തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതു ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ആക്കുന്നതിനെ അനുകൂലിച്ചുള്ള മുസ്ലിം ലീഗിന്റെ കത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതത്തില്‍ വീതംവയ്‌ക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെ ലീഗിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് കത്ത് പുറത്തുവിട്ടത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കുന്ന പൊതു ആനുകൂല്യങ്ങള്‍ 2021-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതിനെ പിന്തുണച്ച് ജൂണ്‍ മൂന്നിനായിരുന്നു മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ കത്തു നല്‍കിയത്.
അതേസമയം നിലവിലെ സ്‌കോളര്‍ഷിപ്പ് നൂറുശതമാനവും മുസ്ലിം സമുദായങ്ങള്‍ക്ക് ലഭിക്കുംവിധം സാഹചര്യമുണ്ടാക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ ഒരുഭാഗം പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നടപടി അദ്ഭുതപ്പെടുത്തുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചെയ്തത് തെറ്റാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതിനാലാണ് കത്ത് പുറത്തുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. പാലൊളി, സച്ചാര്‍ കമ്മിറ്റികളുടെ തീരുമാനം തള്ളുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഈ സമിതികളുടെ ശുപാര്‍ശകള്‍ അംഗീകരിക്കണമെന്ന നയമാണ് യുഡിഎഫിന്റേതെന്നും കൂട്ടിച്ചേര്‍ത്തു. സര്‍വക്ഷി യോഗത്തിലെ പൊതു നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനമെന്ന് സിപിഎം വിശദീകരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിലെ ശരിയായ തീരുമാനമെന്നും പാര്‍ട്ടി സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി.
















