ഈയിടെ മരിച്ച സ്റ്റാന്‍ സാമിയെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഉയര്‍ന്നു കേട്ട സ്ഥലപ്പേരാണ് ഭീമ കോറെഗാവ്. മഹാരാഷ്ട്രയിലെ പൂനെ നഗരത്തില്‍ നിന്ന് 28 കിലോമീറ്റര്‍ മാറി ഭീമാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോറെഗാവ്. 2018 ജനുവരി ഒന്നാം തീയതി അവിടെ ചില അക്രമങ്ങള്‍ ഉണ്ടായി. അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചില മാവോയിസ്റ്റുകളും 2020 ല്‍ സ്റ്റാന്‍ സാമിയും അറസ്റ്റിലായിരുന്നു. സാമിയുടെ മരണത്തെ തുടര്‍ന്ന് ചാനലുകളില്‍ ഭീമ കോറെഗാവ് നിറഞ്ഞു.
1818 ല്‍ നടന്ന കോറെഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികം പ്രമാണിച്ച് 2018 ജനുവരി ഒന്നിന്, അവിടെ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. എല്ലാ വര്‍ഷവും ഈ സമയത്ത് അവിടെ സമ്മേളനം നടക്കാറുണ്ട്. എന്നാല്‍ അത്തവണ പതിവിന് വിപരീതമായി ജനക്കൂട്ടം അക്രമാസക്തരായി. അതേത്തുടര്‍ന്ന് സംസ്ഥാന ബന്തും, വീണ്ടും വ്യാപകമായി അക്രമങ്ങളും അരങ്ങേറി. അവയ്ക്കു പിന്നില്‍ മാവോയിസ്റ്റുകളുടെ ആസൂത്രണവും പങ്കാളിത്തവും ഉണ്ട് എന്നതിന്റെ ശക്തമായ തെളിവുകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് – എന്‍ഐഎ അന്വേഷണങ്ങള്‍ ഉണ്ടായത്.
എന്താണ് കോറെഗാവ് യുദ്ധം ?
പേഷ്വ ബാജി റാവുവിന്റെ 28000 വരുന്ന സൈന്യത്തെ ദലിതുകളായ മഹറുകളുടെ 800 പേരടങ്ങുന്ന സൈന്യം പരാജയപ്പെടുത്തിയ യുദ്ധമാണ് കോറെഗാവ് യുദ്ധം എന്നാണ് സോഷ്യല്‍ മീഡിയയിലെ ഇടത് ജിഹാദി ഐഡികളിലൂടെ പ്രചരിച്ച പോസ്റ്റുകളില്‍ നിന്ന് മനസ്സിലായത്. അതായത് ചെറിയ ഒരുകൂട്ടം ധീരന്മാര് തങ്ങളേക്കാള്‍ ഏതാണ്ട് 35 മടങ്ങ് ആള്‍ബലമുള്ള മറ്റൊരു സൈന്യത്തെ പരാജയപ്പെടുത്തി. വൗ ! ആര്‍ക്കായാലും ആ അസാമാന്യ നേട്ടത്തോട് ആരാധന തോന്നും. മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിയ്ക്കുന്ന വിധം തലക്കെട്ട് കൊടുത്തിട്ട്, ഉള്ളടക്കം വായിയ്ക്കുന്ന കുറച്ചു പേര്‍ക്കു മാത്രം സത്യം അറിയാന്‍ കഴിയുന്ന വിധം കാര്യം പറയുന്ന ഒരു പരിപാടിയില്ലേ ? ഇത് പ്രചരിപ്പിച്ചവര്‍ സ്വയം ആ തന്ത്രത്തിന് ഇരകളായതാണോ, അതോ അറിഞ്ഞു കൊണ്ട് ഇങ്ങനെ ഐതിഹാസിക വീരകഥ പടച്ചു വിട്ടതാണോ, അറിയില്ല. ഏതായാലും വിക്കിപീഡിയ പറയുന്നതനുസരിച്ച് പൂനെയിലെ തന്റെ ആസ്ഥാനം കൈയ്യടക്കിയ ബ്രിട്ടീഷുകാരില്‍ നിന്ന് രാജധാനിയെ മോചിപ്പിയ്ക്കാന്‍ 28000 വരുന്ന ഒരു സൈന്യത്തെ പേഷ്വ അങ്ങോട്ടേക്ക് അയച്ചു. വഴിയില്‍ അവരെ തടയാന്‍ മുന്നോട്ടു വന്ന 800 പേര് അടങ്ങുന്ന മഹറുകളുടെ സൈന്യത്തോട് ഏറ്റുമുട്ടാന്‍ അതില്‍ നിന്ന് 2000 പേരടങ്ങുന്ന യൂണിറ്റിനെയാണ് മറാത്താ സൈന്യം നിയോഗിച്ചത്. ഇപ്പോള്‍ അത് യാഥാര്‍ഥ്യത്തോട് അടുത്തു വന്നു. ഇതാണ് 28000 കീരിക്കാടന്മാരെ നേരിട്ടുനിന്ന് അടിച്ചൊതുക്കിയ 800 സേതുമാധവന്മാരുടെ കഥയായി ഓടുന്നത്. ഏതായാലും മഹറുകളുടെ ഈ നടപടിയുടെ ഫലമായി, പേഷ്വയുടെ വലിയ സൈന്യത്തിന് ലക്ഷ്യത്തില്‍ എത്താന്‍ കഴിഞ്ഞില്ല. അത് സത്യം.
അവിടെ മഹറുകള്‍ ആരായിരുന്നു ? എന്തിനായിരുന്നു അവര്‍ യുദ്ധം ചെയ്തത് ? അതാണ് അടുത്ത രസം. ബ്രിട്ടീഷുകാരും പേഷ്വയുടെ സൈന്യവും തമ്മിലായിരുന്നു 1818 ല്‍ കോറെഗാവില്‍ നടന്ന യുദ്ധം. ആ യുദ്ധത്തില്‍ വിജയിച്ചത് ബ്രിട്ടീഷുകാര്‍. ക്യാപ്റ്റന്‍ ഫ്രാന്‍സിസ് സ്റ്റൗന്റന് ആയിരുന്നു ബ്രിട്ടീഷ് സൈന്യത്തലവന്‍. ഏതാനും ബ്രിട്ടീഷുകാരെ കൂടാതെ മഹറുകള്‍, മറാത്തകള്‍, മുസ്ലീങ്ങള്‍, രജപുത്രര്‍, ജൂതന്മാര് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു ബ്രിട്ടീഷ് സൈന്യം. മറാത്തകള്‍ എന്ന് ഇവിടെ പറയുന്ന സമുദായം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ മഹാരാഷ്ട്രയിലെ കര്‍ഷകരായ കുണ്‍ബി, ഇടയന്മാരായ ധങ്കര്‍, കന്നുകാലി പരിപാലകരായ ഗവ്ലി, കൊല്ലന്മാരായ ലോഹര്‍, ആശാരിമാരായ സുതാര്‍, പിന്നെ ഭണ്ഡാരി, തകാര്, കോലി തുടങ്ങിയ സമുദായങ്ങള്‍ ഇടകലര്‍ന്ന് രൂപപ്പെട്ടവരാണ്. അതുപോലെ പേഷ്വയുടെ സൈന്യത്തില്‍ മറാത്തകള്‍, അറബികള്‍, ഗോസായിമാര്‍ തുടങ്ങിയവര്‍ അംഗങ്ങളായി ഉണ്ടായിരുന്നു. അതായത് സമുദായ ശ്രേണിയില്‍ അടുത്തടുത്തു വരുന്ന ആളുകള്‍ കൂടിക്കലര്‍ന്ന രണ്ടു സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. അവരില്‍ ഒരു കൂട്ടരുടെ വിജയം, പില്ക്കാല വിവരണങ്ങളില്‍ ക്രമേണ അക്കൂട്ടരിലെ ഏറ്റവും പിന്നാക്ക ജാതിയായ ദളിതരുടെ വിജയമായി മാറുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൂലിപ്പട്ടാളത്തില്‍ അംഗങ്ങളായ പല സമുദായങ്ങളില്‍ നിന്ന് ആ സമുദായത്തിന്റെ പേരു മാത്രം എല്ലായിടത്തും ഹൈലൈറ്റ് ചെയ്യപ്പെടുന്നു. പരാജയപ്പെട്ടത് ആരാണ് ? ഇതേ യുക്തിയില്‍ പറഞ്ഞാല്‍ മറുവശത്തുള്ള അറബികളോ, മറാത്തകളോ, ഗോസായിമാരോ പരാജയപ്പെട്ടു എന്ന് പറയണം. എന്നാല്‍ ഇവിടെ അങ്ങനെയല്ല. മറാത്താ സൈന്യം പരാജയപ്പെട്ടു എന്നുമല്ല, ദളിതര്‍ ബ്രാഹ്മണരെ പരാജയപ്പെടുത്തി എന്നാണ് ബോധപൂര്‍വ്വം പ്രചരിപ്പിയ്ക്കപ്പെടുന്ന നറേറ്റീവ്. എതിര് പക്ഷത്തിന്റെ തലവനായ പേഷ്വ ബ്രാഹ്മണനാണ് എന്നതാണ് അതിലെ യുക്തി.
ബ്രിട്ടീഷുകാര്‍ ഒരു ഇന്ത്യന്‍ ഭരണാധികാരിയായ പേഷ്വയെ പരാജയപ്പെടുത്തി എന്നു പറഞ്ഞാല്‍ വിദേശികളുടെ ആ യുദ്ധവിജയത്തില്‍ ഇവിടെ ആഘോഷത്തിന് അവസരമില്ല. പൊതു സമൂഹം അത് അംഗീകരിയ്ക്കില്ല. ക്രിസ്ത്യാനിയായ ബ്രിട്ടീഷ് ക്യാപ്റ്റന്‍ ഹിന്ദു പേഷ്വയെ പരാജയപ്പെടുത്തി എന്നു പറഞ്ഞാലും വാര്‍ത്തമാന ഭാരതത്തില്‍ വിളവെടുപ്പിന് വകുപ്പില്ല. ജാതിക്കളി നടക്കില്ല. പേഷ്വയുടെ മേല്‍ തങ്ങള്‍ നേടിയ യുദ്ധ വിജയത്തിന്റെ സ്മരണയ്ക്കായി കോറെഗാവില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് യുദ്ധസ്മാരകം. അതിനു മുന്നില്‍ വര്‍ഷം തോറും ദളിതുകളെ ചിലര്‍ ഒരുമിപ്പിച്ചു ചേര്‍ക്കുന്നു. രണ്ടു നൂറ്റാണ്ടു മുമ്പ് സംഭവിച്ച വിദേശികളുടെ യുദ്ധവിജയം തങ്ങളുടേതാക്കി അവര്‍ ആഘോഷിയ്ക്കുന്നു. എന്നാല്‍ കോറെഗാവ് യുദ്ധത്തിന് കാല് നൂറ്റാണ്ടു മുമ്പ് എല്ലാ സമുദായക്കാരുമായ കാഫിറുകളെ വന്‍ തോതില്‍ കൊന്നൊടുക്കുകയും ബലപ്രയോഗത്തിലൂടെ മതം മാറ്റുകയും ആരാധനാലയങ്ങള്‍ കൊള്ളയടിയ്ക്കുകയും തകര്‍ക്കുകയും ചെയ്തിരുന്ന ഒരുവനുണ്ടായിരുന്നു. ടിപ്പു. ഒരു നൂറ്റാണ്ടിനു ശേഷം അതേ പ്രവൃത്തികള്‍ ആവര്‍ത്തിച്ച മാപ്പിള ലഹളക്കാരുമുണ്ടായി. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടേണ്ടി വന്നു എന്ന ഒറ്റക്കാരണത്താല്‍ മതവെറിയന്മാരായ ടിപ്പുവും മാപ്പിള കലാപകാരികളും സ്വാതന്ത്ര്യ സമര പോരാളികളായി മാറി. എന്നാല്‍ അതേസമയം ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ പേഷ്വയെ ബോധപൂര്‍വ്വം ജാതി വിദ്വേഷത്തിന്റെ ലക്ഷ്യമാക്കി തളച്ചിടുന്നു. ടിപ്പുവിന്റെ കാലത്തും, മാപ്പിള ലഹളക്കാലത്തും അക്രമികളേയും കലാപകാരികളേയും എതിര്‍ത്ത ബ്രിട്ടീഷ് പട്ടാളത്തില്‍ എല്ലാ സമുദായക്കാരായ ഇന്ത്യാക്കാരും ഉണ്ടായിരുന്നു. അവരെയൊക്കെ ബ്രിട്ടീഷുകാരുടെ ദാസ്യപ്പണി ചെയ്ത വെറും ചോറ്റു പട്ടാളക്കാരായാണ് ചിത്രീകരിയ്ക്കുന്നത്. എന്നാല്‍ ബ്രാഹ്മണനായ പേഷ്വയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് പട്ടാളത്തില്‍ സേവനം ചെയ്തവര്‍ ദളിത് വിമോചന പോരാളികളും, അവരുടെ വിജയം ചരിത്ര നേട്ടവുമായി മാറുന്ന നുണയിടം മാജിക്ക് നമ്മളിവിടെ കാണുന്നു.
എന്തായിരുന്നു കോറെഗാവ് യുദ്ധത്തിന്റെ അനന്തരഫലം ? അതറിഞ്ഞാല്‍ ഈ വിജയത്തിന്റെ ക്രെഡിറ്റ് പാവങ്ങളായ ദലിതുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമോ ? ആ വിജയത്തോടെ മദ്ധ്യ-പശ്ചിമ-ദക്ഷിണ ഇന്ത്യയുടെ നിയന്ത്രണം പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ കൈകളിലായി. ഈ യുദ്ധവിജയത്തെ ദളിത് വിമോചന മാര്‍ഗ്ഗത്തിലെ ഒരു നേട്ടമായി ആഘോഷിയ്ക്കാന്‍ കഴിയണമെങ്കില്‍, യുദ്ധത്തില്‍ പങ്കെടുത്തവരുടെ ലക്ഷ്യവും പ്രചോദനവും അതായിരുന്നിരിയ്ക്കണം. കോറെഗാവ് യുദ്ധത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ചൂണ്ടിക്കാട്ടാനില്ല. ഈ യുദ്ധത്തിലെ മഹറുകളുടെ പങ്ക് കേവലം ബ്രിട്ടീഷുകാരുടെ ശമ്പളക്കാരായ പട്ടാളക്കാര്‍ എന്നതു മാത്രമായിരുന്നു. പേഷ്വയുടെ സൈന്യത്തിനെതിരെ അവര്‍ നിയോഗിയ്ക്കപ്പെട്ടത് കേവല യാദൃശ്ചികത മാത്രമായിരുന്നു. യുദ്ധവിജയത്തെ ജാതി സമവാക്യങ്ങളുമായി ഇങ്ങനെ കൂട്ടിക്കെട്ടുന്നതിന്റെ അപഹാസ്യത ബോദ്ധ്യപ്പെടാന്‍ സമകാലീനമായ ഒരുദാഹരണം നോക്കാം. ഇന്ത്യാ-പാകിസ്ഥാന് യുദ്ധത്തില്‍ ഇന്ത്യയുടെ സിഖ് റെജിമെന്റ് നേടുന്ന ഒരു വിജയത്തെ, സിഖുകാര്‍ മുസ്ലീങ്ങളുടെ മേല്‍ നേടിയ വിജയം ആയിട്ടാണോ ഭാരതം ആഘോഷിയ്ക്കുക ? മഹര്‍ റെജിമെന്റിന്റെ വിജയത്തെ മുസ്ലീങ്ങളുടെ മേല്‍ മഹര്‍ ജാതിക്കാര്‍ നേടിയ വിജയമായി കൊണ്ടാടുമോ ? മനുഷ്യാവകാശ പ്രവര്‍ത്തകനും ഗോവ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറുമായ ആനന്ദ് തേല്തുംദേയെ പോലുള്ള ദളിത് വൈജ്ഞാനികര്‍ തന്നെ ഇത്തരം പൊളിറ്റിക്കല്‍ നരേറ്റീവിനെ തുറന്ന് എതിര്‍ക്കുന്നുമുണ്ട്. കോറെഗാവ് യുദ്ധത്തില്‍ മരണപ്പെട്ടവരില്‍ കൂടുതലും മഹറുകള്‍ പോലുമല്ലെന്നിരിക്കെ, ആ സംഭവത്തെ എങ്ങനെ ദളിത് വിമോചന സമരത്തിന്റെ ഭാഗമായി കാണാന്‍ കഴിയും എന്നദ്ദേഹം ചോദിയ്ക്കുന്നു.
ഛത്രപതി ശിവജിയുടെ കാലത്തു നിന്നും വ്യത്യസ്തമായി ബാജി റാവു പേഷ്വയുടെ കാലമായപ്പോഴേക്കും മറാത്ത സമൂഹത്തില്‍ ജാതിപരമായ ഉച്ചനീച്ചത്വം രൂഡമൂലമായി എന്ന് കരുതപ്പെടുന്നു. ശിവജി മഹാരാജാവ് തന്നെ ഒരു ശൂദ്ര സമുദായാംഗമാണെന്ന് നിശ്ചയിച്ച് അദ്ദേഹത്തിന്റെ കിരീട ധാരണത്തെ എതിര്‍ത്ത പുരോഹിതന്മാര് സ്വന്തം സദസ്സില്‍ തന്നെ ഉണ്ടായിരുന്നു. എന്നിട്ട് എന്തുണ്ടായി ? വാരണാസിയിലെ ഗഗഭട്ട എന്ന പുരോഹിതന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് യജ്ഞോപവീതം നല്‍കുകയും, സപ്ത നദികളില്‍ നിന്നുള്ള പവിത്രജലം അഭിഷേകം ചെയ്ത് ഛത്രപതിയായി അവരോധിയ്ക്കുകയും ചെയ്തു. ഹൈന്ദവ ധര്‍മ്മോദ്ധാരകന്‍ എന്ന പദവിയും അദ്ദേഹത്തിന് കല്പ്പിച്ചു നല്കി. ഭാരതീയ സമൂഹത്തില്‍ പ്രതിലോമ ശക്തികള്‍ക്കൊപ്പം പരിഷ്ക്കരണ ശക്തികളും എക്കാലത്തും ഉണ്ടായിരുന്നു എന്നാണ് ഇത് കാണിയ്ക്കുന്നത്. ചാതുര്‍വര്‍ണ്യം മാത്രമാണ് ഹൈന്ദവതയുടെ ആകെത്തുക എന്ന് പ്രചരിപ്പിയ്ക്കുന്ന കൂട്ടര്‍ക്ക് ഇതേപ്പറ്റിയൊന്നും പറയാനില്ല. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ജാതി വിവേചനം, അയിത്തം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ദേശീയ നേതാക്കള്‍ തന്നെ ജനങ്ങളെ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊരിയ്ക്കലും രാഷ്ട്ര വിരുദ്ധമായി പോകാതിരിയ്ക്കാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുമുണ്ട്.
തങ്ങളുടെ രാഷ്ട്രീയത്തിലോ മതത്തിലോ ആളെക്കൂട്ടാന്‍ ആദ്യം സമൂഹത്തില്‍ അരാജകത്വം വളര്‍ത്തി ഉഴുതു മറിച്ചിട്ട് അവിടെ വിത്തു വിതയ്ക്കണം. അതിനുള്ള അവസരങ്ങള്‍ നോക്കി നടക്കുന്നവരാണ് സ്റ്റാന്‍ സാമിയെ പോലുള്ളവര്‍. മതം മാറിയിട്ടും, പല സഭകളില്‍ മാറി മാറി ചേര്‍ന്നിട്ടും, തങ്ങളുടെ അടിമത്തം മാറാത്തതു കണ്ട് ബൈബിള്‍ കത്തിച്ച പൊയ്കയില്‍ യോഹന്നാന്റെ ജീവിതം സ്റ്റാന്‍ സാമിയെപ്പോലുള്ളവര് പഠിയ്ക്കണം. കേരളത്തിലെ ഏറ്റവും പിന്നാക്ക സമുദായങ്ങളില്‍ ഒന്നായ പറയ സമുദായത്തില്‍ ജനിച്ച ആളായിരുന്നു അദ്ദേഹം. തികഞ്ഞ ബൈബിള്‍ പണ്ഡിതനും ഉജ്ജ്വല പ്രഭാഷകനും അനേകായിരം സ്വസമുദായാംഗങ്ങളെ ക്രൈസ്തവ മാര്‍ഗ്ഗത്തിലേക്ക് വഴിനടത്തിയവനും ആയിരുന്നു യോഹന്നാന് ഉപദേശി. എങ്കിലും സ്വതന്ത്രമായി ചിന്തിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ശാരീരികമായി തന്നെ നശിപ്പിയ്ക്കാന്‍ പലവട്ടം ശ്രമമുണ്ടായി. അതു ചെയ്തത് മുഴുവനും സ്വന്തം മതക്കാരും പലപ്പോഴും സ്വന്തം സഭക്കാരുമായ വരേണ്യര്‍ തന്നെയായിരുന്നു. തങ്ങളുടെ അടിമത്തത്തിന് മതം പരിഹാരമല്ല എന്ന് സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞ അദ്ദേഹം മറ്റാരും ചെയ്യാത്ത വിധം പരസ്യമായി ബൈബിള്‍ കോപ്പികള്‍ കൂട്ടത്തോടെ കത്തിച്ചിട്ട് സഭ വിട്ടിറങ്ങുകയാണുണ്ടായത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും യഹൂദന്മാരുടെ കാര്യം മാത്രമേ പറയുന്നുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പുറമേ നിന്ന് വച്ചുകെട്ടുന്ന പരിഹാരങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ അപര്യാപ്തമാണ് എന്നാണ് യോഹന്നാന്റെ അനുഭവം കാട്ടിത്തരുന്നത്.
ഇന്ന് ഭാരതം ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രമാണ്. എല്ലാ സമുദായങ്ങള്‍ക്കും തങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഇന്നുണ്ട്. അവയൊന്നും സ്വീകരിയ്ക്കാതെ, സമൂഹത്തില്‍ അന്ത:ഛിദ്രങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് നഗര മാവോയിസ്റ്റുകളും, സ്റ്റാന്‍ സാമിയെപ്പോലുള്ള വിഘടനവാദികളും ശ്രമിയ്ക്കുന്നത്. പഴക്കമേറിയ ഒരു തറവാടിന്റെ ചുമരുകളില്‍ വിള്ളലുകള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ആ വിള്ളലുകളില്‍ കമ്പിപ്പാരയിട്ടിളക്കി വിടവ് വലുതാക്കി തറവാടിന്റെ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ ആ തറവാട്ടിലുള്ളവര് ശ്രമിക്കില്ല. കഴിയുന്ന രീതിയില്‍ കേടുപാട് തീര്ത്തെടുക്കാനേ അവര്‍ ശ്രമിക്കൂ. സ്റ്റാന്‍ സാമിയെപ്പോലുള്ളവരുടെ സാമൂഹ്യ വിരുദ്ധത തെളിയുന്നത് അവിടെയാണ്. നൂറ്റാണ്ടുകളായി സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ജീവിയ്ക്കുന്നു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, അടുത്തിടെ ദേഹവിയോഗം വന്ന പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തുടങ്ങിയവര്‍ എല്ലാവര്ക്കും മാതൃകകളാണ്. എന്നാല്‍ പൗരോഹിത്യത്തിന്റെ മേലങ്കിയ്ക്ക് പിന്നില്‍ ഒളിച്ചിരുന്ന് രാഷ്ട്രത്തിനെതിരെ വിഘടനവാദ പ്രവര്‍ത്തനം ചെയ്യുന്ന സ്റ്റാന്‍ പാതിരിയെപ്പോലുള്ളവര് ക്രൈസ്തവ സമൂഹത്തിന് അപമാനമാണ് എന്ന് തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: