ന്യൂദല്‍ഹി: വെല്ലുവിളികളെ മറികടന്ന് മുന്നോട്ട് നീങ്ങുന്ന ടോക്കിയോ ഒളിമ്പിക്‌സ് ആരംഭിക്കാന്‍ ഇനി നാല് നാള്‍. ജൂലൈ 30 വെള്ളിയാഴ്ച ട്രാക്കുകള്‍ ഉണരും. 14 ഇനങ്ങളിലായി 26 താരങ്ങളാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങുന്നത്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് മത്സരങ്ങളുടെ ഹീറ്റ്‌സാണ് ആദ്യ ഇനം. ഒപ്പം പുരുഷന്മാരുടെ ഹൈജമ്പ് മത്സരവും നടക്കും. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യക്കായി അവിനാഷ് സാബിള്‍ മത്സരിക്കും. ആദ്യ ദിനം ഉച്ചയ്‌ക്ക് ശേഷമുള്ള മൂന്ന് ഇനങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടാകും. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എം.പി. ജാബിറും വനിതകളുടെ നൂറ് മീറ്റര്‍ ഹീറ്റ്‌സില്‍ ദ്യുതി ചന്ദും മത്സരിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരുഷന്മാരുടെ 4ഃ400 മീറ്റര്‍ റിലേയുടെ ഹീറ്റ്‌സും ആദ്യ ദിനം ഉണ്ടാകും. മലയാളികളായ മുഹമ്മദ് അനസ്, അമൂജ് ജേക്കബ്, അരോക്യ രാജീവ്, നോഹ നിര്‍മ്മല്‍, നാഗനാദന്‍ പാന്‍ഡി എന്നിവര്‍ സാന്നിധ്യമാകും. ഫൈനല്‍ റൗണ്ടും മെഡലുമാണ് ടീമിന്റെ പ്രതീക്ഷ. പുരുഷന്മാരുടെ 10,000 മീറ്ററില്‍ മാത്രം ആദ്യ ദിനം മെഡല്‍ നിര്‍ണയിക്കും.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലൂടെ രണ്ടാം ദിനം ആരംഭിക്കും. രാവിലെ നടക്കുന്ന വനിതകളുടെ ഡിസ്‌കസ് ത്രോ യോഗ്യത മത്സരങ്ങളില്‍ ഇന്ത്യക്കായി കമല്‍പ്രീത് കൗറും സീമ പൂനിയയും പങ്കെടുക്കും. പുരുഷന്മാരുടെ 800 മീറ്റര്‍, വനിതകളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷന്മാരുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സ് എന്നീ ഇനങ്ങളില്‍ ഇന്ത്യക്ക് സാന്നിധ്യമില്ല. പുരുഷന്മാരുടെ ലോങ് ജമ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യക്കായി എം. ശ്രീശങ്കര്‍ മത്സരിക്കും. വനിതകളുടെ 100 മീറ്റര്‍ ഫൈനലാണ് രണ്ടാം ദിനത്തിലെ പ്രധാന ഇനം. 4ഃ400 മീറ്റര്‍ മിക്‌സഡ് റിലേയും രണ്ടാം ദിനം മെഡല്‍ നിര്‍ണയിക്കും.
മൂന്നാം ദിനമാകും വേഗമേറിയ പുരുഷ താരത്തെ കണ്ടെത്തുക. പുരുഷന്മാരുടെ ഹൈജമ്പ്, വനിതകളുടെ ട്രിപ്പിള്‍ ജമ്പ് എന്നീ ഫൈനലുകളും മൂന്നാം ദിനം ഉണ്ടാകും. നാലാം ദിനമാണ് എം. ശ്രീശങ്കര്‍ പങ്കെടുക്കുന്ന പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനല്‍. വനിതകളുടെ 200 മീറ്റര്‍ ഹീറ്റ്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷയായി ദ്യുതി ചന്ദ് ഇറങ്ങും. നാലാം ദിനം അഞ്ച് ഫൈനലുകളാണ് ഉള്ളത്. രണ്ടെണ്ണത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളുണ്ട്. അഞ്ചാം ദിനം വനിതകളുടെ ജാവലിന്‍ ത്രോയില്‍ അനു റാണി പങ്കെടുക്കും. പുരുഷന്മാരുടെ ഷോട്ട് പുട്ടില്‍ ഇന്ത്യക്കായി തജീന്ദര്‍ പാല്‍ സിങ് പങ്കെടുക്കും. വനിതകളുടെ 800 മീറ്റര്‍ ഫൈനലും 200 മീറ്റര്‍ ഫൈനലും അഞ്ചാം ദിനത്തിന്റെ പ്രത്യേകതകളാണ്. ആറാം ദിനം പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്കൊപ്പം ശിവപാല്‍ സിങ്ങും ഇന്ത്യന്‍ സാന്നിധ്യമാകും. പുരുഷന്മാരുടെ 200 മീറ്റര്‍ ഫൈനലാണ് ആറാം ദിനം ശ്രദ്ധേയമാകുക. ഏഴാം ദിനം ട്രാക്കില്‍ ഇന്ത്യയുടെ ഏക സാന്നിധ്യം പുരുഷന്മാരുടെ 20 കിമീ. നടത്തമാണ്. കെ.ടി. ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില്ല എന്നിവര്‍ പങ്കെടുക്കും. എട്ടാം ദിനം പുരുഷന്മാരുടെ 50 കി.മീ. നടത്തവും വനിതകളുടെ 20 കിമീ. നടത്തവുമുണ്ടാകും. പുരുഷന്മാരില്‍ ഗുര്‍പ്രീത് സിങ്ങും വനിതകളില്‍ ഭാവ്‌ന ജത്, പ്രിയങ്ക ഗോസ്വാമി എന്നിവര്‍ മത്സരിക്കും. വനിതകളുടെ ജാവലിന്‍ ത്രോ ഫൈനലും എട്ടാം ദിനം ഉണ്ടാകും. പുരുഷന്മാരുടെയും വനിതകളുടെയും 4ഃ100 മീറ്റര്‍ റിലേ വിജിയികളെയും എട്ടാം ദിനം അറിയാം. ഒമ്പതാം ദിനം ഇന്ത്യക്ക് പ്രധാനമായി രണ്ട് ഫൈനലുകളുണ്ട്. ജാവലിന്‍ ത്രോയിലും പുരുഷന്മാരുടെ 4ഃ400 മീറ്റര്‍ റിലേയിലും. ഫോം തുടര്‍ന്നാല്‍ നീണ്ട കാത്തിരിപ്പിന് ശേഷം ട്രാക്കില്‍ ഇന്ത്യക്കൊരു മെഡല്‍ നീരജ് ചോപ്രയിലൂടെ എത്തും. ഒമ്പതാം ദിനം ആകെ ഏഴ് ഫൈനലുകളാണ് ഉള്ളത്. പുരുഷന്മാരുടെ 1500 മീറ്ററും വനിതകളുടെ ഹൈജമ്പുമുണ്ട്. ഓഗസ്റ്റ് എട്ടിന് ഞായറാഴ്ച പുരുഷന്മാരുടെ മാരത്തണിലൂടെയാകും ഒളിമ്പിക്‌സില്‍ ട്രാക്ക് ഇനങ്ങള്‍ അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: