തിരുവനന്തപുരം: ക്ലാസ് റൂം പഠനത്തിനവസരമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ് മാത്രം ആശ്രയിച്ച് പരീക്ഷയെഴുതേണ്ട എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കി വീണ്ടും സാങ്കേതിക സര്‍വകലാശാല. രണ്ടാഴ്ച പോലും പഠനസമയം നല്‍കാതെ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ തീയതി സര്‍വകലാശാല പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഒരേപോലെ ആശങ്ക ഉളവാക്കിയിരിക്കുന്നു. ഓഫ് ലൈനായി കോളേജുകളില്‍ നടത്തുന്ന പരീക്ഷ ആഗസ്റ്റ് രണ്ടിനാണ് തുടങ്ങുന്നത്.
പല എഞ്ചിനീയറിങ്ങ് കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല. കോംപ്രിഹന്‍സീവ് പരീക്ഷകളും ലാബ് പരീക്ഷകളും ആഗസ്റ്റ് രണ്ടിന് മുമ്പ് തീര്‍ക്കണം. ഇതിനിടയില്‍ തിയറി എഴുത്ത് പരീക്ഷയ്ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ന്യായമായ സമയം ലഭിക്കില്ല. ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ക്കും വാക്സിനേഷന് ലഭിക്കാത്ത സാഹചര്യത്തില്‍ പരീക്ഷ ഓഫ് ലൈനായി നടത്തുന്നത് എങ്ങനെയെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ആവശ്യത്തിന് യാത്രാസൗകര്യം ഇനിയും ഏര്‍പ്പാടാക്കിയിട്ടില്ല. മാത്രമല്ല പല വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ കൂടെ ദൂരദേശത്ത് താമസിച്ചാണ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നത്. പല കോളേജുകളിലും ലാബും പ്രാക്ടിക്കല്‍സും നടത്തിയിട്ടില്ല.
കൊവിഡ് കുറയാത്ത സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല എടുത്ത അശാസ്ത്രീയമായ തീരുമാനം മാറ്റുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ. അവസാന സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ ആയി നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: