ലക്നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന നിയമ കമ്മിഷന് നിര്‍ദിഷ്ട ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ ആദ്യ കരട് വെള്ളിയാഴ്ച പുറത്തിറക്കി. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്ന് വിലക്കാനും നയം പിന്തുടരുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിര്‍ദിഷ്ട നിയമത്തിന്റെ കരടുപ്രകാരം രണ്ടു കുട്ടികളെന്ന നയം പാലിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും വിലക്കുണ്ടാകുമെന്ന് യുപി സംസ്ഥാന നിയമ കമ്മിഷന് ചെയര്‍മാര്‍ ജസ്റ്റിസ് എ എന്‍ മിത്തല്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.
റേഷന്‍കാര്‍ഡ് യൂണിറ്റുകളുടെ എണ്ണം നാലായും പരിമിതപ്പെടുത്തുന്നു. സര്‍വീസിലുടനീളം രണ്ട് അധിക ശമ്പളവര്‍ധന, വീടോ സ്ഥലമോ വാങ്ങുമ്പോള്‍ സബ്സിഡി, വെള്ളം, വൈദ്യുതി പൊലുള്ളവയുടെ ചാര്‍ജുകളില്‍ കിഴിവ്, ദേശീയ പെന്ഷന് പദ്ധതിക്കു കീഴിലുള്ള എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ മൂന്ന് ശതമാനം വര്‍ധന തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികളെന്ന നയം പിന്തുടരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയുണ്ടാകും. ഒരു കുട്ടിമാത്രമുള്ളവര്‍ക്ക് അധികമായി നാല് ശമ്പളവര്‍ധന, 20 വയസുവരെ സൗജന്യ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയും കിട്ടും.
രണ്ടു കുട്ടികള്‍ മതിയെന്ന് തീരുമാനിക്കുന്ന സര്‍ക്കാര്‍ സര്‍വീസിന് പുറത്തുള്ളവര്‍ക്ക് ജല, വൈദ്യുതി ബില്ലുകള്‍, വീടിന്റെ നികുതി, ഭവനവായ്പ എന്നിവയില്‍ കിഴിവ് നല്‍കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു. യുപി നിയമ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മിത്തല്‍ പറഞ്ഞു. കരട് ബില്‍ മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ 19 വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം.
2021-30 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യ നയം പ്രഖ്യാപിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിന് രണ്ടുദിവസം മുന്‍പാണ് കരട് ബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ജനസംഖ്യ(നിയന്ത്രണ, സ്ഥിരത, ക്ഷേമ) ബില്‍ 2021 എന്ന പേരിലുള്ള കരടിന്റെ ഭാഗമാണ് വ്യവസ്ഥകള്‍. സംസ്ഥാന ജനസംഖ്യയുടെ നിയന്ത്രണത്തിനും സ്ഥിരതയ്ക്കും ക്ഷേമത്തിനും വേണ്ടി സംസ്ഥാന നിയമ കമ്മിഷന് പ്രവര്‍ത്തിക്കുകയാണെന്ന് യുപിഎസ്എല്‍സി വൈബ്സൈറ്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: