മലപ്പുറം: കണ്ണൂര്‍, ചെര്‍പ്പുളശ്ശേരി, കൊടുവള്ളി സംഘങ്ങളിലെ പ്രധാനികളെല്ലാം അറസ്റ്റിലും മറ്റുള്ളവര്‍ നിരീക്ഷണത്തിലുമാണ്, പക്ഷേ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് സജീവമായി തുടരുന്നു. പതിനഞ്ച് ദിവസത്തിനിടെ എയര്‍ കസ്റ്റംസ് പിടികൂടിയത് 16.69 കിലോഗ്രാം സ്വര്‍ണം.
രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍ 22ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്‌സ് 346 വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 7.84 കിലോഗ്രാം സ്വര്‍ണം പിടികൂടി. ശരീരത്തിലും വസ്ത്രത്തിനകത്തും റീചാര്‍ജബിള്‍ ബാറ്ററി, എമര്‍ജന്‍സി ലാമ്പ് എന്നിവയ്‌ക്കകത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
ജൂലൈ ഒന്നിന് ദുബായ്‌യില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 89 വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 1145 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ദുബായ്‌യില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ ഐഎക്‌സ് 346ലെ യാത്രക്കാരനില്‍ നിന്ന് ജൂലൈ ഒന്നിന് സ്വര്‍ണം പിടികൂടി. 1.3 കിലോഗ്രാം വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായ ഒളിപ്പിച്ച നിലയിലായിരുന്നു. അന്നുതന്നെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 354ലെ യാത്രക്കാരനില്‍ നിന്നും 1086 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. 50 ഗ്രാം വീതമുള്ള ഗുളികകളാക്കി ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ജൂലൈ ഏഴിന് ബഹ്‌റിനില്‍ നിന്ന് ഗള്‍ഫ് എയര്‍ ജിഎഫ്262 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 2.2 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഇരുകാലുകളിലും കെട്ടിവച്ച നിലയിലായിരുന്നു സ്വര്‍ണം. ഏഴിന് ഇന്‍ഡിഗോ എയര്‍ വിമാനത്തിലെത്തിയ കോഴിക്കോട് കൈതപൊയില്‍ സ്വദേശിയില്‍ നിന്ന് 30 ലക്ഷം വിലവരുന്ന 683.26 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
ഒന്‍പതിന് റാസല്‍ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്‌സ് 332ലെത്തിയ യാത്രക്കാരനില്‍ നിന്ന് 1285 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കാല്‍പാദത്തോട് ചേര്‍ത്ത് കെട്ടിവച്ച പ്രത്യേക അറയിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശനിയാഴ്ചയും കരിപ്പൂരില്‍ സ്വര്‍ണവേട്ട നടന്നു. ദുബായ്‌യില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ ഐഎക്‌സ് 346 വിമാനത്തിന്റെ സീറ്റിനടുത്തെ ലൈഫ് ജാക്കറ്റിനുള്ളില്‍ നിന്നാണ് 1147 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: