സനില്‍ പി. തോമസ്
ബീജിങ് ഒളിമ്പിക് വര്‍ഷം ന്യൂയോര്‍ക്ക് ഗ്രാന്‍പ്രീയില്‍ 9.72 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടി അസഫ പവലിന്റെ ലോക റെക്കോര്‍ഡ് തിരുത്തിയപ്പോള്‍ ബെയ്ജിങ്ങിലെ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ സംഭവിക്കാന്‍ പോകുന്നതു വ്യക്തമായിരുന്നു. ബോള്‍ട്ട് 100 മീറ്ററില്‍ സ്വര്‍ണം നേടിയത് 9.69 സെക്കന്‍ഡിന്റെ ലോക റെക്കോഡോടെ. 200 മീറ്ററില്‍ 19.30 സെക്കന്‍ഡിന്റെ ലോക റെക്കോഡോടെ സ്വര്‍ണം. അന്നു മുതല്‍ 2016ലെ റിയോ വരെ ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കന്‍ സ്പ്രിന്ററിലാണു കേന്ദ്രീകരിച്ചിരുന്നത്. ടോക്കിയോയില്‍ ട്രാക്ക് ഉണരുമ്പോള്‍ ഉസൈന്‍ ബോള്‍ട്ട് ഇല്ല. അതുപോലെ മറ്റൊരു താരവുമില്ല.
സ്വീഡന്റെ ഇരുപതുകാരന് അര്‍മന്‍ഡ് ഡുപ്ലാന്റിസ് പോള്‍വോള്‍ട്ടില്‍ 6.18 മീറ്റര്‍ താണ്ടി നില്ക്കുന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാര്‍സ്റ്റന്‍ വാര്‍ഹോം മൊണാക്കോ ഡയമന്‍ഡ് ലീഗില്‍ തിരുത്തിയത് കെവിന് യങ്ങിന്റെ 29 വര്‍ഷം പഴക്കമുള്ള ലോക റെക്കോഡാണ് (46.70 സെ). പുരുഷന്മാരുടെ ട്രാക്ക് ഇനങ്ങളില്‍ ഏറ്റവും അധികം കാലം നിലനിന്നതായിരുന്നു യങ്ങിന്റെ റെക്കോഡ് (46.78 സെ). വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സിഡ്നി മക്ലാഫിന് 51.90 സെക്കന്‍ഡിന്റെ ലോക റെക്കോഡ് കുറിച്ചപ്പോള്‍ 52 സെക്കന്‍ഡില്‍ താഴെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫിനിഷ് ചെയ്ത പ്രഥമ വനിതയായി. ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രെയ്സര്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഓട്ടക്കാരിയായതും അടുത്ത നാളില്‍ (10.63സെ). പക്ഷേ, ഇവരാരും ഉസൈന്‍ ബോള്‍ട്ടിന്റെ താരപ്രഭയില്‍ എത്തുന്നില്ല.
ഷെല്ലി ആന്‍ ഫ്രെയ്സര്‍ ജമൈക്കയുടെ വനിതാ ബോള്‍ട്ടാണ്. ആറ് ഒളിമ്പിക് മെഡലും 11 ലോക ചാംപ്യന്‍ഷിപ്പ് മെഡലും സ്വന്തമായുള്ള ഷെല്ലി ദോഹ ലോക ചാംപ്യന്‍ഷിപ്പില്‍ നാലാമതൊരിക്കല്‍ കൂടി 100 മീറ്റര്‍ സ്വര്‍ണം നേടിയപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ മൂന്നു തവണ 100 മീറ്റര്‍ ലോക ചാംപ്യന്‍ എന്ന റെക്കോഡും തിരുത്തി. മുപ്പത്തിനാലാം വയസില്‍, സിയോന്‍ എന്ന മൂന്നു വയസ്സുകാരന്റെ അമ്മ ലക്ഷ്യമിടുന്നത് മൂന്നാം ഒളിമ്പിക് സ്വര്‍ണമാണ്. ബീജിങ്ങിലും ലണ്ടനിലും ജയിച്ച ഷെല്ലി ട്രിപ്പിള്‍ തികയ്ക്കാന്‍ ഒരുങ്ങുന്നു. എലെയ്ന് തോംസന് ഭീഷണി ഉയര്‍ത്തുന്നു. ഉസൈന്‍ ബോള്‍ട്ടിന്റെ കാര്യം ഇങ്ങനെയല്ലായിരുന്നു. ബോള്‍ട്ടിന്റെ വിജയം ബീജിങ്ങ് മുതല്‍ റിയോ വരെ ആരും സംശയിച്ചില്ല.
ഇത്തവണ കൊവിഡ് മഹാമാരി എത്രയോ താരങ്ങളുടെ പരിശീലനത്തെ ബാധിച്ചു. ആര്‍ക്കൊക്കെ പ്രതിഭ മുഴുവന്‍ പുറത്തെടുക്കാനാവുമെന്നു പറയാന്‍ പറ്റാത്ത അവസ്ഥ. ഉസൈന്‍ ബോള്‍ട്ട് വിരമിച്ചതാണെങ്കില്, യോഗ്യത കൈവരിക്കാനാകാതെയും ഉത്തേജകത്തിന്റെ പിടിയില്പ്പെട്ടും ചില സൂപ്പര്‍ താരങ്ങള്‍ ടോക്കിയോയില്‍ എത്താതെ പോകുന്നുണ്ട്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും 5000 മീറ്ററും 10,000 മീറ്ററും ജയിച്ച ബ്രിട്ടീഷ് താരം മോ ഫറ മൂപ്പത്തെട്ടാം വയസില്‍ 10,000 മീറ്ററില്‍ യോഗ്യതാ മത്സരത്തില്‍ എട്ടാമതായിപ്പോയി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ദോഹ ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ സാല്വാ ഈദ് നാസറിന്റെ അസാന്നിധ്യം വനിതകളുടെ ഒരു ലാപ് ഓട്ടത്തിന്റെ ഗ്ലാമര്‍ കുറയ്ക്കും. നൈജീരിയയില്‍ ജനിച്ച്, ബഹ്റൈനെ പ്രതിനിധാനം ചെയ്യുന്ന സാല്വാ നാസര്‍ 400 മീറ്ററില്‍ ലോക ചാംപ്യനായ ആദ്യ ഏഷ്യക്കാരിയും പ്രായം കുറഞ്ഞ താരവുമായിരുന്നു. പക്ഷേ, ഉത്തേജകത്തിന്റെ പേരില്‍ വിലക്കു നേരിടുകയാണ്.
നൂറു മീറ്ററിലെ ലോക ചാംപ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാനും ഉത്തേജകത്തിന്റെ പേരില്‍ സസ്പെന്‍ഷനിലാണ്. വനിതാ വിഭാഗത്തില്‍ യുഎസ് താരം ഷ കാരി റിച്ചാര്‍ഡ്സനും വിലക്കു നേരിടുന്നു. വനിതകളുടെ 800 മീറ്ററിലെ ഇരട്ട സ്വര്‍ണ വിജയി, ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ ടോക്കിയോയില്‍ 200 മീറ്ററില്‍ മത്സരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ശരീരത്തില്‍ ടെസ്റ്റോസ്റ്റെറോന് അളവു കൂടുതലായതിനാല്‍ സെമന്യയ്ക്ക് 400 മീറ്റര്‍ മുതല്‍ 1500 മീറ്റര്‍ വരെയുള്ള ഇനങ്ങളില്‍ മത്സരിക്കുന്നതിനു വിലക്കുണ്ട്.
ആറ് ഒളിംപിക് സ്വര്‍ണം നേടിയ ഏക വനിതാ അത്ലറ്റ്, അമേരിക്കയുടെ ആലിസന് ഫെലിക്സ് 35-ാം വയസില്‍ നാലാമതൊരു ഒളിമ്പിക്സില്‍ മത്സരിക്കുന്നു. വെനസ്വേലയുടെ യൂലിമര്‍ റോജസ് വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ ഇന്‍ഡോര്‍ ലോക റെക്കോഡ് തിരുത്തിയിരുന്നു (15.43 മീറ്റര്‍). റോജസ് കഴിഞ്ഞ രണ്ട് ലോക ചാംപ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയ താരമാണ്. വനിതകളുടെ 10,000 മീറ്ററില്‍ നെതര്‍ലന്‍ഡ്സിന്റെ സിഫാന്‍ ഹസ്സന് ലോക റെക്കോഡ് തിരുത്തിക്കഴിഞ്ഞു (29:06.82). മുന്‍ ലോക റെക്കോര്‍ഡ് ഉടമ, എത്യോപ്യയുടെ അല്‍മാസ് അയന റിയോയിലെ സ്വര്‍ണമെഡല്‍ വിജയിയാണ്. മത്സരം കടുക്കും. ഷോട്ട്പുട്ടില്‍ വലേരി ആദംസ്, 35-ാം വയസില്‍, അഞ്ചാം ഒളിമ്പിക്സിന് ഇറങ്ങുന്നത് പ്രതീക്ഷയോടെ.
വനിതകളുടെ 100 മീറ്ററില്‍ ഷ കാരി റിച്ചാര്‍ഡ്സന്റെ അസാന്നിധ്യം അമേരിക്കയുടെ തന്നെ ജാവിയന്‍ ഒലിവറിന് അവസരം സൃഷ്ടിക്കുന്നു. പുരുഷ വിഭാഗത്തില്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്റെ അഭാവം മുതലാക്കാമെന്ന് മുന്‍ ചാംപ്യന്‍ ജസ്റ്റിന് ഗാറ്റ്ലിനും കണക്കുക്കൂട്ടുന്നു. 39-ാം വയസില്‍ വിജയിച്ചാല്‍ ഗാറ്റ്ലിന് ഒളിമ്പിക് ട്രാക്കിലെ പ്രായം കൂടിയ വിജയിയാകും.
പ്രതീക്ഷയത്രയും നീരജ് ചോപ്രയില്‍
അത്ലറ്റിക്സില് ഇന്ത്യയുടെ പ്രതീക്ഷയത്രയും ജാവലിന്‍ താരം നീരജ് ചോപ്രയിലാണ്. മില്‍ഖാ സിങ് റോം ഒളിമ്പിക്സില്‍ മത്സരിച്ചതുപോലെ, ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയാണ് നീരജ് ടോക്കിയോയില്‍ മത്സരിക്കുന്നത്. അണ്ടര്‍ 20 വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ആകാന്‍ നീരജിനു കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ 88.07 മീറ്റര്‍ ജാവലിന്‍ പായിച്ച നീരജ് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. പോളണ്ടിന്റെ ജൊഹാന്‍സ് വെറ്റര്‍ (96.29മീ.), ഫിന്‍ലന്‍ഡ് താരങ്ങളായ മാര്സിന് ക്രുക്കോസ്കി (89.55 മീ.), കെഷോന്‍ വാല്‍കോട്ട് (89.12 മീ.) എന്നിവരാണു നീരജിനു മുന്നിലുള്ളത്. നീരജിന് ആശംസ നേരാം. അത്ലറ്റിക്സില് നടാടെയൊരു ഇന്ത്യന്‍ താരം ഒളിമ്പിക് പോഡിയത്തില്‍ കാല്വയ്ക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: