തൃശൂര്‍: സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പുറത്തു നിന്നുള്ളവര്‍ നുഴഞ്ഞുകയറി ക്ലാസുകള്‍ അലങ്കോലമാക്കുന്നതായി പരാതി. ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് നല്‍കുന്ന മീറ്റിങ് ലിങ്ക് ചോരുന്നതാണ് മറ്റുള്ളവര്‍ ക്ലാസുകളില്‍ കടന്നുകൂടാന്‍ ഇടയാക്കുന്നത്. നുഴഞ്ഞുകയറുന്നവര്‍ ക്ലാസുകളില്‍ അസഭ്യം പറയുകയും മറ്റ് അലോസരങ്ങളുണ്ടാക്കുകയും ചെയ്യുകയാണ്. ജില്ലയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതരും അധ്യാപകരും പുറത്ത് പറയാത്തത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ ആരെല്ലാമെന്ന് കൃത്യമായി മനസിലാക്കാന്‍ പലപ്പോഴും കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. ക്ലാസ് സമയത്ത് വീഡിയോ ഓണ്‍ ആക്കാന്‍ അധ്യാപകര്‍ പറയുമ്പോള്‍ പലരും റേഞ്ച് പ്രശ്‌നം പറയാറാണ് പതിവ്. വിദ്യാര്‍ഥികളെ തന്നെ ഇതിനാല്‍ അധ്യാപകര്‍ക്ക് പലപ്പോഴും കാണാന്‍ സാധിക്കാറില്ല.
റേഞ്ച് പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരും അവസരമായി മുതലെടുക്കുകയാണ്. ക്ലാസില്‍ നുഴഞ്ഞു കയറുന്നവരെ കണ്ടത്താന്‍ ഇതിനാല്‍ കഴിയാറില്ലെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടികളുടെ പേരില്‍ തന്നെ ഗൂഗിള്‍ അക്കൗണ്ട് എടുക്കണമെന്ന് അധ്യാപകര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പ്രായോഗികമായിട്ടില്ല. പുതിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നതും അപരന്മാര്‍ക്ക് നുഴഞ്ഞു കയറാന്‍ സഹായകമാകുന്നു.
ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളിലാണ് കൂടുതലായും നുഴഞ്ഞുകയറ്റമുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികള്‍ ക്ലാസുകള്‍ കാണുന്നതെന്നതിനാല്‍ ഇത്തരം സംഭവങ്ങള്‍ അധ്യാപകര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്നത്. ക്ലാസിനുള്ള ലിങ്ക് ആര്‍ക്കും കൈമാറരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല.
പലപ്പോഴും വിദ്യാര്‍ഥികളുടെ സുഹൃത്തുക്കള്‍ക്കാണ് ലിങ്ക് കൈമാറുന്നത്. സുഹൃത്തുക്കള്‍ ലിങ്കില്‍ കയറി ബോധപൂര്‍വം ക്ലാസ് അലങ്കോലമാക്കുകയും ചെയ്യും. വിദ്യാര്‍ഥികളുമായോ, രക്ഷിതാക്കളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ് ഇവരെന്നതിനാല്‍ പ്രശ്‌നം സ്‌കൂള്‍ അധികൃതര്‍ ഒതുക്കി തീര്‍ക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ നുഴഞ്ഞുകയറ്റക്കാരുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ ശ്രദ്ധിക്കണമെന്ന് അധ്യാപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: