തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പുകേസില്‍ ആരോപണവിധേയനായ ഡിവൈഎഫ്ഐ നേതാവ് പ്രതിന് സാജ് കൃഷ്ണയുടെ വളര്‍ച്ച ആരെയും അമ്പരിപ്പിക്കുന്നത്. പാര്‍ട്ടിയിലെ ഇയാളുടെ വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും പാര്‍ട്ടിപ്രവര്‍ത്തകരെ പോലും പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന പ്രതിന് സാജ് കൃഷ്ണ പലപ്പോഴും വിവാദങ്ങളില്‍പ്പെട്ടിരുന്നു.
എസ്എഫ്ഐ നേതാവായിരിക്കെ 2010 ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ നെട്ടയം വാര്‍ഡില്‍ കള്ളവോട്ട് ചെയ്തതിന് കൈയോടെ പിടികൂടിയതോടെ പ്രതിന് സാജ് കൃഷ്ണയ്ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. പിന്നീട് നിരവധി ആക്രമണ കേസുകളില്‍ ഇയാള്‍ പ്രതിയായി. ഇടയ്ക്ക് ഇയാള്‍ ഇടുക്കിയില്‍ പഠനത്തിനു പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ മടങ്ങി. ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിങ് കോളേജില്‍ പഠനത്തിനു ചേര്‍ന്നുവെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിച്ചു.
തുടര്‍ന്ന് പേരൂര്‍ക്കട ലോ അക്കാദമിയില്‍ എല്‍എല്‍ബിക്ക് ചേര്‍ന്നു. ഇതിനിടെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും വൈസ് പ്രസിഡന്റും സിന്‍ഡിക്കേറ്റംഗവുമായി വളര്‍ന്നു. പ്രതിന് സിന്‍ഡിക്കേറ്റംഗമായിരിക്കെ നടന്ന സര്‍വകലാശാല കലോത്സവത്തില്‍ 22.5 ലക്ഷം രൂപയുടെ അഴിമതിയാരോപണവും ഉയര്‍ന്നിരുന്നു. ആരോപണമുന്നയിച്ച അധ്യാപികയ്ക്ക് നേരെ ആക്രമണവുമുണ്ടായി. ലോ അക്കാദമിയില്‍ വിദ്യാര്‍ഥിയായിരിക്കെ ലോ അക്കാദമിയ്ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ പിന്നില്‍ നിന്നു കുത്തിയെന്നും വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്നും ആക്ഷേപമുയര്‍ന്നിരുന്നു. കോളേജില്‍ പിന്നീട് ഇയാള്‍ക്ക് മാനേജ്മെന്റ് റീ അഡ്മിഷനും നല്കി.
എസ്എഫ്ഐ നേതാവായിരിക്കെ ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിന് സാജ് കൃഷ്ണ പിടിയിലായിരുന്നു. തലസ്ഥാനത്തെ സിപിഎം-ഡിവൈഎഫ്ഐ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് ഓഫീസില്‍ ഉണ്ടായിരിക്കെ നടന്ന ആക്രമണം വന്‍ വിവാദമായതോടെ പാര്‍ട്ടി മുഖം രക്ഷിക്കാന്‍ പ്രതിനെ പുറത്താക്കി. തിരിച്ചെടുത്തത് ഡിവൈഎഫ്ഐ നേതാവായും. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും എംജി കോളേജില്‍ സംഘര്‍ഷമുണ്ടാക്കിയതിനും മണികണ്ഠേശ്വരത്ത് വച്ച് എസ്ഐയെ മര്‍ദിച്ച കേസിലും പ്രതിയാണ്.
നിര്‍ധന കുടുംബത്തില്‍ ജനിച്ച പ്രതിന് സാജ് കൃഷ്ണയുടെ സാമ്പത്തിക വളര്‍ച്ച ദുരൂഹതയുയര്‍ത്തുന്നതാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന കാലയളവില്‍ കണ്ണടച്ചു തുറക്കും മുമ്പ് പ്രതിന് സാജ് കൃഷ്ണ നെട്ടയത്ത് ആഡംബര വീടു പണിതു. സ്വന്തമായി സ്വിഫ്റ്റ് കാര്‍ വാങ്ങി. വിദ്യാര്‍ഥി രാഷ്ട്രീയം മാത്രം കൊണ്ടുനടന്ന യുവനേതാവിന്റെ വളര്‍ച്ച പാര്‍ട്ടിയില്‍ തന്നെ മുറുമുറുപ്പുണ്ടാക്കി. അതുകൊണ്ടുതന്നെ പ്രതിന്റെ വീടിന്റെ പാലു കാച്ചിന് നെട്ടയത്തെ സഖാക്കള്‍ അധികമാരുമുണ്ടായില്ല, ആരെയും ക്ഷണിച്ചതുമില്ല. വന്നത് വി. ശിവന്‍കുട്ടിയും ആനാവൂര്‍ നാഗപ്പനെയും പോലുള്ള നേതാക്കള്‍ മാത്രം. സ്ഥലത്തെ ഒരു മുന്‍ കൗണ്‍സിലറുമായി ചേര്‍ന്ന് പ്രതിന് സാജ് കൃഷ്ണ റിയല്‍ എസ്റ്റേറ്റ് ഇടപെടലുകള്‍ നടത്തിയതായി ആക്ഷേപമുയര്‍ന്നിരുന്നു. ലൈഫ് പദ്ധതിയുടെ മറവില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായും ആരോപണമുയര്‍ന്നിരുന്നു. പ്രതിന്റെ അച്ഛന് വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്ന് ഏഴു ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. ഇതിന് ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുവരെ പാര്‍ട്ടിയില്‍ പരാതി പോയിരുന്നു. പട്ടികജാതി ഗുണഭോക്താക്കളുടെ അപേക്ഷയില്‍ സഖാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് ട്രഷറിയില്‍ നിന്ന് തുക വക മാറ്റിയ തട്ടിപ്പില്‍ പ്രതിനുമായി അടുത്ത ബന്ധമുള്ള ചില നേതാക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് പോയിട്ടുണ്ട്. നെട്ടയത്തെ മേഖലാ ചുമതലയുള്ള ഡിവൈഎഫ്ഐ നേതാവിന്റെ അക്കൗണ്ടിലേക്ക് ഇത്തരത്തില്‍ ലക്ഷങ്ങള്‍ മാറ്റിയതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: