ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആകെ ഏഴ് സ്വര്‍ണം സ്വന്തമായിട്ടുണ്ടെങ്കിലും വ്യക്തിഗത സ്വര്‍ണം ഒന്നു മാത്രമാണ്. ആറെണ്ണം ഹോക്കിയിലാണ്. 2008ലെ ബീജിങ് ഒളിമ്പിക്സിലാണ് ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണം. അത് ഷൂട്ടിങ് റിങ്ങില്‍ നിന്നാണ്. അഭിനവ് ബിന്ദ്രയാണ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ 700.5 പോയിന്റ് നേടി ഇന്ത്യക്കായി പൊന്നണിഞ്ഞത്.
ബിന്ദ്രയുടെ പിന്‍ഗാമികളാകാന്‍ തയ്യാറെടുക്കുന്ന ഒരുപിടി താരങ്ങളുമായാണ് ഇത്തവണ ടോക്കിയോയിലേക്ക് ഇന്ത്യന്‍ ഷൂട്ടിങ് സംഘം പറന്നിറങ്ങിയത്. ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യത കാണുന്നതും ഈയിനത്തിലാണ്. അതിന് കാരണം ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ പലരും ടീമിലുണ്ടെന്നതാണ്. നാളെ രണ്ട് മെഡലുകളും ഷൂട്ടിങ് റേഞ്ചില്‍ നിര്‍ണയിക്കപ്പെടും. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എന്നിവയിലാണ് നാളെ മെഡല്‍ നിര്‍ണയിക്കുന്നത്. വനിതകളില്‍ അപൂര്‍വി ചന്ദേല, എളവേനില്‍ വാളറിവാന് എന്നിവരും പുരുഷന്മാരില് സൗരഭ് ചൗധരി, അഭിഷേക് വര്‍മ എന്നിവരും ഇന്ന് ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ ലക്ഷ്യമിട്ട് കാഞ്ചിവലിക്കും. 2019ലെ മ്യൂണിച്ച്, ഡല്‍ഹി, റിയോ ഡി ജനീറോ ലോകകപ്പുകളില്‍ സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അപൂര്‍വി ചന്ദേല ടോക്കിയോയില്‍ വെടിയുതിര്ക്കാനിറങ്ങുന്നത്. മ്യൂണിച്ചിലും ഡല്‍ഹിയിലും വ്യക്തി ഇനത്തിലും റിയോയില്‍ മിക്സഡ് ടീം ഇനത്തിലുമായിരുന്നു ലോക ഒന്നാം നമ്പര്‍ കൂടിയായ അപൂര്‍വിയുടെ സ്വര്‍ണനേട്ടം. 2019ലെ വേള്‍ഡ് കപ്പ് ഫൈനലില്‍ മിക്സഡ് ടീം ഇനത്തില്‍ വെള്ളിയും നേടി. 2019-ല്‍ ചൈനയിലും റിയോ ഡി ജനീറോയിലും നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ സ്വര്‍ണം നേടിയ താരമാണ് 21കാരിയായ എളവേനില്‍ വാളരിവാന്‍. കൂടാതെ ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിലും, ജൂനിയര്‍ ലോകകപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്. 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്താരമാണ് അഭിഷേക് വര്‍മ. ഷൂട്ടിങ് ലോകകപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലവും 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും അതേവര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട് അഭിഷേക് വര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: