ടോക്കിയോ ഒളിമ്പിക്സ്-1964… ഇന്ത്യ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്വര്‍ണമെഡല്‍ നേടുന്നത് അന്നു ടോക്കിയോയില്‍ കാണാന്‍ കഴിഞ്ഞു. ചരണ്‍ജിത്ത് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം പാക്കിസ്ഥാനെ തോല്‍പ്പിച്ച് ചാംപ്യന്മാരായി. നന്നായി ഒരുങ്ങി പുറപ്പെട്ട ഇന്ത്യയെ വാസ്തവത്തില്‍ ടോക്കിയോ അന്നു ഭയപ്പെടുത്തിയിരുന്നു. കാരണം 1958ല്‍ ഇവിടെ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഗോള്‍ ആവറേജിലാണെങ്കിലും ഇന്ത്യക്കു പാക്കിസ്ഥാനോട് പരാജയം പിണഞ്ഞിരുന്നു.
ആ തോല്‍വിയുടെ വേദനയറിഞ്ഞ ഇന്ത്യ ഇവിടെ ഒളിമ്പിക്സിന് ഇറങ്ങിയത് നല്ല ഒരുക്കത്തിലായിരുന്നു. പക്ഷേ, ജര്‍മനിയോടും സ്പെയിനിനോടും ഗ്രൂപ്പ് ലീഗ് മത്സരത്തില്‍ കഷ്ടിച്ചാണ് പരാജയത്തില്‍ നിന്നു രക്ഷപ്പെട്ടത്. പരിക്കു കാരണം, തുരുപ്പുചീട്ടായിരുന്ന ഹര്‍ബിന്ദര്‍ സിങ്ങ് ഫോമിലായില്ല.
എന്നാല്‍ ബല്‍ബീര്‍ സിങ്ങ് ഗോളടിയന്ത്രമായി മാറി. ഗ്രൂപ്പില്‍ ശക്തികാണിച്ചു വന്ന ഓസ്ട്രേലിയയെ സെമിഫൈനലില്‍ 3-1നു തോല്‍പ്പിക്കാന്‍ കഴിഞ്ഞതോടെ ഇന്ത്യക്കു ആത്മവിശ്വാസമായി. സ്പെയിനിനെ തോല്‍പ്പിച്ചു കയറിവന്ന പാക്കിസ്ഥാന്റെ മുന്നേറ്റനിരയെ ശരിക്കും പൂട്ടിയ ഇന്ത്യ, രണ്ടാം പകുതിയില്‍ നേടിയ ഏക ഗോളോടെ വിജയപീഠം കയറുകയും ചെയ്തു. മൊഹിന്ദര്ലാലിന്റെ പെനല്‍റ്റി സ്ട്രോക്കിനു നന്ദി.
1928ലെ ആംസ്റ്റര്‍ഡാം ഒളിംപിക്സില്‍ ജയ്പാല് സിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായിരുന്നു ഹോക്കിയില്‍ ഇന്ത്യക്കു വിജയഗാഥ. അടുത്ത ഒളിംപിക്സില്‍ 1932ല്‍ ലാല്‍ഷാ ബുഖാരിയുടെ ടീം അമേരിക്കയെ 24-1നു തോല്‍പ്പിച്ചാണ് സ്വര്‍ണം നിലനിര്‍ത്തിയത്.
1936ലെ ബെര്‍ലിന്‍ ഒളിമ്പ്യാഡില്‍ ധ്യാന്‍ചന്ദും കൂട്ടുകാരും ചേര്‍ന്നു ജര്‍മനിയെ 8-1നു തോല്‍പ്പിച്ച് ഹാറ്റ്ട്രിക്ക് പൂര്‍ത്തിയാക്കി. 1948 പിറന്നപ്പോള്‍ ലണ്ടനില്‍ കിഷന്‍ലാല്‍ നയിച്ച ടീം ഫൈനലില്‍ ബ്രിട്ടനെ നാലു ഗോളിനു തോല്‍പ്പിച്ചു. 1952-ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ കെ.ഡി. സിങ്ങ് ബാബുവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ഹോളണ്ടിനെ 6-1നു തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി.
മെല്‍ബണില്‍ 1956ലെ കലാശക്കളിയില്‍ പാക്കിസ്ഥാന് കയറിവന്നെങ്കിലും, ബല്‍ബീര്‍ സിങ്ങ് നയിച്ച ഇന്ത്യന്‍ ടീം സ്വര്‍ണം വിട്ടുകൊടുത്തില്ല. രണ്ടാം പകുതിയുടെ മദ്ധ്യത്തില്‍ രണ്‍ധീര്‍ സിങ്ങ് ജെന്റിലിന്റെ വകയായിരുന്നു ഏകഗോള്‍. 1966ല്‍ റോമില്‍ നാസര്‍ ബന്ദയുടെ ഏക ഗോളില്‍ പാക്കിസ്ഥാന് ലെസ്ലി ക്ലോഡിയസിന്റെ ഇന്ത്യയെ ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനത്തേക്ക് തള്ളി.
1964 ടോക്കിയോയില്‍ വിജയകിരീടം തിരിച്ചുപിടിച്ച ശേഷം 1968ലെ മെക്സിക്കോ ഒളിമ്പിക്സ് ഇന്ത്യന്‍ ടീമിന്നകത്തെ പടലപിണക്കം വെളിച്ചത്ത് കൊണ്ടുവന്നു. രണ്ടു ക്യാപ്റ്റന്മാര് (പൃഥ്വിപാല്സിങ്ങ്, ഗുരു ബക്സ് സിങ്) നയിച്ച ടീമിനു ടോക്കിയോയിലെ സ്വര്‍ണം വെങ്കലമായി.
1972 മ്യൂണിക്കില്‍ ഹര്‍മിക്ക് സിങ്ങ് നയിച്ച ടീമും ഓട്ടുമെഡലുമായാണ് മടങ്ങിയത്. 1976ല്‍ മോണ്ട്രിയോളില് ഏഴാം സ്ഥാനത്തേക്ക് വീണുപോയെങ്കിലും 1980ല്‍ മോസ്കോയില്‍ വാസുദേവന്‍ ഭാസ്കരന് ക്യാപ്റ്റനായ ടീം സ്വര്‍ണം വീണ്ടെടുത്തു. 1984ല്‍ ലോസ് ആഞ്ചലസില്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ടീം 1988ല്‍ സോളില്‍ ആറാം സ്ഥാനത്തും 1992 ബാഴ്സിലോണയില്‍ ഏഴാം സ്ഥാനത്തും 1996 അറ്റ്ലാന്റയില്‍ എട്ടാംസ്ഥാനത്തും വഴുതി വീഴുന്നത് നാം ദുഃഖത്തോടെയാണ് കണ്ടത്. രമണ്‍ദീപ് സിങ്ങിന്റെ നേതൃത്വത്തില്‍ 2000 സിഡ്നി ഗെയിംസില്‍ ഒരു പടി കയറിയെങ്കിലും ഏഴാംസ്ഥാനം നിലനിര്‍ത്താന്‍ മാത്രമെ ആതന്‍സില്‍ നടന്ന 2004 ഒളിംപിക്സില്‍ നമുക്കു സാധിച്ചുള്ളു. 2008 ബെയ്ജിങ്ങ് ഒളിമ്പിക്സില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യ. 2012ല്‍ ലണ്ടനില്‍ മത്സരിച്ച പന്ത്രണ്ടു ടീമുകളില്‍ അവസാനസ്ഥാനത്ത് ഇറങ്ങിനിന്നാണ് മടങ്ങിയത്. 2016ല്‍ റിയോവിലാകട്ടെ കേരളത്തിന്റെ സ്വന്തം പി.ആര്. ശ്രീജേഷ് നയിച്ച ടീം ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തായിരുന്നിട്ടും ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിയാതെയും മടങ്ങി.
സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുക്കാല്‍ നൂറ്റാണ്ട് മുമ്പ് കെട്ടുകെട്ടിച്ച ഇന്ത്യ, ഉദയസൂര്യന്റെ നാട്ടിലേക്ക് ഒരിക്കല്‍കൂടി ചെല്ലുന്നു. മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തില്‍ മലയാളിയായ ഗോളി പി.ആര്. ശ്രീജേഷ് ഉള്‍പ്പെട്ടതാണ് നമ്മുടെ അണി.
ടോക്കിയോ ഇന്ത്യയുടെ ഭാഗ്യനഗരിയാണ്. ആറു തവണ സ്വര്‍ണം നേടിയ ശേഷം പിന്തള്ളപ്പെട്ട നമ്മുടെ ഹോക്കി ടീം വിജയപീഠത്തില്‍ തിരിച്ചുകയറിയത് ഇതേ ടോക്കിയോയില്‍ ആണല്ലോ. 2021ല്‍ നടക്കുന്ന 2020ലെ ഈ ഒളിമ്പിക്സില്‍ അവര്‍ ചരിത്രമെഴുതുമോ? കായികപ്രേമികള്‍ ഉറ്റുനോക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: