നെടുങ്കണ്ടം: വയോധികയെ പലചരക്ക് കടയ്ക്കുള്ളിലിട്ട് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേല്‍(34), പ്രകാശ്ഗ്രാം എട്ടുപടവില്‍ ബിജു(43), അമ്മന്‍ചേരില്‍ ആന്റണി(39) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കേസില്‍ ബിജു ഒന്നാം പ്രതിയും സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ കൂടിയായ അജീഷ് രണ്ടാം പ്രതിയുമാണ്. തൂക്കുപാലത്തിന് സമീപം പ്രകാശ് ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68)യ്ക്കെതിരേയാണ് ആക്രമണമുണ്ടായത്. വധശ്രമം, ആയുധം ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, ഇന്ധനം ദേഹത്തൊഴിച്ച് തീ കൊളുത്താന്‍ ശ്രമം, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി 11 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷനിലെത്തിയശേഷം അജീഷ് പോലീസുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് മറ്റൊരുകേസും ചുമത്തിയിട്ടുണ്ട്.
ശശിധരന്‍പിള്ള നടത്തുന്ന പലചരക്കുകടയുടെ മുന്പില് വാട്സാപ്പ് ചാറ്റിന്റെ പേരില്‍ ബിജുവും മറ്റൊരാളും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നു. കടയുടെ മുന്‍വശത്ത് തര്‍ക്കം പാടില്ലെന്ന് പറഞ്ഞതോടെ ഇവര്‍ ശശിധരന്‍പിള്ളയെ ഭീഷണിപ്പെടുത്തി. പിന്നാലെ ശശിധരന്‍പിള്ള നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പാക്കി.
എന്നാല്‍,ഈ വിരോധത്തില്‍ ബിജുവും സുഹൃത്തുക്കളായ അജീഷും ആന്റണിയും വ്യാഴാഴ്ച രാവിലെ കടയില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തലയിലൂടെ അജീഷ് പെട്രോളൊഴിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിച്ചെന്നുമാണ് തങ്കമണിയമ്മ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കമ്പിവടികൊണ്ടുള്ള ആക്രമണത്തില്‍ തങ്കമണിയുടെ ദേഹമാസകലം പരിക്കുമേറ്റിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് അജീഷ് മുതുകുന്നേലിനെ സിപിഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് താല്‍ക്കാലികമായി പുറത്താക്കി.
ബിജെപി സംഘം സ്ഥലം സന്ദര്‍ശിച്ചു
അക്രമത്തിനിരയായ കുടുംബത്തെയും പ്രതികള്‍ അടിച്ചുതകര്‍ത്ത വ്യാപാര സ്ഥാപനവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, ജില്ലാ സെക്രട്ടറി കെ. ആര് സുനില്‍ കുമാര്‍, ജില്ലാ കമ്മിറ്റി അംഗം ബിജു കോട്ടയില്‍, ബിജെപി മണ്ഡലം ജന. സെക്രട്ടറി ബിനു അമ്പാടി, മണ്ഡലം സെക്ര. അനീഷ് ചന്ദ്രന് തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി.
അക്രമത്തില്‍ പോലീസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തിട്ടും കുടുംബത്തിന് മേല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വം ഭീഷണി മുഴക്കിയിരുന്നു. കുടുംബത്തിന് ബിജെപി നേതൃത്വത്തിന്റെ മുഴുവന്‍ പിന്തുണയും ഉറപ്പ് നല്കി. ഭരണകക്ഷിയുടെ സമ്മര്‍ദ്ദതിന് വഴങ്ങി പാവപ്പെട്ട കുടുംബത്തിന് പോലീസില്‍ നിന്ന് നീതി നിഷേധിക്കപ്പെട്ടാല്‍ ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: