രാജാക്കാട്: ആനയിറങ്കല്‍ ജലാശയത്തിനോട് ചേര്‍ന്നുള്ള 4 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്കിയ സംഭവം വിവാദമാകുന്നു. മര്‍മ്മ പ്രധാനമായ സ്ഥലത്ത് കുന്നിടിച്ച് നിരത്തി നടക്കുന്നത് വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
അതീവ സുരക്ഷാ പ്രാധാന്യമുള്ള അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ സ്ഥലമാണ് പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള സൊസൈറ്റിക്ക് കൈമാറിയത്. സമാനമായി തന്നെ വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പാട്ടത്തിന് കൊടുത്തതായാണ് പുറത്തു വരുന്ന വിവരം. സിപിഎം നേതാക്കളും ഹൈഡല്‍ ടൂറിസം മേഖലയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനും ചേര്‍ന്നതാണ് ഇതിന്റെ പിന്നിലെ സൂത്രധാരകര്‍. 2019ല്‍ രാജാക്കാട്ടിലെ പൊന്മുടി അണക്കെട്ടിനോട് ചേര്‍ന്നുള്ള 21 ഏക്കര്‍ സ്ഥലം 15 വര്‍ഷത്തേക്ക് രാജാക്കാട് സഹകരണ ബാങ്കിന്് പാട്ടത്തിന് കൊടുത്തിരുന്നു.
ഹൈഡല്‍ ടൂറിസം നടപ്പിലാക്കുന്നതിനായി കൊടുത്ത ഇവിടെ നിന്നുമുള്ള വരുമാനം പങ്കാളിത്ത വ്യവസ്ഥയിലാണ് കൊടുത്തിട്ടുള്ളതെന്നുമാണ് പറയുന്നത്. അന്നത്തെ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ് ആനയിറങ്കല്‍ ഡാം പരിസരത്തും നടപടികള്‍ നീങ്ങുന്നത്.
മാട്ടുപ്പെട്ടി, മൂന്നാര്‍ തുടങ്ങിയ ഹൈഡല്‍ ടൂറിസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് ആനയിറങ്കലില്‍ നിന്നുമാണ്. നിലവില്‍ റിസോര്‍ട്ടുകളും കച്ചവട സ്ഥാപനങ്ങളുമുള്ള സ്ഥലമാണിവിടം. വീണ്ടും കുന്നിടിച്ച് അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ പറയുന്നത്. സിപിഎം. ഭരിക്കുന്ന ചില സഹകരണ ബാങ്കുകളും അതേ പാര്‍ട്ടിയുടെ കൈവശമിരുന്ന വൈദ്യുതി വകുപ്പും ചേര്‍ന്ന് നടത്തിയിട്ടുള്ള വലിയ അഴിമതിക്കഥകളാണ് ഇത്തരത്തില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് കൊടുക്കുന്ന വന്‍ തുക വകമാറ്റി ചെലവഴിക്കുന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്. ഏതാനും ചില സിപിഎം നേതാക്കള്‍ക്ക് പണമുണ്ടാക്കുന്നതിനും അവരുടെ അനുയായികള്‍ക്ക് ജോലി കൊടുക്കുന്നതിനും മാത്രമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിര്‍മാണവും പിന്നിലെ അഴിമതിയും കേന്ദ്ര ഏജന്‍സി അന്വഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: