ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് കുതിച്ചുയരുന്നു. സാഹചര്യം വിലയിരുത്താന്‍ കെഎസ്ഇബി അടിയന്തര യോഗം ചേര്‍ന്നു. കോവിഡ് പശ്ചാത്തലത്തില്‍ കുറച്ചിരുന്ന ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി ആറ് ജനറേറ്ററുകളും പരമാവധി സമയം പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2365.2 അടിയാണ് സംഭരണയിലെ ജലനിരപ്പ്, 59.36 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 33 അടി കൂടുതല്‍. ഈ മാസം മാത്രം കൂടിയത് 9 ശതമാനത്തോളം വെള്ളമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 6.5 അടിയോളം വെള്ളം കൂടി. പീരുമേട് മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ശക്തമായ മഴ പെയ്തതാണ് കാരണം.
മെയ് ആദ്യം 34 ശതമാനമായിരുന്ന ജലനിരപ്പ് അവസാന വാരത്തിലേക്ക് എത്തിയപ്പോള്‍ 37 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. കൊവിഡിനെ തുടര്‍ന്ന ലോക് ഡൗണ്‍ എത്തിയതോടെ വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഇതിനൊപ്പം ശക്തമായ വേനല്‍ മഴ കൂടി എത്തിയതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
നിലവിലെ സാഹചര്യം അതീവ ശ്രദ്ധയോടെയാണ് കെഎസ്ഇബി വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ റൂള്‍ ലെവലില്‍ നിന്ന് 14 അടി കുറവായതിനാല്‍ ആശങ്ക വേണ്ടെന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതായും അധികൃതര്‍.
ഇടുക്കിയിലെ ഉത്പാദനം പരമാവധി കൂട്ടി ജലനിരപ്പ് കുറയ്ക്കാനാണ് തീരുമാനം. അതേ സമയം മഴ ശക്തമായി നില്ക്കുന്ന സാഹചര്യത്തില്‍ ഇത് തുടര്‍ന്നാല്‍ മൂവാറ്റുപുഴ ടൗണില്‍ വെള്ളം കയറുമെന്നതിനാല്‍ ഇതിനും പരിമിതികളുണ്ട്.
കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് പ്രകാരം ഈ മാസം 31 വരെ പരാമവധി അനുവദനീയമായ സംഭരണ ശേഷി 2378.44 അടിയാണ്. റൂള്‍ കര്‍വിന് മുകളിലെത്തുകയും മഴ തുടരുകയും ചെയ്താല്‍ അധിക ജലം ഒഴുക്കിവിടേണ്ടി വരും. മണ്‍സൂണിന്റെ രണ്ടാം ഘട്ടമായ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് സാധാരണ ഇടുക്കിയില്‍ കൂടുതല്‍ മഴ കിട്ടുക. ഇതുകൂടി മുന്നില്‍ കണ്ടാണ് ജലനിരപ്പ് കുറക്കാന്‍ നീക്കം.
പുറം വൈദ്യുതിയേക്കാള്‍ ആഭ്യന്തര ഉത്പാദനമാണ് നിലവില്‍ കൂടുതല്‍. ഇടുക്കിയില്‍ 15.111 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ആഭ്യന്തര ഉത്പാദനം 40.4662 (പരമാവധി ശേഷി 44) മില്യണ്‍ യൂണിറ്റായിരുന്നു. പ്രളയത്തിന് ശേഷം ഇത് ആദ്യമായാണ് 40 മില്യണ്‍ മുകളില്‍ ആഭ്യന്തര ഉത്പാദനം എത്തുന്നത്. വില തീരെ കുറവായിട്ടും ജലനിരപ്പ് ഉയരുന്നത് കുറയ്ക്കാനായി വൈദ്യുതി വില്‍പ്പനയും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: