ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചൈനയില്‍ നിന്നും പണം വാങ്ങിയതായി ബിജെപി വക്താവ് സമ്പിത് പത്ര. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമ്പിത് പത്ര ആരോപിച്ചു.
‘ഇന്ത്യയില്‍ അസ്വാരസ്യം വിതയ്‌ക്കാനുള്ള ഗൂഢ അജണ്ട ന്യൂസ് ക്ലിക്കിനുണ്ടായിരുന്നു. അതിന് പിന്നീല്‍ ഒരു വിദേശശക്തിയുടെ കരങ്ങളുണ്ട്. അത് ചൈനയാണ്. ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്,’ സമ്പിത് പത്ര പറഞ്ഞു.
‘ഇപ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ ന്യൂസ് ക്ലിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. മാധ്യമത്തിന്റെ കുപ്പായമണിഞ്ഞ് ചില പ്രതിപക്ഷപാര്‍ട്ടികളുടെ അന്താരാഷ്‌ട്ര നേതാക്കളുമായി ചേര്‍ന്ന് രാജ്യത്ത് അസ്വസ്ഥത വിതയ്‌ക്കുകയാണ് ന്യൂസ് ക്ലിക്കിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ആഭ്യന്തരകലാപമുണ്ടാക്കുക എന്ന ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്’ – സമ്പിത് പത്ര പറഞ്ഞു.
രണ്ട് വിദേശക്കമ്പനികളാണ് ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപിച്ചത്. ഏകദേശം 9.59 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയുടെ യഥാര്‍ത്ഥ ഓഹരിവില പത്ത് രൂപയായിരുന്നുവെങ്കിലും പിന്നീട് ആ വില പതിന്മടങ്ങ് പെരുപ്പിച്ച് കാണിച്ച് വിദേശ നിക്ഷേപത്തിനുള്ള മികച്ച അവസരമെന്ന നിലയില്‍ ന്യൂസ് ക്ലിക്കിനെ അവതരിപ്പിക്കുകയായിരുന്നു. മറ്റ് ചില വെബ്‌സൈറ്റുകളില്‍ നിന്നും ന്യൂസ് ക്ലിക്കിന് പണം ലഭിച്ചിരുന്നു.
‘ഗൗതം നവ്‌ലാഖ, ബപ്പ ആദിത്യ സിന്‍ഹ, ജോസഫ് രാജ് എന്നിവര്‍ക്ക് ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ന്യൂസ് ക്ലിക്ക് പണം നല്‍കിയിരുന്നു. പ്രധാനമായും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക, മോദിയെ അപമാനിക്കുക എന്നിവയായിരുന്നു പണം നല്‍കിയതിന് പിന്നിലെ ലക്ഷ്യങ്ങള്‍. എല്‍ഗര്‍ പരിഷത്ത് കേസില്‍ പ്രതിയായ നവ്‌ലാഖയ്‌ക്ക് ന്യൂസ് ക്ലിക്ക് 21 ലക്ഷം നല്‍കി. ബപ്പ ആദിത്യ സിന്‍ഹയ്‌ക്ക് 52 ലക്ഷവും രാജിന് വലിയൊരു തുകയും നല്‍കി. ന്യൂസ് ക്ലിക്കിന്റെ ഓഹരിയുടമ കൂടിയായ സിന്‍ഹ സിപി ഐയുടെ ഐടി ഉദ്യോഗസ്ഥനാണ്. ‘- അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പണം നല്‍കിയത് ചൈനയാണെന്നത് വലിയ പ്രശ്‌നമാണ്. മാത്രവുമല്ല, ചൈനയില്‍ നിന്നെത്തിയ പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നത് അതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ്- സമ്പിത് പത്ര പറഞ്ഞു.
ന്യൂസ് ക്ലിക്കിന് 2018നും 2021നും ഇടയ്‌ക്ക് വിദേശത്ത് നിന്നും ലഭിച്ച 38 കോടി രൂപ നല്‍കിയത് നെവില്ലെ റോയ് സിംഘം എന്ന വ്യക്തിയാണ്. ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. സേവനങ്ങള്‍ നല്‍കിയെന്നതിന്റെ പേരിലാണ് ഇത്രയും തുക ന്യൂസ് ക്ലിക്കിന് നല്‍കിയിരിക്കുന്നത്. ദല്‍ഹിയിലെ സെയ്തുലജബ് പ്രദേശത്തെ ന്യൂസ് ക്ലിക്ക് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെയും പ്രഞ്ജാളിന്റെയും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: