കൊല്ലം: ഇടതുപക്ഷ പ്രവര്‍ത്തകരുടെ പേരില്‍ എം. മുകേഷ് എംഎല്‍എയ്‌ക്ക് എതിരെയിറങ്ങിയ കത്ത് സിപിഎമ്മിന് തലവേദനയാകുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി മെമ്പര്‍മാര്‍ മുതല്‍ സംസ്ഥാന ക സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ കൈയില്‍ വരെ എത്തിയ കത്ത് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ വരെ ചര്‍ച്ചയായി. ഇതോടെ പ്രതിസന്ധിയിലാണ് സിപിഎം. ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റിതലത്തില്‍ വരെ മുകേഷ് എംഎല്‍എയ്‌ക്ക് എതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്.
‘ഒറ്റപാലം മോഡല്‍ ഫോണ്‍വിളി’ എന്നാണ് ഇപ്പോഴത്തെ വിവാദത്തിന് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയിരിക്കുന്ന പേര്. ഇത്തരത്തിലുള്ള തെറ്റുകള്‍ ഇതിന് മുന്‍പും മുകേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്യാതെ മുകേഷിന് വഴങ്ങുകയായിരുന്നു. വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ജാഗ്രത പാലിക്കണമെന്നാണ് നേതാക്കളുടെ പക്ഷം.
ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടുന്ന കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് യാതൊരു പ്രതിബന്ധതയും മുകേഷിന് ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനപ്രതിനിധി കാണിക്കുന്ന നിന്ദ്യമായ നിലപാടുകളും ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നു. ഇതെല്ലാം തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് മുന്നിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതിയായി ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷവും പലപ്പോഴായി മുകേഷിനെതിരെ പരാതികള്‍ കൊടുത്തെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും മുകേഷിനെ ന്യായീകരിക്കുകയും മുകേഷിന് വീണ്ടും സീറ്റ് നല്‍കി വിജയിപ്പിക്കുകയും ചെയ്യുകയാണ്ണ്ണ്ടായതെന്നും സഖാക്കള്‍ ആരോപിക്കുന്നു. ഒപ്പം ഇപ്പോഴത്തെ ഫോണ്‍വിളിയിലൂടെ ഉണ്ടായ വിവാദത്തിന് ശേഷം വളരെ ആസൂത്രിതമായി തയാറാക്കിയ കത്ത് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ ആയിരക്കണക്കിന് ആളുകളിലേക്കാണ് വ്യാപിച്ചത്.
ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാവിന്റെ മൗനസമ്മതത്തോടെ തുടങ്ങിയ ഈ നീക്കത്തില്‍ പാര്‍ട്ടി കൊല്ലം ഏരിയ ലോക്കല്‍ കമ്മിറ്റി നേതാക്കളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഘടക കക്ഷിയായ സിപിഐയിലും ഈ കത്ത് പ്രചരിച്ചതോടെ ഇടത് മുന്നണിയിലും ചര്‍ച്ച വരുമെന്ന ആശങ്കയിലാണ് സിപിഎം. ഇതിനിടയില്‍ കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതികളുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ട് പോകാന്‍ പറ്റില്ലായെന്ന് പാര്‍ട്ടി നേതൃത്വം അനൗദ്യോഗികമായി പാര്‍ട്ടി നേതൃത്വം മുകേഷുമായി അടുപ്പമുള്ള ഒരു കൗണ്‍സിലര്‍ മുഖേന സൂചന നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി അടിയന്തിര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടി പരസ്യശാസന ഉള്‍പ്പടെയുള്ള നടപടികള്‍ കൈകൊള്ളുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: