ബത്തേരി: കൊവിഡ് രണ്ടാംതരംഗം തുടരുന്നതിനാല്‍ യാത്രകളില്‍ സ്വീകരിക്കേണ്ട കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്രക്കാര്‍ കുറഞ്ഞതിനാല്‍ കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയില്‍ നിന്നും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലേക്ക് ആരംഭിച്ച സര്‍വീസുകള്‍ നിര്‍ത്തി.
ഇരു സംസ്ഥാനങ്ങളിലെയും ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കഴിഞ്ഞയാ്‌ഴ്ചയാണ് ബത്തേരി ഗുണ്ടല്‍പേട്ട സര്‍വീസ് പുനരാരംഭിച്ചത്. രാവിലെ ഏഴ്, ഒമ്പത് മണി എന്നീ സമയങ്ങളിലായിരുന്ന സര്‍വീസുകള്‍ ആരംഭിച്ചത്. ഇവ ദിവസവും ഈ റൂട്ടില്‍ മൂന്ന് തവണ സര്‍വീസുകള്‍ നടത്തുന്ന തരത്തിലായിരുന്ന ക്രമീകരണം. കഴിഞ്ഞ തിങ്കളാഴ്‌ച്ച ആരംഭിച്ച സര്‍വീസില്‍ യാത്രക്കാര്‍ തീരെയില്ലാത്തതിനാല്‍ ഗുണ്ടല്‍പേട്ടയില്‍ ആരംഭിച്ച ടോള്‍ പ്ലാസയില്‍ ബസിനുവേണ്ട 200 രൂപ കണ്ടക്ടറും, ഡ്രൈവറും ചേര്‍ന്ന് എടുത്ത് അടക്കുകയായിരുന്നു. ഇതോടെ ഒരു സര്‍വീസ് തുടങ്ങിയ അന്നുതന്നെ നിറുത്തി.
കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രക്കാര്‍ ഒന്നുകില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിന്‍ എടുത്തതിന്റെ രേഖകളോ അതിര്‍ത്തിയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കണം. എങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുളളു. തിരിച്ച് കേരളത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്. ഇതോടെ ഇരുഭാഗത്തേക്കും യാത്രക്കാര്‍ തീരയില്ലാതായതോടെ രണ്ടാമത്തെ സര്‍വീസും നിറുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു.
കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളും അന്തര്‍ജില്ല സര്‍വ്വീസുകളും നഷ്ടത്തിലാണ് പോകുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കൂടാതെ കടുത്ത നിയന്ത്രണങ്ങള്‍ ഇരുസംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി കൃഷി ആവശ്യവുമായി പോയി വരുന്നവരെ വന്‍പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇതിനുപരിഹാരം കണ്ട് പൊതുഗതാഗതം തുടങ്ങാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: