കോട്ടയം: ഇന്ത്യന്‍ ഹോക്കി ടീമിന്റെ കരുത്തായി മലയാളിതാരം പി.ആര്. ശ്രീജേഷ് ഉയര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു ദേശീയ മത്സരത്തിന്റെ ഓര്‍മ്മയിലാണ് നിധീഷ് കരുണന്.
കോട്ടയം ജില്ലയിലെ പാലായില്‍ വലവൂരെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടം പിടിക്കുകയും ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുകയും ചെയ്ത ഒഴുകയില്‍ നിധീഷ്, സര്‍ക്കാരും അധികൃതരും തഴഞ്ഞപ്പോള്‍ ജീവിക്കാനായി ഇന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷം അണിഞ്ഞിരിക്കുന്നു. 1998ല്‍ ജി.വി രാജാ സ്കൂളിലെത്തിയതും കോച്ചായ രവിയുടെ നിര്‍ദേശപ്രകാരം അത്ലറ്റിക്സില് നിന്ന് ഹോക്കിയിലേക്ക് തിരിഞ്ഞതും വിധിയുടെ കളിയെന്നാണ് നിധീഷ് പറയുന്നത്.
അവിടെ നിന്ന് മാന്ത്രിക വടിയുമായി അടുത്തവര്‍ഷം തന്നെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ദേശീയ മത്സരത്തില്‍ കളിച്ചു. അന്നുപയോഗിച്ച ജേഴ്സി നിധീഷ് ഇന്നും സൂക്ഷിക്കുന്നുണ്ട്. പിന്നീട് കേരളത്തിനു വേണ്ടിയും രാജ്യത്തിനു വേണ്ടിയും പലയിടത്തും മത്സരിച്ചു. കേരളത്തിന്റെ ജൂനിയര്‍, സീനിയര്‍ ടീം ക്യാപ്റ്റനായിരുന്നു നിധീഷ്. വളരെ യാദൃശ്ചികമായി പൂനയില്‍ വച്ച് നിധീഷിന്റെ പ്രകടനം കണ്ട എയര്‍ ഇന്ത്യാ നാഷണല്‍ ഹോക്കി അക്കാദമി കോച്ചായ രുമേഷ് പട്ടാനിയ വഴി എയര്‍ ഇന്ത്യാ ടീമിലെത്തിയ ഈ കോട്ടയംകാരന്റെ വിജയം നാട്ടുകാര്‍ പോലുമറിഞ്ഞിട്ടുണ്ടായിരുന്നില്ല.
ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ പഠനത്തിനൊപ്പം കളിയും മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് ഹൈദരാബാദില്‍ വച്ച് ഇന്ത്യാ-ഫ്രാന്‍സ് മത്സരത്തില്‍ കളിക്കുന്നത്. ആ സമയത്ത് മുന്നേറ്റത്തിന്റെ പാതയില്‍ കരിനിഴല്‍ വീഴ്ത്തി അടുത്ത സുഹൃത്ത് വിട പറഞ്ഞു. ഈ മരണം തീര്‍ത്ത ആഘാതത്തില്‍ തളര്‍ന്ന് നാട്ടിലെത്തുകയും പിന്നീടുള്ള പഠനം കൊല്ലത്തെ ഫാത്തിമാ കോളേജിലാക്കുകയും ചെയ്തു. സീനിയര്‍ നാഷണലില്‍ കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റന്‍ ആയിരുന്ന നിധീഷ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2015ലും 2017ലും കേരള ജൂനിയര്‍ ടീമിന്റെ കോച്ചും സെലക്ടറുമായി.
കളിക്കളത്തില്‍ കൂടെ കളിച്ചവരും കളി പഠിപ്പിച്ച് വിജയിപ്പിച്ചവരും സര്‍ക്കാര്‍ ജോലികളിലെത്തിയിട്ടും ഈ ദേശീയതാരത്തിന് ഒരു സ്ഥിരവരുമാനത്തിനുള്ള അവസരം കൈവന്നില്ല. ഇപ്പോള്‍ ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്നതിനൊപ്പം ബേക്കറിയും നടത്തുന്നുണ്ട്. പല വാതിലുകളില്‍ മുട്ടിയിട്ടും അവസാന നിമിഷം തഴയപ്പെട്ട് പലര്‍ക്കും വേണ്ടി വഴിമാറേണ്ടി വന്ന ഈ താരത്തെ പോലെ നാളെയും പലരും ഉണ്ടായേക്കാം. കാരണം മാനദണ്ഡങ്ങളില്‍ ഭൂരിഭാഗവും അത്ലറ്റുകള്‍ക്കായി മാറ്റിയെഴുതപ്പെട്ടവയാണ്. ഗെയിംസിന് അര്‍ഹിക്കുന്ന പരിഗണനകളില്ലെന്നും നിധീഷ് പറയുന്നു. കളിക്കളം നല്കിയ ട്രോഫികളും നിറം മങ്ങാത്ത ജേഴ്സികളും മാത്രമാണ് നിധീഷിന് ബാക്കിയുള്ളത്. കുടുംബ ഭദ്രതയ്ക്ക് സഹായകമായ ഒരു ജോലിയാണ് ഇന്നും നിധീഷിന്റെ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: