തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സ്വകാര്യ കമ്പനികള്‍ക്കും പങ്കുള്ളതായി സൂചന. കേസിലെ പ്രതികളായ ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്. മുന്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് സ്വകാര്യ കമ്പനികളുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഇവയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പെസോ ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ്, മൂന്നാര്‍ ലക്സ് വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവര്‍ക്ക് ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നാണ് സൂചന.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭരണസമിതിയംഗങ്ങളില്‍ നിന്നും ഇന്ന് മൊഴിയെടുക്കും. തൃശൂരില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാവാന്‍ ഡയറക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് ഭരണ സമിതിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നം സംശയത്തെ തുടര്‍ന്നാണ് ഇത്.
അതിനിടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ സാന്നിധ്യത്തിലായിരിക്കും യോഗം. കരുവന്നൂര്‍ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരായ നടപടിയും ചര്‍ച്ച ചെയ്യും. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്. സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സും പാര്‍ട്ടി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: