കൊച്ചി: നിലവിലുള്ളവരെ നീക്കാതിരിക്കാനും പുതിയ ആളുകളെ നിയമിക്കുന്നതിനും വേണ്ടിയുള്ള ഉന്നതനേതാക്കളുടെ സമ്മര്‍ദത്തില്‍ ഗവ. പ്ലീഡര്‍ നിയമനം സിപിഎമ്മിന് കീറാമുട്ടിയാകുന്നു. 135 പ്ലീഡര്‍മാരുടെ നിയമനമാണ് നടത്തേണ്ടത്. സീനിയര്‍, ജൂനിയര്‍ സ്‌പെഷ്യല്‍ ജിപിമാരെയാണ് നിയമിക്കേണ്ടത്. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതിയില്‍ ഗവ. പ്ലീഡര്‍മാരായി നിയമനം ആവശ്യപ്പെട്ടുള്ള നേതാക്കളുടെ ശുപാര്‍ശയ്‌ക്ക് പുറമേ ഘടകകക്ഷികളുടെ ആവശ്യവും നിയമനം വൈകുന്നതിന് കാരണമായി.
ഇക്കുറി പുതിയതായി മുന്നണിയിലെത്തിയ ജോസ്.കെ.മാണിയുടെ പാര്‍ട്ടിക്കും വീതം വയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ ഭരണത്തില്‍ നടന്ന നിയമനങ്ങള്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. സിപിഎം അനുകൂല അഭിഭാഷക സംഘടനായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനിലെ സമാന യോഗ്യതയുള്ള പലരേയും ഒഴിവാക്കിയാണ് നിയമനങ്ങള്‍ എന്നതില്‍ സംഘടനക്കുള്ളില്‍ തന്നെ അമര്‍ഷം നിലനില്‍ക്കുകയാണ്. ഇതോടെ അധികാരമേറ്റു രണ്ടു മാസം പിന്നിടുമ്പോഴും ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം പൂര്‍ത്തിയാക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍ വലയുകയാണ്. ഉയര്‍ന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും സ്വകാര്യ വാഹനങ്ങളില്‍ ബോര്‍ഡ് വച്ച് യാത്രചെയ്യാമെന്നതും ആകര്‍ഷകമായ പദവിയായിട്ടാണ് പലരും ഇതിനെ കാണുന്നത്.
കേസ് നടത്തുന്നതിലെ പ്രാവീണ്യം നോക്കിയല്ല ഗവ. പ്ലീഡര്‍മാരുടെ നിയമനം നടത്തുന്നത്. സഹകരണബാങ്കുകള്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ കുടിയിരുത്താനുള്ള സ്ഥാപനമായി മാറിയതുപേലെയാണ് ഇപ്പോള്‍ ഗവ.പ്ലീഡര്‍മാരുടെ നിയമനവും. സാധാരണ ആളുകള്‍ അറിയാത്ത സര്‍ക്കാര്‍ ഉള്‍പ്പെട്ട നിരവധി കേസുകളാണ് ഗവ. പ്ലീഡര്‍മാര്‍ കൈകാര്യം ചെയ്യേണ്ടത്. കേസ് നടത്തി പ്രാവീണ്യം തെളിയിക്കാതെ ശുപാര്‍ശയുടെ പുറത്ത് പ്ലീഡര്‍മാരായി എത്തുന്നതിനാല്‍ കേസുനടത്തിപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ട നിരവധി സംഭവങ്ങള്‍ ഉണ്ട്. വന്‍തുക നല്‍കി പുറത്തുനിന്നും അഭിഭാഷകരെ എത്തിക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. മൂന്നു വര്‍ഷമാണ് ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുടെ കാലാവധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നടപ്പാക്കിയതുപോലെ ഒരു പ്രാവശ്യം പദവി വഹിച്ചവരെ മാറ്റി നിര്‍ത്താന്‍ ഗവ. പ്ലീഡര്‍ നിയമനത്തില്‍ പാര്‍ട്ടിക്ക് കഴിയാതെ വരുന്നു. രാഷ്‌ട്രീയ പരിഗണനയ്‌ക്കപ്പുറം യോഗ്യതകൂടി പരിഗണിച്ചുവേണം ഗവ. പ്ലീഡര്‍മാരുടെ നിയമനമെന്ന നിലപാടിലെത്താന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: