തൊടുപുഴ: കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് നാല് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴ അടക്കുന്നതിനും ശിക്ഷിച്ചു. കോട്ടയം മേലുകാവ് എരുമാപ്ര പാറശ്ശേരി സാജന് സാമുവേല്‍(42), തൊടുപുഴ അരിക്കുഴ പാറക്കടവ് നടുത്തൊട്ടിയില്‍ സഞ്ജയ് സജീവ്(25), തൊടുപുഴ കോലാനി പനയച്ചാലില് വിമല്‍ രാധാകൃഷ്ണന്(28) എന്നിവരെയാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജി ജി. അനില്‍ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. 2017 ജൂണ്‍ മാസം 5ന് ആണ് കേസിന് ആസ്പദമായ സംഭവം. മുട്ടം റൈഫിള്‍ ക്ലബിലേയ്ക്കുള്ള റോഡില്‍ വച്ച് 1.050 കി.ഗ്രാം കഞ്ചാവ് കടത്തികൊണ്ടുവന്ന കേസിലെ പ്രതികള്‍ പിടിയിലായത്. ഇതിനിടെ ഇവര്‍ എക്സൈസ് സംഘത്തെ മാരകായുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പ്രതികളെ പിടികൂടിയത്. കേസില്‍ പ്രോസിക്യൂഷന് ഭാഗം പ്രതികള്‍ ഉപയോഗിച്ച സ്പ്രിംഗ് കത്തി, പിച്ചാത്തി, വാക്കത്തി കോടതി തെളിവിലേക്ക് സ്വീകരിച്ചിരുന്നു.
അടിമാലി എക്സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.എസ്. ജനീഷും പാര്‍ട്ടിയും ചേര്‍ന്ന് ആണ് കേസ് പിടികൂടിയത്. അടിമാലി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.പി. ജീസണ്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: