തൃശൂര്‍:പുത്തൂര്‍ സുവോളജിക്കല്‍ പാര്ക്കിന് കേന്ദ്ര മൃഗശാല സാങ്കേതിക അതോറിറ്റിയുടെ അംഗീകാരം. രമ്ടാവ്ച മുന്‍പ് ദല്‍ഹിയില്‍ ചേര്ന്നഅതോറിറ്റി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഇതോടെ തൃശൂര്‍ മൃഗശാലയുടെ പുത്തൂരിലേക്കുള്ള മാറ്റത്തിന് സാങ്കേതികമായി എല്ലാ അനുമതിയും പൂര്‍ത്തിയായി. എന്നാല്‍ പണി തീരാത്തതിനാല്‍ മൃഗശാലമാറ്റം എന്ന് നടക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രു.13ന് നടത്തിട്ടും മൃഗങ്ങളെ മാറ്റുന്ന നടപടികള്‍ നീളുകയാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള തൃശൂര്‍ മൃഗശാലയിലെ ജീവികളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് അന്താരാഷ്ട്ര നിലവാരത്തില്‍ 350 ഏക്കറില്‍ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനത്തിലെ 511 ജീവികള്‍ ഇപ്പോള്‍ തൃശൂര്‍ മൃഗശാലയിലുണ്ട്.
ആദ്യഘട്ടത്തില്‍ പക്ഷികള്‍, സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത്, മിഥുന് എന്നിവയെ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് 5 മാസമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായില്ല.
മൃഗങ്ങള്‍ക്കുള്ള നാലു വാസസ്ഥലങ്ങള്‍, പാര്‍ക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം, ചുറ്റുമതില്‍,എന്നിവ മാത്രമാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. ആവശ്യത്തിന് വെള്ളം എത്തിക്കാനുള്ള സംവിധാനം പോലും പൂര്‍ത്തിയായിട്ടില്ല.
മാറ്റം സെപ്തംബറോടെ
സെപ്തംബറോടെ പണികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തൃശൂരില്‍ നിന്ന് ജീവികളെ പാര്‍ക്കിലേക്ക് സെപ്തംബര്‍ മുതല്‍ ഘട്ടം ഘട്ടമായി മാറ്റി തുടങ്ങും. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃഗശാലയില്‍ നിന്ന് എല്ലാ വന്യമൃഗങ്ങളെയും ഒരുമിച്ച് മാറ്റുന്നത് പ്രായോഗികല്ല. ജീവികള്‍ പുതിയ സ്ഥലവുമായി ഇണങ്ങുന്നത് ശാസ്ത്രീയമായി നിരീക്ഷിച്ച് ഘട്ടംഘട്ടമായി മാത്രമേ പൂര്‍ണമായി മാറ്റം സാധ്യമാകൂ. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍മ്മാണ വസ്തുക്കള്‍ ലഭിക്കാതിരുന്നതും ഇതരസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികള്‍ സ്വദേശത്തേക്ക് പോയി തിരിച്ചെത്താന്‍ വൈകിയതും പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. നിര്മ്മാണോപാധികളെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടു വരുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാതിരുന്നത് ട്രസ് വര്‍ക്കുകളേയും ബാധിച്ചു.
-കെ.എസ് ദീപ ഐഎഫ്എസ് (പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: