തൃശൂര്‍: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ സേവാഭാരതി. ലോക്ഡൗണില്‍ സംസ്ഥാനത്തുടനീളം സേവനം ചെയ്ത സാമൂഹിക സേവന സംഘടനകളില്‍ സേവാഭാരതിയാണ് മുന്നില്‍. കൊവിഡ് വ്യാപനത്തിന്റെ രണ്ടം ഘട്ടത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 119 ക്വാറന്റൈന് കേന്ദ്രങ്ങളും 22 കൊവിഡ് കെയര്‍ സെന്ററുകളും തുടങ്ങി. 14 ജില്ലകളിലുമായി മൊത്തം 419 സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് 14,17,167 രൂപയുടെ മരുന്നുകള്‍ സേവാഭാരതി നല്‍കിയിട്ടുണ്ട്. 17,65,850 രൂപ വിലയുള്ള ആശുപത്രി ഉപകരണങ്ങളും വിതരണം ചെയ്തു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം ബന്ധുക്കള്‍ക്കും ആരോഗ്യ വകുപ്പിനും വലിയ തലവേദനയാണ് സൃഷ്ട്ടിച്ചത്. രോഗം വരുമെന്ന ഭയത്തെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിന് ആരും മുന്നോട്ട് വരാത്തയിടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍ഭയം ഇതിന് തയ്യാറാവുകയായിരുന്നു. 854 സ്ഥലങ്ങളില്‍ 1263 കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ സംസ്കരിച്ചു.
277 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 1355 പള്‍സ് ഓക്സിമീറ്ററുകള്‍, ആശുപത്രികളിലേക്ക് 10 വെന്റിലേറ്ററര്‍ എന്നിവ ഇക്കാലയളവില്‍ സേവാഭാരതി വിതരണം ചെയ്തു. ഈ ഇനത്തില്‍ മൊത്തം 2,53,02,400 രൂപ ചെലവഴിച്ചു. 1595 രക്തദാന ക്യാമ്പുകളിലൂടെ 8195 യൂണിറ്റ് രക്തമാണ് സേവാഭാരതി വൊളന്റിയര്‍മാര്‍ ദാനം ചെയ്തത്. 155 സേവാഭാരതി വൊളന്റിയര്‍മാര്‍ 95 സ്ഥലങ്ങളില്‍ പ്ലാസ്മ ദാനം ചെയ്തിട്ടുണ്ട്. 2,89,601 വീടുകളില്‍ 95,977,651 രൂപയിലേറെ വിലയുള്ള പലചരക്ക്-പച്ചക്കറി കിറ്റുകള്‍ നല്കി.
ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ സമൂഹ അടുക്കള ജനങ്ങള്‍ക്ക് കാര്യമായി ഉപകാരപ്പെടാത്തതിനെ തുടര്‍ന്ന് 5937 സ്ഥലങ്ങളിലായി 3,36,969 ഭക്ഷ്യ പാക്കറ്റുകള്‍ സേവാഭാരതി വിതരണം ചെയ്തു. കൊവിഡിനെ കുറിച്ച് ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും മറ്റും സേവാഭാരതി ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക്കുകള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമായി. 1118 ഹെല്‍പ്പ് ഡെസ്ക്കുകളാണ് സംസ്ഥാനത്ത് മൊത്തം സ്ഥാപിച്ചത്. സേവാഭാരതിയുടെ 520 ആംബുലന്‍സുകളും 2718 മറ്റു വാഹനങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു. 89,164 വീടുകള്‍, 6779 സ്ഥാപനങ്ങള്‍, 4193 തെരുവുകള്‍ എന്നിവ സേവാഭാരതി സന്നദ്ധ പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. സന്നദ്ധ ഡോക്ടര്‍മാരുടെ സഹകരണത്തോടെ സംസ്ഥാനത്ത് 342 സ്ഥലങ്ങളിലായി ടെലിമെഡിസിന്‍ സേവനം നടത്തി. 3386 സ്ഥലങ്ങളിലായി 71,814 രോഗികള്‍ക്ക് നിത്യേന ഉപയോഗിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: