മുട്ടം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇടമലക്കുടിയിലെ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയത് സംബന്ധിച്ചുള്ള ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് ഇടപെടല്‍.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയിലെ സ്കൂള്‍ അടച്ച് പൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് 124 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി. വാര്‍ത്തയെ തുടര്‍ന്ന് കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ.ടി. മുഹമ്മദ് നിസാര്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ. സിറാജുദീനോട് പ്രശ്നത്തില്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
ഇത് സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി മൂന്നാര്‍ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പിന്നാലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാത്ത വിധത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിങ്കളാഴ്ച്ച മുതല്‍ സ്കൂള്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: