കൊല്ലം: അമ്മത്തൊട്ടിലില്‍ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയത് മൂന്നുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. ഇതോടെ കൊല്ലം വിക്ടോറിയ ആശുപത്രിക്ക് കിഴക്കുവശത്തെ അമ്മത്തൊട്ടില്‍ സംവിധാനത്തിലൂടെ ലഭിച്ച കുഞ്ഞുമക്കളുടെ എണ്ണം 40 ആയി. ഇതില്‍ 21 പേര് ആണ്കുഞ്ഞുങ്ങളും 19 പേര് പെണ്‍കുഞ്ഞുങ്ങളുമാണ്. 2020 മാര്‍ച്ച് മുതല്‍ ഈ മാസം വരെയുള്ള കൊവിഡ് കാലയളവില്‍ മാത്രം ലഭിച്ചത് 15 കുട്ടികളാണ്. കുട്ടികളെയെല്ലാം ജില്ലാ ശിശുക്ഷേമ സമിതിയാണ് ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ദിവസം ലഭിച്ച കുഞ്ഞിനെ കൊല്ലത്തെ വിക്ടോറിയ ആശുപത്രി ആര്‍എംഒ ഡോ. അനുവില്‍ നിന്നും ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയര്മാന് ഡി. ഷൈന്‍ദേവ്, സെക്രട്ടറി കെ. ബാലന്മാഷ് എന്നിവര്‍ ഏറ്റുവാങ്ങി. 2009 ഡിസംബര്‍ അഞ്ചിനാണ് കൊല്ലത്ത് അമ്മത്തൊട്ടില്‍ സ്ഥാപിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത് കൊല്ലം ജില്ലയിലാണ്.
അമ്മത്തൊട്ടില്‍
ജില്ലാ ആശുപത്രിക്ക് തൊട്ടടുത്തുള്ള വിക്ടോറിയ ആശുപത്രി പ്രസവാശുപത്രിയെന്നാണ് അറിയപ്പെടുന്നത്. ഇതിന് കിഴക്കുഭാഗത്താണ് അമ്മത്തൊട്ടില്‍ ഒരുക്കിയിരിക്കുന്നത്. പലവിധ സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കുകയാണിവിടെ.
അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ വിക്ടോറിയ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ അലാറം മുഴങ്ങും. ഇതോടെ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുഞ്ഞിനെ അടിയന്തിര ആരോഗ്യപരിചരണത്തിന് വിധേയമാക്കുകയും ശിശുക്ഷേമസമിതിയെ വിവരമറിയിക്കുകയും ചെയ്യും. ജില്ലയില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാത്രി 11നും അതിരാവിലെ നാലിനുമിടയിലാണ് കുഞ്ഞുങ്ങളെ കൂടുതലും ലഭിച്ചിട്ടുള്ളത്.
അഡോപ്ഷന്‍ എളുപ്പം
കേന്ദ്ര വനിതാശിശുക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഏകനടപടി. ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സീനിയോറിട്ടി ലഭിക്കുന്ന മുറയ്ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാം. രണ്ട് ദിവസം മുതല്‍ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലത്തെ അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ചിട്ടുള്ളത്.
ശിശുക്ഷേമസമിതിയുടെ കീഴില്‍ ഉളിയക്കോവിലിലുള്ള ശിശുപരിചരണകേന്ദ്രങ്ങളാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതില്‍ ഏറെയും ഇതരസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമുള്ള മലയാളികളാണ്. അമേരിക്കയിലേക്ക് വരെ കുഞ്ഞുങ്ങളെ ദത്തെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ജില്ലയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ അഡോപ്ഷന്‍ വരാത്തത് വേണ്ടത്ര പരിജ്ഞാനത്തിന്റെ അഭാവം കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: