തിരുവനന്തപുരം: ബക്രീദിനോട് അനുബന്ധിച്ചുള്ള ലോക്ഡൗണ്‍ ഇളവുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ) ആശങ്ക. അനവസരത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നും ദൗര്‍ഭാഗ്യകരമെന്നും ഐഎംഎ പറയുന്നു. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വളരെ ശക്തമായ വാക്കുകളുപയോഗിച്ചാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഐഎംഎ രംഗത്തെത്തിയിരിക്കുന്നത്. ബക്രീദിനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ ഇളവുകളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
സര്‍ക്കാരിന്റേത് അനവസരത്തിലുള്ള അനാവശ്യ തീരുമാനമെന്ന് ഐഎംഎ കുറ്റപ്പെടുത്തുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പോലും തീര്‍ഥാടന യാത്രകള്‍ മാറ്റിവച്ചുവെന്ന് കന്‍വര്‍ യാത്രയെ പരാമര്‍ശിച്ച് ഐഎംഎ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകള്‍ നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നും ഐഎംഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇളവുകള്‍ അനുവദിച്ചുള്ള ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: