മക്കളേ,
ഭാരത സംസ്കാരത്തെയും ജനജീവിതത്തെയും ഏറ്റവും അധികം സ്വാധീനിച്ച ഗ്രന്ഥമേതാണ് എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഒറ്റ ഉത്തരമേ ഉണ്ടാവൂ; രാമായണം. മനുഷ്യ ജീവിതത്തിന്റെ തന്നെ കഥയാണത്. ഉന്നതമായ ജീവിതമൂല്യങ്ങളെയും മഹത്തായ ജീവിതസത്യങ്ങളെയും അതു നമുക്കു കാട്ടിത്തരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു ആദികവിയായ വാല്മീകിയുടെ ഹൃദയത്തില്‍നിന്നു ഒഴുകിവന്ന രാമായണം നമ്മുടെ സംസ്ക്കാരത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിച്ചിട്ടുണ്ട്, ഇന്നും ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
രാമന് ഈശ്വരനാണോ മനുഷ്യനാണോ എന്നു ചിലര്‍ ചോദിക്കാറുണ്ട്. വാസ്തവത്തില്‍ ജീവനും ഈശ്വരനും ഒന്നുതന്നെ. ഒരു മനുഷ്യന് ഈശ്വരപദത്തിലേക്ക് എങ്ങനെ ഉയരണം എന്നു പഠിപ്പിക്കാന്തന്നെയാണ് ഈശ്വരന് മനുഷ്യനായി അവതരിക്കുന്നത്. മനുഷ്യനായി അവതരിക്കുമ്പോള്‍ മാനുഷികമായ പരിമിതികള്‍ ഈശ്വരനും പ്രകടമാക്കും. മറ്റുള്ളവര്‍ക്ക് അവരോട് അടുക്കുവാനും സാമീപ്യം അനുഭവിക്കുവാനുമുള്ള സാഹചര്യം ഉണ്ടാക്കുവാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. ഒരു ജീവന് പൂര്‍ണ്ണതയിലേയ്ക്ക് എങ്ങനെ സഞ്ചരിക്കണം എന്നു പരമാത്മാവുതന്നെ കാട്ടിത്തരുന്നതാണു രാമായണം. രാമന്റെ അയനമാണു രാമായണം. ‘അയന’മെന്നാല്‍ സഞ്ചാരമെന്നര്‍ത്ഥം.
ഇന്ന് പലരും രാമായണം വായിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ അതിന്റെ സാരം ഉള്‍ക്കൊള്ളുന്നുള്ളൂ. രാമായണമാസാചരണം രാമായണം വായനയില്‍ മാത്രം ഒതുക്കാതെ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് അതിലെ തത്ത്വങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനും ജീവിതത്തില്‍ അവ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നു ചിന്തിക്കാനും ഈ അവസരം ഉപയോഗിക്കണം. ശാസ്ര്തങ്ങളില്‍ പറഞ്ഞിരിക്കുന്ന തത്ത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, അവയുടെ യഥാര്‍ത്ഥ പ്രയോജനം നമുക്കു ലഭിക്കില്ല.
അമ്മ ഒരു സംഭവം ഓര്‍ക്കുന്നു. പല പണ്ഡിതന്മാരും ചേര്‍ന്ന് ഒരു സദസ്സില്‍ രാമായണത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനം ഏതാണെന്നു ചര്‍ച്ച ചെയ്യുകയായിരുന്നു. ഒരു പണ്ഡിതന് പറഞ്ഞു, ”എനിക്ക് ഇന്നയാള് എഴുതിയ വ്യാഖ്യാനമാണ് ഇഷ്ടം. കാരണം അത് ഇന്നത്തെ ജനങ്ങള്‍ക്കു മനസ്സിലാകുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.” മറ്റൊരു പണ്ഡിതന് പറഞ്ഞു, ”എനിക്ക് മറ്റൊരു വ്യക്തി പദ്യരൂപത്തില്‍ എഴുതിയ വ്യാഖ്യാനമാണ് ഇഷ്ടം.” അങ്ങനെ പല അഭിപ്രായങ്ങളും വന്നു. ഒരു പണ്ഡിതന് മാത്രം പറഞ്ഞു, ”എനിക്ക് എന്റെ അമ്മ എഴുതിയ വ്യാഖ്യാനമാണ് ഏറ്റവും ഇഷ്ടം.”
”ഹോ നിങ്ങളുടെ അമ്മ രാമായണത്തിന് വ്യാഖ്യാനം രചിച്ചിട്ടുണ്ടോ?”, മറ്റു പണ്ഡിതര്‍ അശ്ചര്യത്തോടെ ചോദിച്ചു. അപ്പോള്‍ ഈ പണ്ഡിതന് പറഞ്ഞു, ”എന്റെ അമ്മ രാമായണത്തെ ജീവിതമാക്കിത്തീര്ത്തു. അതില്‍ പറഞ്ഞിരിക്കുന്ന പല ആദര്‍ശങ്ങളും മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തി. എന്റെ കാഴ്ചപ്പാടില്‍ അതാണ് രാമായണത്തിനു രചിക്കപ്പെട്ട ഏറ്റവും നല്ല വ്യാഖ്യാനം.”
രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ സംഭവവും നമുക്കു ഗുരുവാണ്. മാനുഷിക മൂല്യങ്ങളുടെയും ആദ്ധ്യാത്മികതത്ത്വങ്ങളുടെയും ഒരു കലവറതന്നെയാണു രാമായണം. രാമായണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരാളും സ്വയം ശുദ്ധീകരിക്കപ്പെടുന്നു. അയാളില്‍ ധാര്‍മ്മികബോധവും ഭക്തിയും ജ്ഞാനവും വൈരാഗ്യവും വളരുന്നു.
രാമായണം രാമന്റെ അയനമായിത്തന്നെ ഇരുന്നാല്‍ പോരാ. രാമനിലേയ്ക്കുള്ള നമ്മുടെ അയനമായി അതു വളരണം. രാമന് സ്വജീവിതത്തിലൂടെ കാട്ടിത്തന്ന ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ മൂല്യങ്ങള്‍ ജീവിതത്തിലും പകര്‍ത്തുവാനുള്ള പരിശ്രമമായി അതു വികസിക്കട്ടെ. അപ്പോഴാണ് രാമായണമാസാചരണം സാര്‍ത്ഥകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: