കൊച്ചി: വ്യാജ വിലാസത്തില്‍ അഫ്ഗാനിസ്ഥാന് പൗരന് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ രണ്ട് വര്‍ഷം ജോലി ചെയ്ത സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഐബിയും അന്വേഷണം തുടങ്ങി. യുദ്ധകപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം നടക്കുന്ന കപ്പല്‍ശാലയില്‍ വിദേശ പൗരന് ജോലിചെയ്ത സംഭവം അതിഗൗരവത്തോടെയാണ് കാണുന്നത്. ഇയാള്‍ എന്തിനാണ് കൊച്ചി കപ്പല്‍ശാലയില്‍ ജോലിക്കെന്ന പേരില്‍ എത്തിയതെന്നാകും പ്രധാനമായി അന്വേഷിക്കുക. അട്ടിമറി സാധ്യതയോ, ചാരപ്രവര്‍ത്തനം ഉള്‍പ്പെടെ മറ്റെന്തെങ്കിലും ഗൂഢാലോചനയോ ഉണ്ടോ എന്നും പരിശോധിക്കും.
ജോലി ലഭിക്കാനായി ഇയാളെ സഹായിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് വരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു രോഗിയുടെ സഹായി എന്ന പേരിലാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രോഗിയെന്ന പേരില്‍ എത്തിയ മുജാഹിദ് അഹമ്മദിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ ദല്‍ഹിയിലാണ് എത്തിയതെന്നും അവിടെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
റിമാന്‍ഡില്‍ കഴിയുന്ന അഫ്ഗാന് പൗരന് ഈദ്ഗുളി (അബ്ബാസ് ഖാന്-23)നെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്കി. പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ വിശദമായി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലിന്റെ നിര്‍മാണം പുരോഗമിക്കുന്ന കൊച്ചി കപ്പല്‍ശാലയില്‍ നടന്ന സംഭവമായതിനാല്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റ് അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യും.
എറണാകുളം എസിപി നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. കരാര്‍ തൊഴിലാളിയായി ആയാണ് ഇയാള്‍ ജോലി ചെയ്തത്. ഈദ്ഗുല്‍ അഫ്ഗാന് പൗരനാണെന്ന വിവരം ലഭിച്ച മറ്റ് ജീവനക്കാരാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈദ്ഗുല്ലിനായി കൊച്ചിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എറണാകുളം എസിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് ഇയാളെ കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: