ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച ശേഷം കെട്ടി തൂക്കി കൊന്ന കേസില്‍ എംഎല്‍എയുടെ ഇടപെടല്‍ വിവാദത്തില്‍.
വിഷയത്തില്‍ പോസ്റ്റുമോര്‍ട്ടം ഒഴുവാക്കാനായി പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് ഇടപ്പെട്ടത് ചട്ടവിരുദ്ധമായി. സിആര്‍പിസി- 174 പ്രകാരം കേസെടുത്ത സംഭവത്തില്‍ പുറത്ത് നിന്ന് ആര്‍ക്കും ഇടപെടാനോ പോസ്റ്റുമോര്‍ട്ടം നടപടി തടസപ്പെടുത്താനോ നിയമം അനുവദിക്കുന്നില്ല. കേരള മെഡിക്കോ ലീഗല്‍ കോഡ് പ്രകാരവും ഇത്തരം ഇടപെടല്‍ തെറ്റാണ്. അസ്വാഭാവിക മരണങ്ങളില്‍ നിര്‍ബന്ധമായും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിയമമാണ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്.
വിഷയത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാന്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷന് മുന്നില്‍ ചേര്‍ന്ന യോഗത്തിലാണ് പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഡിവൈഎസ്പിയേയും സിഐയേയും വിളിച്ചതായി എംഎല്‍എ പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായി. പാര്‍ട്ടി പ്രവര്‍ത്തകനായ പ്രതിയെ സംരക്ഷിക്കാന്‍ കേസിന്റെ തുടക്കം മുതല്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് വാഴൂര്‍ സോമന്റെ വെളിപ്പെടുത്തല്‍.
വണ്ടിപ്പെരിയാറില്‍ നടന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും ക്രൂരമായ ദളിത് പീഡനമാണ്. 3 വര്‍ഷമായി കുരുന്നിനെ പീഡിപ്പിച്ച ശേഷം ഇതിനിടയില്‍ തന്നെ കെട്ടി തൂക്കി കൊല്ലുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവായിരുന്ന പ്രതിയെ ആദ്യം പോലീസ് പിടികൂടിയപ്പോള്‍ ഇയാളെ ഇറക്കാനും എംഎല്‍എ ശ്രമിച്ചതായാണ് വിവരം. രാഷ്ട്രീയ മുഖപടം ചാര്‍ത്തി പ്രതി കാലങ്ങളായി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. ലയത്തിലെ എല്ലാവരോടും സൗഹൃദം നടിച്ചും പാര്‍ട്ടി പരിപാടികളിലും ജനകീയ പ്രവര്‍ത്തനങ്ങളിലും ഓടി നടന്നുമാണ് ഇയാള്‍ ഇത്തരത്തിലുള്ള നീച പ്രവര്‍ത്തിക്ക് കളമൊരുക്കിയത്. ആദ്യം നാട്ടുകാര്‍ പോലും ഇയാളാണ് കൊല നടത്തിയതെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാതെ പോലീസ് നാടകം കളിക്കുകയാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
പീഡനത്തിന് ഇരയായത് 2000ല്‍ അധികം പെണ്‍കുട്ടികള്‍
സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് 2000ല്‍ അധികം പട്ടികജാതി-വനവാസി പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്നാര്‍ ഗുണ്ടുമലയില്‍ കഴിഞ്ഞ വര്‍ഷം 9 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ പീഡനം നടന്നതായി കണ്ടെത്തിയെങ്കിലും നാളിതുവരെയും പ്രതിയെ പിടിക്കാന്‍ പറ്റിയിട്ടില്ല.
വാളയാര്‍ കേസിന് സമാനമായിട്ടാണ് വണ്ടിപ്പെരിയാറിലും കുറ്റവാളിയെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. വാളിയാറില് പോലീസിനേയും പ്രോസിക്യൂഷനേയും ഉപയോഗിച്ച് അവിടുത്തെ പ്രമുഖ സിപിഎം നേതാക്കളാണ് കേസ് അട്ടിമറിച്ചത്. കോടതി പോലും വിമര്‍ശിച്ച കേസില്‍ അന്നത്തെ ഡിവൈഎസ്പിയെ പ്രമോഷന് നല്കി എസ്പി ആക്കിയതും ഇതിനുദാഹരമാണ്. പ്രതികളെ എന്ത് വിലകൊടുത്തും രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. താന്‍ എത്രവലിയ പാപം ചെയ്താലും സര്‍ക്കാര്‍ തന്നെ രക്ഷിക്കുമെന്ന വിശ്വാസമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം. വാളയാറില്‍ ശക്തമായ നടപടി എടുത്തിരുന്നുവെങ്കിലും ഈ സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്ന് പൊതു പ്രവര്‍ത്തകര്‍ പറയുന്നു.
‘നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോഴാണ് പോസ്റ്റുമോര്‍ട്ടം ഒഴുവാക്കണമെന്ന് ആവശ്യപ്പെട്ടത്. കുടുംബത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നടപടി ഒഴുവാക്കി സംസ്കരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്നീട് ഗൗരവം മനസിലാക്കി നടപടി തുടരാന്‍ നിര്‍ദേശിച്ചു. പ്രതിക്ക് നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷ തന്നെ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹം’
വാഴൂര്‍ സോമന്
പീരുമേട് എംഎല്‍എ
പ്രതികരിക്കാൻ ഇവിടെ എഴുതുക: