ചെന്നൈ: ഭാവിയില്‍ ഇനി രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്ന് തമിഴ്‌സൂപ്പർ താരം രജനീകാന്ത് തിങ്കഴാഴ്ച മാധ്യമങ്ങളോട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാഷ്‌ട്രീയപ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ രജനീകാന്ത് വീണ്ടും തമിഴക രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി പോയി തിരിച്ചെത്തിയ അദ്ദേഹം രജനീ മക്കൾ മൺട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കൾ മൺട്ര’ത്തിന്റെ ഭാവിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുയരുന്ന ആശങ്ക ദൂരീകരിക്കുക എന്ന ഉദ്ദേശ്യത്തോടും കൂടിയായിരുന്നു വിശദമായ വാര്‍ത്താക്കുറിപ്പ് താരം പുറത്തിറക്കിയത്. ചില സാഹചര്യങ്ങൾ മുൻനിർത്തി രാഷ്‌ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കൾ മൺട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ എന്താണ് ആ സാഹചര്യങ്ങളെന്തെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
അതേ സമയം രജനി മക്കള്‍ മന്‍ഡ്രത്തിലെ അംഗങ്ങള്‍ രജനീകാന്ത് രസികര്‍ നര്‍പാനി മന്‍ട്രത്തിലൂടെ ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം അണ്ണാതെ ഷൂട്ടിംഗ് നീണ്ടുപോവുകയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും കോവിഡ് മഹാമാരിയുടെ വരവും മൂലം മക്കന്‍ മൺട്രം ഓഫീസ് ഭാരവാഹികളെയോ ആരാധകരെയോ കാണാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മെഡിക്കല്‍ പരിശോധനകള്‍ക്കായി യുഎസിലേക്ക് പോയി ഇപ്പോഴാണ് തിരിച്ചെത്തിയത്.’- രജനി വിശദീകരിച്ചു.
എന്തായാലും തന്റെ തീരുമാനം വ്യക്തമാക്കിയതോടെ രജനി മക്കള്‍ മൺട്രംപ്രവര്‍ത്തകര്‍ക്ക് അവരവര്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രം അണ്ണാതെ ദീപാവലിയ്‌ക്ക് തിയറ്ററുകളില്‍ എത്തുകയാണ്. 70 വയസ്സായ അദ്ദേഹം ഇനി തന്റെ പ്രായത്തിന് ചേര്‍ന്ന ഏതാനും ചിത്രങ്ങളില്‍ കൂടി അഭിനയിക്കുമെന്നും തീരുമാനമെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: