മനുഷ്യര്‍ ഏകോദരസഹോദരരെ പോലെ ജീവിക്കണമെന്ന് മഹദ്ഗ്രന്ഥങ്ങളും മഹാത്മാക്കളുമെല്ലാം പറയുന്നു. ദൗര്‍ഭാഗ്യവശാല്‍, സാഹോദര്യഭാവത്തിന് സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങളിലും ച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റു ബന്ധങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാല്‍, രാമായണത്തിലേക്കൊന്നു നോക്കൂ. സഹോദര സ്നേഹം കൊണ്ട് ദീപ്തമായ മുഖങ്ങളും സന്ദര്‍ഭങ്ങളും ആ കാവ്യത്തിലുടനീളം കാണാം.
രാലക്ഷ്മണ-ഭരത-ശത്രുഘ്നന്മാര് മാതൃകാപരമായ സാഹോദര്യത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളാണ്. അവരോരുത്തരും ഇതര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് നമുക്ക് തോന്നും. അത്രയ്ക്കുണ്ട് അവര്‍ക്കിടയിലെ ആത്മബന്ധം. സാഹോദര്യത്തിനായി അവര്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. ലക്ഷ്മണന് ശ്രീരാമനോടൊപ്പം വനത്തില്‍ പോകാനും ഭരതന്, വനത്തില്‍ പോയ ശ്രീരാമനെ തിരിച്ചു വിളിക്കാനും പ്രേരകമായത് നിഃസ്വാര്‍ഥമായ സഹോദരസ്നേഹം തന്നെ.
ത്വല്പാദസേവാര്ഥമായിന്നടിയനു-
മിപ്പോള്‍ വഴിയേ വിട കൊള്വനെന്നുമേ
മോദാലതിന്നായനുവദിച്ചീടണം
സീതാപതേ! രാമചന്ദ്ര! ദയാനിധേ!
ലക്ഷ്മണന്റെ ഈ അഭ്യര്‍ഥന ശ്രീരാമന് നിരാകരിക്കാനായില്ല. ശ്രീരാമനൊപ്പം യാത്രയ്ക്കൊരുങ്ങുന്ന ലക്ഷ്മണനെ അമ്മ സുമിത്ര ഓര്‍മ്മിപ്പിക്കുന്നു:
അഗ്രജന് തന്നെ പരിചരിച്ചെപ്പോഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടെ വിചാരിച്ചു കൊള്ളണം
അഗ്രജനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ലക്ഷ്മണനെപ്പോലെ തന്നെയായിരുന്നു ഇതരസഹോദരരും. രാജ്യം തനിക്ക് ലഭിച്ചതറിഞ്ഞ ഭരതന്റെ പ്രതികരണം ഇങ്ങനെ:
‘ഇന്നടിയന്നു രാജ്യം കൊണ്ടു കിംഫലം?
മന്നവനാകുന്നതും മമ പൂര്വജന്
ഞങ്ങളവനുടെ കിങ്കരന്മാരത്രെ’
നാല്വരും കൂടുന്ന സമയത്ത് മൂപ്പുമുറയനുസരിച്ച് ലക്ഷ്മണന് ഭരതനെയും ശത്രുഘ്നന്‍ ലക്ഷ്മണനെയും വണങ്ങുന്നത് ഹൃദയസ്പര്‍ശിയായ കാഴ്ചയാണ്.
അപ്പുറത്തോ? രാവണനും കുംഭകര്‍ണ
നും വിഭീഷണനുമെല്ലാം സഹോദരസ്നേഹത്താല്‍ ബന്ധിതരാണ്. കുംഭകര്‍ണനും വിഭീഷണനും എത്രയോ സ്നേഹാദരങ്ങളോടെയാണ് ധര്‍മവിരുദ്ധമായ നീക്കങ്ങളില്‍ നിന്ന് ജ്യേഷ്ഠനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നത്! സ്നേഹമുണ്ടെങ്കിലും രാവണന്റെ തെറ്റുകളെ അവര്‍ എതിര്‍ത്തു. മോഹബദ്ധനായ ആ രാക്ഷസരാജാവ് വഴങ്ങിയില്ല. വിഭീഷണന് ജ്യേഷ്ഠനോട് വിട പറഞ്ഞ് ശ്രീരാമസന്നിധിയില്‍ അഭയം തേടി. കുംഭകര്ണന് ജ്യേഷ്ഠനു വേണ്ടി യുദ്ധം ചെയ്തു മരിച്ചു. ന്യായാന്യായ വിചാരണയ്ക്ക് സഹോദര സ്നേഹം തടസ്സമല്ലെന്നും അവരുടെ ചരിതം തെളിയിക്കുന്നു.
സഹോദരന്മാരായ ജടായുവും സമ്പാതിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വികാരഭരിതമായ ചിത്രീകരണവും രാമായണത്തിലുണ്ട്. പണ്ട് വേഗബലങ്ങള്‍ പരീക്ഷിക്കാന്‍ മേല്പോട്ടു പറന്നപ്പോള്‍ ഇരുവരും സൂര്യതാപമേറ്റു നിലം പതിച്ചു. അനുജനായ ജടായുവിന് ചൂടേല്‍ക്കാതിരിക്കാന്‍ ആ ആപത്ഘട്ടത്തിലും സമ്പാതി ശ്രദ്ധിച്ചിരുന്നു.
പിന്നീട് സീതാന്വേഷണത്തിനിടയില്‍ മഹേന്ദ്രചലത്തിനു സമീപമെത്തിയ വാനരന്മാരില് നിന്ന് ‘ജടായു’ എന്ന പേരു കേട്ടപ്പോള്‍ സമ്പാതിക്കുണ്ടായ സന്തോഷം വാഗതീതമായിരുന്നു.
‘കര്‍ണപീയൂഷ സമാനമാം വാക്കുകള്‍
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ!’
എന്നാണ് സമ്പാതി അവരോട് ചോദിക്കുന്നത്. ആ വാത്സല്യത്തിനു മുന്നില്‍ ആരാണ് നമിച്ചു പോകാത്തത്! സമ്പാതിയുടെ സഹോദര സ്നേഹമാണ് വാനരര്‍ക്ക് ആ പക്ഷിശ്രേഷ്ഠനില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്.
ഇന്ന് സാഹോദര്യം പലര്‍ക്കും വാക്കുകളിലും പ്രകടനങ്ങളിലും ഒതുങ്ങുന്നു. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനെച്ചൊല്ലി, സ്വത്തിനെച്ചൊല്ലി സഹോദരര്‍ വഴക്കിടുന്നതും വെട്ടും കുത്തും കൊലപാതകവും നടത്തുന്നതും സാധാരണമായിരിക്കുന്നു. സ്വാര്‍ത്ഥതയും അസൂയയും കൊണ്ട് അകലുന്ന സഹോദരങ്ങളും ഏറെ. കുടുംബത്തിനകത്തെ സ്ഥിതി ഇതാണെങ്കില്‍ സമൂഹത്തിലേതെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: