അനന്തമായി പരന്നു കിടക്കുന്ന മഞ്ഞുമലകളും ഹിമാനികളുമാണ് അന്റാര്‍ട്ടിക്കയുടെ കൈമുതല്‍. അതില്‍ പ്രധാനപ്പെട്ട ഒരു മേഖലയാണ് അന്റാര്‍ട്ടിക്കയുടെ കിഴക്കന്‍ തീരത്തെ വമ്പന്‍ ഹിമാനിയായ ‘അമെരി ഐസ് ഷെല്‍ഫ്.’ ഈ മഞ്ഞ് പാളിയില്‍ വലിയൊരു തടാകമുണ്ട്. ഒരു ദിവസം ഈ തടാകത്തിലെ വെള്ളമത്രയും അപ്രത്യക്ഷമായി. ഏതാണ്ട് 26 സഹസ്രകോടി ക്യുബിക് അടി ജലം.
തടാകത്തെ താങ്ങി നിറുത്തുന്ന ഹിമാനി പൊട്ടിത്തകര്ന്നതാണത്രെ കാരണം. ഇത്തരത്തില്‍ അടിപ്പാളി തകര്‍ന്ന് വെള്ളം വാര്‍ന്നുപോകുന്ന പ്രക്രിയ അറിയപ്പെടുന്നത് ഹൈഡ്രോഫ്രാക്ചര്‍ അഥവാ ‘ജലഭംഗം’ എന്നത്രെ. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയേറെ ജലം പുറത്തെത്തിയപ്പോള്‍ തൊട്ടടുത്ത കടല്‍നിരപ്പ് നൂറ് അടിയിലേറെ ഉയര്‍ന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പക്ഷേ സംഭവം നടന്നത് അല്‍പ്പം മുന്‍പാണ്. കണ്ടെത്തിയത് ഈയിടെ മാത്രമാണെങ്കിലും. 2019 ജൂണ്‍ ഒന്‍പതിന് ‘അമെരി ഐസ് ഷെല്‍ഫില്‍’ ആ തടാകം ഉണ്ടായിരുന്നു. അതിന്റെ പൂര്‍ണരൂപത്തില്‍; നിറയെ വെള്ളവുമായി. പക്ഷേ ജൂണ്‍ 11 ന് ആ തടാകത്തില്‍ തരിമ്പും വെള്ളം ഉണ്ടായിരുന്നില്ലെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തി. പക്ഷേ കഥയവിടെ തീര്‍ന്നില്ല.
2020 ലെ വേനല്‍ക്കാലത്തെ ഉപഗ്രഹചിത്രം കണ്ട ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെട്ടു. ജലഭംഗ് വന്ന തടാകത്തില്‍ നിറയെ വെള്ളം. അതില്‍ അപ്പോഴുണ്ടായിരുന്നത് 35 ദശലക്ഷം ക്യുബിക് അടി ജലമെന്ന് അവര്‍ കണക്കുക്കൂട്ടി.
ടാസ്മാനിയ സര്‍വകലാശാലയിലെ ഹിമാനി വിദഗ്ദ്ധനായ റൊണാള്‍ഡ് വാര്‍ണറും സംഘവുമാണ് അന്റാര്‍ട്ടിക്കയിലെ ഈ മറിമായം ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയത്. കാലാവസ്ഥാ മാറ്റം അന്റാര്‍ട്ടിക്കയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു അവര്‍. ഇതേപോലെയുള്ള ഹിമാനി ഉരുകലും ജലഭംഗവും 2050 ഓടെ ഇരട്ടിയാവുമെന്നാണ് ആ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അതാവട്ടെ സമുദ്ര ജലനിരപ്പ് ഉയരാനിടയാക്കും. അതുകൊണ്ടുണ്ടാകാവുന്ന കെടുതികള്‍ അനന്തവും.
ഇനി കുറെ ബീവറുടെ കാര്യം. ബീവര്‍ മൂഷിക വര്‍ഗക്കാരനാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൂഷികവര്ഗക്കാരന്. ആള് സസ്യഭുക്ക്. അരുവികളില്‍ ചിറകെട്ടാനും മാലിന്യങ്ങള്‍ മാറ്റി ചതുപ്പുകള്‍ ശുദ്ധീകരിക്കാനും കഴിവുള്ള ജീവികള്‍. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. മനുഷ്യന്റെ ആക്രമണത്തില്‍ അവയുടെ വംശം നാശത്തിന്റെ വക്കിലെത്തി. യൂറോപ്പില്‍ ബീവറുകള്‍ തീര്‍ത്തും കുറ്റിയറ്റുവെന്ന് പറയാം. ഇംഗ്ലണ്ടിലാവട്ടെ 16-ാം നൂറ്റാണ്ടില്‍ത്തന്നെ ബീവറുകള്‍ ഇല്ലാതായെന്ന് ജന്തുശാസ്ത്രജ്ഞര്‍. പക്ഷേ 2013 ല്‍ അവ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഡെവണിലെ ഓട്ടര്‍ നദിയിലാണ് ഒരു ബീവര്‍ കുടുംബം പ്രത്യക്ഷപ്പെട്ട് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയത്.
അവര്‍ ബീഹാറിനു പിന്നാലെ പോയി. ബീവറുകള്‍ക്ക് പ്രകൃതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് എക്സിറ്റര്‍ സര്‍വകലാശാലയുടെ സഹായത്തോടെ പഠിച്ചു. രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ വനവത്കരണം നടത്തുന്നതില്‍ ബീവറുകളെ നന്നായി ഉപയോഗപ്പെടുത്താമെന്ന് അറിഞ്ഞു. അങ്ങനെ വടക്കന്‍ ലണ്ടനിലെ തോട്ടന്ഹാമില് തെരഞ്ഞെടുത്ത ചതുപ്പില്‍ അവര്‍ ആദ്യ ബീവര്‍ കുടുംബത്തെ കുടിയിരുത്തി. ‘സിറ്റിസണ്‍ സൂ’വിന്റെ ഈ പദ്ധതിക്ക് ഡെവന്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റും പിന്തുണ നല്കി. അവ നഗര പ്രാന്തങ്ങളിലെ മലിന ഭൂമികളെ നന്മ നിറഞ്ഞ ചതുപ്പുകളാക്കി മാറ്റുമെന്നും അരുവികള്‍ ശുദ്ധീകരിക്കുമെന്നും വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഒക്കെയാണ് ജന്തു ശാസ്ത്രജ്ഞര്‍ കരുതുന്നത്. ബീവറുകളെ വളര്‍ത്താന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുവാദം നല്‍കാനും ആലോചനയുണ്ടത്രേ.
മലേറിയ പരത്തുന്നത് കൊതുകുകളാണന്ന് നമുക്കെല്ലാം അറിയാം. പ്രതിവര്‍ഷം 200 ദശലക്ഷം ആളുകളെ ഈ രോഗം ആക്രമിക്കുന്നുവെന്ന് കണക്ക്. അതില്‍ നാല് ലക്ഷം പേരെങ്കിലും മരണപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മലേറിയയുടെ ക്രൂരതയ്ക്കിരയാവുന്നത് കൂടുതലും അഞ്ച് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളാണത്രേ. അതുകൊണ്ടുതന്നെ നല്ലൊരു മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ സ്വപ്നമായിരുന്നു. 2030 ഓടെയെങ്കിലും അത് നടത്തിയെടുക്കണമെന്നും അതിന് ചുരുങ്ങിയത് 75 ശതമാനമെങ്കിലും പ്രതിരോധം നല്കാന് കഴിവുണ്ടാകണമെന്നും ലോകാരോഗ്യ സംഘടന ആഗ്രഹിച്ചു. ഇതുവരെ കണ്ടെത്തിയ വാക്സിനുകള്‍ക്ക് കേവലം 56 ശതമാനം വരെ പ്രതിരോധശേഷി മാത്രമാണത്രേ ആര്‍ജിക്കാനായത്.
ആ സ്വപ്നം സാക്ഷാത്കരിച്ചുവെന്ന് ലാന്‍സെറ്റ് മാസിക വെളിപ്പെടുത്തുന്നു. അഞ്ചു മുതല്‍ 17 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ 77 ശതമാനമെങ്കിലും പ്രതിരോധം പ്രദാനം ചെയ്യുന്ന ഈ വാക്സിന്റെ വിളിപ്പേര് ‘ആര്-21’. അമേരിക്ക, ഇംഗ്ലണ്ട്, ഇന്ത്യ, കെനിയ, ബുര്‍ക്കിനോ ഫാസോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരാണത്രേ ഈ കണ്ടെത്തലിനു പിന്നില്‍. പരീക്ഷിച്ചത് ബുര്‍ക്കിനോ ഫാസയില്. ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ പ്രതിവര്‍ഷം 200 ദശലക്ഷം വാക്സിന് ഉല്പ്പാദിപ്പിക്കാമെന്ന് സമ്മതിച്ചതായും ചില അമേരിക്കന്‍ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് നല്ല വിലക്കുറവിലാണത്രെ വിതരണം ചെയ്യുക.
ബഹിരാകാശത്ത് നെടുനാള്‍ കറങ്ങി നടന്നാല്‍ എന്തു സംഭവിക്കും? ഒന്നും സംഭവിക്കില്ല. ആകാശവാഹനങ്ങളില്‍ നടത്തിയ ഒരു എലിപരീക്ഷണം അക്കാര്യം അടിവരയിട്ടു പറയുന്നു. ബഹിരാകാശ ഗവേഷകര്‍ 65 എലികളുടെ ബീജങ്ങള്‍ ശേഖരിച്ച് വായുരഹിതമാക്കി. മൈനസ് 320 ഡിഗ്രി ഫാരന്‍ഹീറ്റ് തണുപ്പില്‍ സൂക്ഷിച്ച് ബഹിരാകാശത്തേക്കയച്ചു. ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററില്‍ ആറുവര്‍ഷക്കാലം ആ ബീജങ്ങള്‍ ഉറങ്ങി. തുടര്‍ന്ന് അവയെ തിരികെ ഭൂമിയിലെത്തിച്ച് ആദ്രത നല്കി പെണ്ണെലികളുടെ അണ്ഡങ്ങളില്‍ സന്നിവേശിപ്പിച്ചു. അദ്ഭുതം. കാലം കഴിഞ്ഞപ്പോള്‍ ആരോഗ്യമുള്ള എലിക്കുഞ്ഞുങ്ങള്‍ പിറന്നുവീണു. കാന്തികശക്തിയും വികിരണവും കാലപ്പഴക്കവുമൊന്നും അവയുടെ കരുത്തിനെ ബാധിച്ചില്ല. ഭാവിയില്‍ നടന്നേക്കാവുന്ന ഗ്രഹാന്തര യാത്രകളുടെ സുരക്ഷിതത്വം സംബന്ധിച്ച ഒരു ശുഭ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: