ന്യൂദല്‍ഹി: ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായി ഇന്തോ പസഫിക്കില്‍ യുകെയുടെ രണ്ട് ബോട്ടുകള്‍ സ്ഥിരം പട്രോളിംഗ് നടത്തും. ചൈനയുടെ വെല്ലുവിളികള്‍ക്ക് പ്രതീകാത്മകമറുപടിയെന്നോണം ഇന്ത്യ, ജപ്പാന്, ആസ്ത്രേല്യ, ന്യൂസിലാന്റ്, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് നാവികാഭ്യാസപ്രകടനത്തിനായി ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ ക്വീന്‍ എലിസബത്ത് എത്തുകയാണ്.
ഇന്തോ-പസഫിക് സമുദ്രമേഖലയില്‍ ചൈനയുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നതായി രൂപീകരിച്ച ക്വാഡ്(യുഎസ്, ഇന്ത്യ, ജപ്പാന്, ആസ്ത്രേല്യ എന്നിവ അംഗങ്ങളായ നാല്‍വര്‍ രാഷട്രസംഘം) ശക്തിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ സൂചന നല്‍കുന്നതാണ് യുകെയുടെ ഈ നീക്കം. ഇതോടെ വീണ്ടും ക്വാഡും ഇന്തോ-പസഫിക് സമുദ്രവും ചൈനയും ചര്‍ച്ചാവിഷയമാവുകയാണ്.
ആദ്യം യുകെ യുദ്ധക്കപ്പലായ ക്വീന്‍ എലിസബത്ത് ഇന്ത്യയുടെ നാവികസേന യുദ്ധക്കപ്പലായ മിസൈലുകളെ നേരിടാന്‍ വൈദഗ്ധ്യമുള്ള രാജ്പുതുമായി ചേര്‍ന്ന് കൊങ്കണ്‍ തീരത്താണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുക. ജൂലൈ 22,23 ദിവസങ്ങളില്‍ കൊങ്കണ്‍ തീരത്തെ വാര്‍ഷിക നാവികാഭ്യാസത്തില്‍ 12 യുദ്ധക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും, രണ്ട് മുങ്ങിക്കപ്പലുകളും ഇന്ത്യന്‍ നാവികസേനയിലെയും യുകെ റോയല്‍ നേവിയിലെയും 4500 സൈനികരും പങ്കെടുക്കും. ക്വീന്‍ എലിസബത്തില്‍ ഇ-35 ബി യുദ്ധവിമാനങ്ങള്‍ വിന്യസിപ്പി്ച്ചിട്ടുണ്ട്. പിന്നീട് ക്വീന്‍ എലിസബത്ത് ഇന്തോ പസഫിക്കില്‍ ജപ്പാന്, തെക്കന്‍ കൊറിയ, ന്യൂസിലാന്റ്, ആസ്ത്രേല്യ എന്നീ രാഷ്ട്രങ്ങളുടെ നാവികശക്തികളൊടൊപ്പം ചേര്‍ന്ന് നാവികാഭ്യാസം തുടരും.
ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണാ ചൈന സമുദ്രം വരെയും ഇവര്‍ നാവികസേനാഭ്യാസം നടത്തും.ചൈനയുടെ ഇന്തോ പസഫിക് മേഖലയിലുള്ള ആക്രമണം തയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുകെ അവരുടെ എലിസബത്ത് യുദ്ധക്കപ്പലിനെ സേനാഭ്യാസപ്രകടനത്തില് ഉള്‍പ്പെടുത്തുന്നത്. ഇനി ഇന്തോ പസഫിക് മേഖലയില്‍ പട്രോളിങ്ങിനായി രണ്ട് ബോട്ടുകള്‍ സ്ഥിരമായി നിലനിര്‍ത്താനും ബ്രിട്ടന് തീരുമാനിച്ചിട്ടുണ്ട്.
ചൈനയില്‍ നിന്നുള്ള വെല്ലുവിളി അതിശക്തമായ സാഹചര്യത്തിലാണ് ജപ്പാനും ഇതില്‍ പങ്കെടുക്കുന്നത്. ജപ്പാന്റെ യൊകോസുക യുകെയുടെ എലിസബത്ത് സിഎസ്ജിയുമായും യുഎസിന്റെ മികച്ച യുദ്ധക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗനുമായി ചേര്‍ന്ന് അഭ്യാസപ്രകടനം നടത്തും. തയ് വാനിലോ കിഴക്കന്‍ ചൈന സമുദ്രത്തിലോ ഇടപെട്ടാല്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞയാഴ്ച ചൈന ജപ്പാനെ ഭീഷണിപ്പെടുത്തിയിരുന്നു. കിഴക്കന്‍ ചൈന സമുദ്രത്തില്‍ സെന്‍കാകു ദ്വീപിനെച്ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഇന്തോ പസഫിക് സമുദ്രത്തിലെ അഭ്യാസപ്രകടനങ്ങള്‍ക്ക് ശേഷം എലിസബത്ത് സിഎസ്ജി പിന്നീട് അറബിക്കടലിലെ ഗോവാ തീരത്ത് ഇന്ത്യയുമായി ചേര്‍ന്ന് പ്രകടനം നടത്തും. ഒക്ടോബര്‍ 21 മുതല്‍ 23 വരെയാണ് ഈ അഭ്യാസപ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: