തൊടുപുഴ: വാളയാര്‍ സംഭവത്തിന്റെ തനിയാവര്‍ത്തനമാണ് വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ കൊലപാതകത്തിലും നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ തന്നെ ഏറ്റവും ക്രൂരമായ ദളിത് പീഡനമാണ് വണ്ടിപ്പെരിയാറില്‍ നടന്നത്്. ഡിവൈഎഫ്‌ഐ നേതാവ് പട്ടിക ജാതി പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കുകയായിരുന്നു. എന്നാല്‍ ഈ വിവരം പുറത്തറിയാതിരിക്കാനാണ് പിന്നീട് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നത്.
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ പോസ്റ്റുമോര്‍ട്ടം തടയാനായി ഇടപെട്ടത് പ്രതിയെ സംരക്ഷിക്കാനാണ്. ഇദ്ദേഹത്തെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യണം. പ്രതിയെ കസ്റ്റഡിയിലെടുത്ത സമയത്ത് ഇയാളെ പുറത്തിറക്കാനും എംഎല്‍എ ശ്രമിച്ചു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പകരം പ്രതിയെ രക്ഷിക്കാനാണ് എംഎല്‍എയും സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്. വാളയാറില്‍ ശക്തമായ നടപടി എടുത്തിരുന്നുവെങ്കിലും ഈ സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും സുധീര്‍ കുറ്റപ്പെടുത്തി.
പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും ഒരു മന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധിയോ വീട്ടിലെത്തിയിട്ടില്ല. ഇത് തന്നെ ഇവര്‍ ആര്‍ക്കൊപ്പമാണ് എന്നത് വ്യക്തമാക്കുന്നു. കൊലപാതകം, പീഡനം, സ്വര്‍ണ്ണക്കടത്ത് എന്നീ കേസുകളിലെല്ലാം ഡിവൈഎഫ്‌ഐയുടെ നേതാക്കളാണ് ഇപ്പോള്‍ പ്രതികളാകുന്നത്. സാമൂഹ്യ വിരുദ്ധ സംഘടയായി ഡിവൈഎഫ്‌ഐ മാറി. നാടിനെ നടക്കിയ ക്രൂരത പ്രതി കാട്ടിയിട്ടും ഈ കാമഭ്രാന്തനെ തള്ളിപ്പറയാന്‍ സിപിഎമ്മോ ഡിവൈഎഫ്‌ഐയോ ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരക്കാരെ വളരാന്‍ അനുവദിച്ച ഡിവൈഎഫ്‌ഐ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ശക്തമായിട്ടുള്ള നിയമങ്ങള്‍ ഉണ്ടായിട്ടും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറ്റ് സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കുന്ന സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മിണ്ടാട്ടമില്ല. വിഷയത്തെ ഭാരതീയ ജനതാ പാര്‍ട്ടി നിയമപരമായും പ്രക്ഷോഭ പരിപാടികളിലൂടേയും നേരിടും. വിഷയത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് ബിജെപി ഇന്നലെ പരാതി അയച്ചു. മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 12ന് എല്ലാ ജില്ലയിലും താലൂക്ക് തലത്തിലും പ്രതിഷേധം നടത്തും. പാര്‍ട്ടിയുടെ മഹിളാ ഭാരവാഹികള്‍ ഇന്ന് വണ്ടിപ്പെരിയാറിലെ വീടും സന്ദര്‍ശിക്കുമെന്നും സുധീര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സമിതിയംഗം ബിനു ജെ. കൈമള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: