തൃശൂര്‍: സഹകരണ ബാങ്കുകളില്‍ സിപിഎം നടത്തുന്ന വ്യാപകമായ സാമ്പത്തിക ക്രമക്കേടിന്റെ ഭാഗമാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും നടന്നിട്ടുള്ളതെന്ന് ബിജെപി. 300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് അവിടെ നടന്നിട്ടുണ്ട്. സഹകരണ ബാങ്കുകളിലെത്തുന്ന നിക്ഷേപങ്ങള്‍ സിപിഎം നേതാക്കള്‍ ബിനാമി പേരുകളിലും വ്യാജ പേരുകളിലും വായ്പയെടുത്ത് കോടികളുടെ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ് മിക്ക സഹകരണ ബാങ്കുകളിലും സിപിഎം നേതാക്കള്‍ നടത്തുന്നുണ്ട്.
നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകളിലെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് ഭയന്നാണ് സിപിഎം കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തു വന്നത്. കേന്ദ്രത്തില്‍ സഹകരണ വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനത്തെ സിപിഎം എതിര്‍ത്തതും ഇതേ കാരണം കൊണ്ടാണ്. ഈ തട്ടിപ്പില്‍ നിന്ന് തലയൂരൂന്നതിനും അന്വേഷണം വ്യാപകമാകാതിരിക്കാനുമാണ് തിരക്കിട്ട് ഭരണസമിതി പിരിച്ചുവിട്ടിട്ടുള്ളത്.
കര്‍ഷകമോര്‍ച്ച നേതാവ് എം.വി.സുരേഷ് ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ഇപ്പോള്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തി ക്രമക്കേട് സ്ഥിരീകരിച്ചത്. പണം ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് സിപിഎം നേതാക്കളുടെ സ്വത്ത് ഉടന്‍ ജപ്തി ചെയ്ത് പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ അധികാരികള്‍ തയ്യാറാവണം. ഇപ്പോള്‍ പോലീസ് തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസ് എടുത്തവരെക്കൂടാതെ സിപിഎം ജില്ലാ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടത്തണം.
ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. സിപിഎം നേതാക്കളുടെ അഴിമതിപ്പണം നിക്ഷേപിച്ചിട്ടുള്ളതും തെരെഞ്ഞെടുപ്പിന് കോടികളുടെ കള്ളപ്പണം ഒഴുക്കിയിട്ടുള്ളതും സഹകരണ ബാങ്കുകള്‍ വഴിയാണ്. കേരളത്തില്‍ സഹകരണ ബാങ്കുകള്‍ മറയാക്കി സിപിഎം നേതാക്കള്‍ നടത്തുന്ന വന്‍ സാമ്പത്തിക തട്ടിപ്പ് പുറത്ത് കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷായ്ക്ക് പരാതി നല്‍കുമെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ അഡ്വ: കെ കെ അനീഷ് കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: