തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷ്യല്‍ കിറ്റില്‍ നിന്ന് ക്രീം ബിസ്ക്കറ്റ് ഒഴിവാക്കി. നേരത്തേ, ഉള്‍പ്പെടുത്തിയിരുന്ന ചോക്ലേറ്റ് മാറ്റിയാണ് ക്രീം ബിസ്ക്കറ്റ് ആക്കിയത്. എന്നാല്‍, ബിസ്ക്കറ്റ് പൊടിഞ്ഞു പോകാനുള്ള സാധ്യതയടും സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധിക ബാധ്യതയും കണക്കിലെടുത്ത് ഓണക്കിറ്റില്‍ ക്രീം ബിസ്കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിക്കുകയായിരുന്നു. 90 ലക്ഷം കിറ്റുകളില്‍ ബിസ്കറ്റ് ഉള്‍പ്പെടുത്തുമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാല്‍ ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളുകയായിരുന്നു.
ഓണത്തിന്റെ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി ആര് അനില്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഒരു മാസത്തോളം നീളുന്ന വിതരണ പ്രക്രിയക്ക് ഇടയില്‍ ചോക്ലേറ്റ് അലിഞ്ഞുപോകുമെന്നതിനാല്‍ ഇത് പിന്നീട് ക്രീം ബിസ്കറ്റ് ആക്കുകയായിരുന്നു.
ഓണക്കിറ്റിന് ആകെ ചെലവ് 592 കോടിരൂപയാണ്. ക്രീം ബിസ്കറ്റ് ഒഴിവാക്കുന്നത് വഴി ഇത് 570 കോടിയായി കുറയും. ക്രീം ബിസ്കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുകയെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: