തൃശൂര്‍: ചേറ്റുവയില്‍ നിന്നും പിടികൂടിയ, അന്താരാഷ്‌ട്ര വിപണിയില്‍ 30 കോടി രൂപ വില വരുന്ന തിമിംഗല വിസര്‍ജ്യമായ ആംബര്‍ ഗ്രിസിന് പിന്നില്‍ മലപ്പുറം സംഘമെന്ന് പൊലീസ്.
കേസില്‍ പ്രതികളായ മൂന്ന് പേരെയും ചാവക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിമാന്‍റ് ചെയ്തു. റഫീക്ക്, ഫൈസല്‍, ഹംസ എന്നിവരെ വനംവകുപ്പ് ഫ്ളയിംഗ് സ്ക്വാഡാണ് കഴിഞ്ഞ ദിവസം ചേറ്റുവയില്‍ നിന്നും പിടികൂടിയത്. 18 കിലോ തൂക്കം വരുന്ന ആംബര്‍ ഗ്രിസാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ആന്ധ്രയിലെ ഗുണ്ടൂര്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം വനവിഭവങ്ങള്‍ വില്‍പന നടത്തുന്ന സംഘവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവരെ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇവരില്‍ നിന്നും പിടികൂടിയ 30 കോടി വിലവരുന്ന ആംബര്‍ ഗ്രിസ് കോടതിയ്‌ക്ക് കൈമാറി. പരിശോധനയ്‌ക്കായി ഇതിന്റെ സാമ്പിള്‍ തിരുവനന്തപുരം ലാബിലേക്ക് അയയ്‌ക്കും. പ്രതികള്‍ സഞ്ചരിച്ച് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസില്‍ സുപ്രധാന കണ്ണിയായ മലപ്പുറം തിരൂര്‍ സ്വദേശിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും ഇടപാടിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചേക്കും. പിടിയിലായ പ്രതികളില്‍ നിന്നാണ് തിരൂര്‍ സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചത്. കോടികള്‍ വിലമതിക്കുന്ന ആംബര്‍ ഗ്രിസ് ഇടപാടിന് പിന്നില്‍ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: