ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായില്ലെങ്കില്‍ ലോകം മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുമെന്ന് മുറവിളി കൂട്ടിയവരെ ഇപ്പോള്‍ എവിടെയും കാണാനില്ല. താലിബാനുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി അഫ്ഗാന്‍ ജനതയെയും, പാക്കിസ്ഥാനൊഴികെയുള്ള അയല്‍രാജ്യങ്ങളെയും വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തീരുമാനിച്ചതിലും വളരെ മുന്‍പുതന്നെ അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സേന പിന്മാറിയതോടെ വര്‍ഷങ്ങളായി ഇങ്ങനെയൊരു അവസരം പാര്‍ത്തിരുന്ന താലിബാന്‍ ഭീകരര്‍ സര്‍വശക്തിയോടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. യുവാക്കളെ ഭീഷണിപ്പെടുത്തി സേനയില്‍ ചേര്‍ക്കുകയും വ്യാപാരികളില്‍നിന്ന് കനത്ത നികുതി പിരിക്കുകയും ചെയ്യുന്ന താലിബാന്‍ അഫ്ഗാനിലെ ഇരുനൂറിലേറെ ജില്ലകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നു. അടുത്തിടെ ഒരു പരിഭാഷകനെ താലിബാന്‍ വധിക്കുകയുണ്ടായി. ഒഴിഞ്ഞുപോകുമെന്ന് കരുതിയിരുന്ന മതമൗലികവാദവും ഭീകരവാദവും അഫ്ഗാന്‍ ജനതയെ, പ്രത്യേകിച്ച് സ്ത്രീസമൂഹത്തെ വീണ്ടും വേട്ടയാടുകയാണ്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ടിരുന്ന അവര്‍ പ്രാകൃതമായ മതശാസനങ്ങള്‍ക്ക് കീഴടങ്ങുകയോ മരണം വരിക്കുകയോ ചെയ്യേണ്ടിവരും.
താലിബാന്‍ ലോകസമാധാനത്തിനുതന്നെ ഭീഷണി ഉയര്‍ത്തിയപ്പോഴാണ് അതിനെ നേരിടാന്‍ അമേരിക്കന്‍ സേന അഫ്ഗാനിലെത്തിയത്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ പരിപൂര്‍ണ പിന്തുണ ഇതിനുണ്ടായിരുന്നു. ബരാക് ഒബാമയുടെ ഭരണകാലത്തും ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകാലത്തും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ല. ഇങ്ങനെയൊരു നടപടി ആത്മഹത്യാപരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ എന്തൊക്കെ ദുഷ്ടലാക്കുവച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് സേനയെ പിന്‍വലിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തതെന്ന് വ്യക്തമല്ല. ഇതുവഴി അമേരിക്കയ്‌ക്ക് എന്തൊക്കെ നേട്ടമുണ്ടായാലും ആത്മഹത്യാപരമായ തീരുമാനമാണ് ഇതെന്ന കാര്യത്തില്‍ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ അറിയാവുന്നവര്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടാവില്ല. ആഗോള സമാധാനത്തിന് കനത്ത ഭീഷണിയാണ് ഇതുയര്‍ത്തുക. തിരിച്ചടി ലഭിക്കുമെന്ന ഭയം നീങ്ങിക്കിട്ടിയ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത് ഭീകരവാഴ്ച നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. അഫ്ഗാന്‍ സേന ഇതിനെ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യക്തമല്ല. അവര്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നില്ല. നയതന്ത്ര മര്യാദകളിലൊന്നും വിശ്വാസമില്ലാത്ത താലിബാനെ നേരിടാന്‍ അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ സൈന്യത്തെ സജ്ജമാക്കുകയാണ്.
അഫ്ഗാനില്‍നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിലും, താലിബാന്‍ ഭീകരരുടെ മുന്നേറ്റത്തിലും സന്തോഷിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. താലിബാന് എല്ലാവിധ പിന്തുണയും നല്‍കുന്ന പാക് ഭരണകൂടം അവര്‍ക്ക് ശക്തി പകരാന്‍ പോരാളികളെ അതിര്‍ത്തി കടത്തിവിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇപ്പോള്‍തന്നെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മിതികളെയാണ് താലിബാന്‍ ലക്ഷ്യംവയ്‌ക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്‌ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. അടുത്തിടെ താലിബാന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെ വലിയൊരു സംഭവമായി കാണാന്‍ പലരും തയ്യാറായില്ല. ഭരണാധികാരിയായിരുന്ന നജീബുള്ളയെ നിഷ്‌കാസനം ചെയ്ത് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്ന നാടാണ് കേരളം. ഐഎസ് ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ പോലും സജീവമായ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്‌ക്കുന്ന ഒരു ഭരണസംവിധാനമുള്ളത് സ്ഥിതിവിശേഷത്തെ ആപല്‍ക്കരമാക്കും. വളരെ കരുതലോടെയാണ് അഫ്ഗാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നീങ്ങുന്നത്. ഈ കരുതലും ജാഗ്രതയും ജനങ്ങള്‍ക്കും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: