കോടി വരും. നൂറെണ്ണം ഒന്നിച്ചുവാങ്ങിയാല്‍ ഒന്നിന് 22 കോടി മതി. ഡിആര്‍ഡിഒ വികസിപ്പിച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ് ഇവ നിര്‍മ്മിക്കുന്നത്.
നാലു കിലോമീറ്റര്‍ അകലെ നിന്നു തന്നെ ഡ്രോണിനെ കണ്ടെത്തി, അതിനെ നിര്‍വീര്യമാക്കാന്‍ കഴിയും. അവയെ കണ്ടെത്തിയാല്‍ ഉടന്‍ അവയുടെ ആശയ വിനിമയ സംവിധാനം ജാം ചെയ്ത് തകര്‍ക്കും. ജിപിഎസ് സംവിധാനവും സ്ഥലം കണ്ടെത്താനുള്ള റിമോട്ട് സംവിധാനവും കേടാക്കും. സോഫ്റ്റ് കില്‍ എന്നാണ് ഇത് അറിയപ്പെടുക. ഹാര്‍ഡ് കില്‍ എന്ന രീതിയും ഉണ്ട്. വളരെ അടുത്തെത്തിയ ഡ്രോണിനെ ആയുധമുപയോഗിച്ച് തകര്ത്തിടുകയെന്നതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: