ആലപ്പുഴ: എഫ്സിഐയുടെ ആലപ്പുഴ ഗോഡൗണില്‍ നിന്നുള്ള റേഷന്‍ ഭക്ഷ്യധാന്യവിതരണം ബുധനാഴ്ച പുനരാരംഭിച്ചു. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കിയിരുന്ന അട്ടിക്കാശ് തുടര്‍ന്നും നല്‍കാനാണ് ജില്ലാഭരണകൂടം ഇടപെട്ട് നടത്തിയ ചര്‍ച്ചയിലെ തീരുമാനം. അട്ടിക്കാശ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്കുമ്പോള് രസീത് നല്‍കണമെന്ന ധാരണയിലാണ് ലോറി കരാറുകാര്‍ തീരുമാനം അംഗീകരിച്ചത്.
അട്ടിക്കാശ് അനധികൃതമാണെന്നും നല്കാന് കഴിയില്ലെന്നും കരാറുകാര്‍ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച യൂണിയന് തൊഴിലാളികള്‍ ഭക്ഷ്യധാന്യം ലോറിയില്‍ കയറ്റുന്നത് നിര്‍ത്തിവെച്ചിരുന്നു. ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലേക്കുള്ള റേഷന്‍ വിതരണം മുടങ്ങിയതോടെയാണ് ജില്ലാഭരണകൂടം ബുധനാഴ്ച രാവിലെ യോഗം വിളിച്ചത്.
എഡിഎം. ജെ. മോബിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. അട്ടിക്കാശ് നിലവില്‍ നിയമപരമല്ല. എങ്കിലും ഭക്ഷ്യധാന്യവിതരണം മുടങ്ങാതിരിക്കാനാണ് ജില്ലാഭരണകൂടം തൊഴിലാളികള്‍ക്ക് വഴങ്ങിയതെന്നാണ് വിവരം. അട്ടിക്കാശിനെതിരെ ലോറി കരാറുകാര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. 16ന് പരിഗണിക്കും. വിധിയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: