കൊല്ലം: പ്രിന്റ് രൂപത്തിലുള്ള നമ്മുടെ ലൈസന്‍സുകള്‍ സ്മാര്‍ട്ടാവാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലെപ്പോലെ റോഡുകളില്‍ ഡ്രൈവിങ് ടെസ്റ്റ് ഒഴിവാക്കി ലൈസന്‍സ് എടുക്കുന്നതിനുള്ള നിയമഭേദഗതി പ്രാബല്യത്തിലായെങ്കിലും മലയാളികള്‍ ഈ സേവനത്തിനായി വര്‍ഷാവസാനം വരെ കാത്തിരിക്കണം. ഇതിനായുള്ള പരിശീലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന് ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡ് ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സെന്ററുകള്‍ ആരംഭിക്കാന്‍ ഭീമമായ തുക ആവശ്യമാണ്. ഇതുകാരണം ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
പദ്ധതിയുടെ സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിഞ്ഞ് ആരംഭിക്കും വരെ പഴയ രീതി തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ ലൈസന്‍സിന് ജൂലൈ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഡിസംബര്‍ വരെ നീട്ടുകയായിരുന്നു. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലാണു ഭേദഗതി വരുത്തിയത്. ഇതുപ്രകാരം അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകള്‍ എന്നാണ് പരിശീലന കേന്ദ്രങ്ങള്‍ ഇനി അറിയപ്പെടുക. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാ
ലിക്കപ്പെടുന്ന ഏജന്‍സികള്‍ക്ക് അക്രഡിറ്റഡ് ഡ്രൈവിംങ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാം. ഇതുപ്രകാരം റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ്ങ് ലൈസന്‍സ് പരീക്ഷ ഇല്ലാതാകും. പകരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത കേന്ദ്രങ്ങളില്‍ പരിശീലനം കഴിഞ്ഞ് റോഡ് ടെസ്റ്റില്ലാതെ ലൈസന്‍സ് നല്‍കുന്നതാണ് പദ്ധതി.
പ്രശ്നം ചെലവേറെ…
സ്മാര്‍ട്ട് ഡ്രൈവിംഗ് സെന്ററുകള്‍ക്ക് മൂന്ന് കോടി രൂപയെങ്കിലും ചെലവാണ് പ്രതീക്ഷിക്കുന്നത്. അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകള്‍ എന്ന നൂതന സെന്ററുകള്‍ തുടങ്ങുന്നതിന് കുറഞ്ഞത് ഒരേക്കര്‍ സ്ഥലമെങ്കിലും വേണമെന്നത് ഉള്‍പ്പെടെയുള്ളതാണു വ്യവസ്ഥകള്‍. സിമുലേറ്റര്‍ ഉള്‍പ്പെടെ ആധുനിക മാര്‍ഗങ്ങളിലൂടെ ഡ്രൈവിങ് പരിശീലനം കാര്യക്ഷമമാക്കി റോഡ് അപകടങ്ങള്‍ കുറയ്ക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു കേന്ദ്രം ഒരുക്കാന്‍ ചെലവാണ് പ്രധാന പ്രശ്നമായി ഉടമകള്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡ്രൈവിങ് സ്കൂളുകള്‍ ചേര്‍ന്ന് യൂണിറ്റ് തലത്തില്‍ കേന്ദ്രം ഒരുക്കാനും ആലോചനയുണ്ട്.
മീനു ജോബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: